ജീവനക്കാരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കിട്ടുന്നത് എങ്ങനെ ഡാറ്റാ ചോര്‍ച്ചയാകുമെന്ന ചോദ്യവും പ്രസക്തം; സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണം; സര്‍ക്കാരിനെതിരെ പോലീസില്‍ പരാതിയുമായി എഎച്ച്എസ്ടിഎ; സൈബര്‍ പോലീസ് കേസെടുക്കില്ല; നിയമപോരാട്ടം കോടതിയിലേക്ക് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് സംഘടന; ഇത് സ്പ്രിംക്ലര്‍ മാതൃകാ ചോര്‍ത്തലോ?
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതിനെതിരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എസ്. മനോജ് സൈബര്‍ സെല്ലിന്റെ ചുമതലയുള്ള എഡിജിപിക്ക് ഔദ്യോഗികമായി പരാതി നല്‍കി.
ഡിഎ കുടിശിക അനുവദിച്ചതിന് പിന്നാലെ ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം എത്തിയതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളും മറ്റ് രഹസ്യവിവരങ്ങളും രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജീവനക്കാരുടെ വിവരങ്ങള്‍ മുഖ്യമന്ത്രി എടുക്കുന്നത് എങ്ങനെ ഡാറ്റാ ചോര്‍ച്ചയാകും എന്ന ചോദ്യവും പ്രസക്തമാകും. അതുകൊണ്ട് തന്നെ സൈബര്‍ പോലീസ് കേസെടുക്കില്ല.
സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭ്യമായി എന്നതില്‍ വ്യക്തത വേണമെന്നാണ് സംഘടനയുടെ ആവശ്യം. നിലവില്‍ ഈ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരായ നീക്കമായതിനാല്‍ പോലീസ് മെല്ലെപ്പോക്ക് നയം സ്വീകരിച്ചാല്‍ വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് എഎച്ച്എസ്ടിഎയുടെ തീരുമാനം. സ്പാര്‍ക്കിലെ ഡേറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാകും.
സിവില് സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരുടെ സ്വകാര്യതയിലേക്ക് ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നതെന്ന് എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിക്കുന്നു. ഐടി ഏജന്‍സികള്‍ക്ക് ഡേറ്റ കൈമാറി സര്‍ക്കാര്‍ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് വ്യക്തിഗത ഫോണ്‍നമ്പറും മറ്റുവിവരങ്ങള്‍ സ്പാര്‍ക്കിന് കൈമാറിയിട്ടുള്ളത്. സുരക്ഷിതമായി സൂക്ഷിച്ച വിവരങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മേലുദ്യോഗസ്ഥര്‍ക്കും വേതനനിര്‍ണയ വിതരണ മേലധികാരികള്‍ക്കും ധനവകുപ്പിലെ സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പി.എം.യുവിനും മാത്രമാണ് കൈകാര്യം ചെയ്യാനാവുക. മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങള്‍ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാഫര്‍ഖാനും ജനറല്‍ സെക്രട്ടറി എ.പി. സുനിലും ആവശ്യപ്പെട്ടു.
ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ''സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ? ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ് വാക്ക്-മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെയാണ്.
സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കുന്ന സന്ദേശം ചട്ടലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം അല്‍പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫര്‍ഖാനും ജനറല്‍ സെക്രട്ടറി എ.പി.സുനിലും പറഞ്ഞു.
സ്പ്രിംക്ലര്‍ മാതൃകയില്‍ ധനകാര്യവകുപ്പിന്റെ പോട്ടലായ സ്പാര്‍ക്കിലും അഴിമതി നടക്കുന്നു എന്നതിന്റെ തെളിവാണിത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനം കൂടിയാണ് ഈ നടപടി. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രി പദവിയുടെ നഗ്നമായ ദുരുപയോഗമാണ്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്വയറായ സ്പാര്‍ക്കില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എന്‍ജിഒ സംഘ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനുവേണ്ടി ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെന്നത് ഏറെ ഗൗരവതരമാണ്. ധനകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള സ്പാര്‍ക്കില്‍ നിന്നും ഡാറ്റകള്‍ രഹസ്യമായി ഐടി എജന്‍സിയ്ക്ക് കൈമാറി സര്‍ക്കാര്‍ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
