റിന്‍സന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ; ഭാര്യയുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല; മാനന്തവാടിക്കാര്‍ക്ക് റിന്‍സന്‍ എവിടെയെന്നും അറിയില്ല; നോര്‍ട്ട ഗ്ലോബലിനെ ചതിയില്‍ വീഴ്ത്തിയതും ചാര സുന്ദരിയോ?

നോര്‍ട്ട ഗ്ലോബല്‍ ബള്‍ഗേറിയയില്‍ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Update: 2024-09-20 15:10 GMT

ന്യൂഡല്‍ഹി: ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ റിന്‍സന് ആശ്വാസമെത്തുകായണ്. എന്നാല്‍ റിന്‍സന്‍ എവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കും ഒരു അറിവുമില്ല. മാനന്തവാടിയിലെ ബന്ധുക്കള്‍ക്കും റിന്‍സനെ ബന്ധപ്പെടാനായിട്ടില്ല.

ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണവും ബള്‍ഗേറിയില്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ല. നോര്‍ട്ട ഗ്ലോബല്‍ ബള്‍ഗേറിയയില്‍ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി. കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ബി.എ.സി. കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നത്. ഇതിനിടെയാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ നിലപാട് വ്യക്തമാക്കുന്നത്. അതിനിെട റിന്‍സന്‍ ജോസ് ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്നാണ് വിശ്വാസമെന്നും അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ നവംബറിലാണ് റിന്‍സന്‍ അവസാനം നാട്ടിലെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

റിന്‍സന്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായി നോര്‍വയിലേക്ക് പോയതാണ്. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. സ്വന്തമായി ബിസിനസ് ഉള്ളതായി അറിയില്ല. റിന്‍സന്‍ തെറ്റുചെയ്യില്ലെന്ന് നൂറുശതമാനം ഉറപ്പാണ്-ഇതാണ് മാനന്തവാടിയിലെ കുടുംബം പറയുന്നത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സന്‍ ജോസ് എന്നാണ് വിവരം. ആരോപണങ്ങള്‍ക്ക് പിന്നാലെ പേജര്‍ സ്ഫോടനത്തില്‍ നോര്‍ട്ട ഗ്ലോബലിന്റെ പങ്ക് സംബന്ധിച്ച് ബള്‍ഗേറിയ അന്വേഷണം പ്രഖ്യാപിച്ചത്.

ലെബനന്‍ സ്ഫോടനത്തിന് പിന്നാലെ റിന്‍സന്‍ ജോസിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏറെ ആശങ്കയായി മാറുന്നുണ്ട്. പേജറുകളില്‍ ഇസ്രയേല്‍, സ്ഫോടക വസ്തു വെച്ച് സ്ഫോടനം നടത്തിയ സംഭവത്തില്‍ ഇടനിലക്കാരി ഇസ്രയേല്‍ ചാര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിന്‍സന്‍ ജോസിന് അറിവില്ലായിരുന്നുവെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ റിന്‍സന്‍ അമേരിക്കയിലേക്ക് പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളാ പോലീസും റിന്‍സനെ കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

നോര്‍വെയില്‍ മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നുവെന്ന വിവരം മാത്രമേ ബന്ധുക്കള്‍ക്ക് അറിയൂ. നല്ല കമ്പനിയിലാണ് ജോലിയെന്നാണ് വീട്ടുകാരോടു പറഞ്ഞത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലും റിന്‍സന്‍ നാട്ടില്‍ എത്തിയിരുന്നു. റിന്‍സനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളുവെന്ന് അമ്മാവന്‍ തങ്കച്ചന്‍ പറഞ്ഞു.

എംബിഎ പൂര്‍ത്തിയാക്കിയശേഷമാണ് നോര്‍വയിലേക്ക് സ്റ്റൂഡന്റ് വീസയില്‍ പോയത്. അവിടെ പല ജോലികളും ചെയ്തു. നിലവിലെ ജോലി ഏറെ കഷ്ടപ്പെട്ടാണ് ലഭിച്ചതെന്ന് റിന്‍സന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കും ഇതേ കമ്പനിയിലാണ് ജോലി എന്നാണു പറഞ്ഞത്. മൂന്നു ദിവസം മുന്‍പ് വിളിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല. സ്വന്തമായി കമ്പനി ഉള്ള കാര്യവും അറിയില്ല. നോര്‍വെ പൗരത്വം നേടിയ റിന്‍സന് അവിടെ സ്വന്തമായി വീടുണ്ട്. കമ്പനി ആവശ്യത്തിനുവേണ്ടി അമേരിക്കയിലേക്കു പോയെന്നാണ് വിവരം. ഇപ്പോള്‍ വിളിച്ചിട്ടു കിട്ടുന്നില്ല. ഭാര്യയുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല-തങ്കച്ചന്‍ പറഞ്ഞു.

മാനന്തവാടി മേരി മാതാ കോളജിലും ബെംഗളൂരുവിലുമാണ് റിന്‍സന്‍ പഠിച്ചത്. കോട്ടയം സ്വദേശിയാണ് റിന്‍സന്റെ ഭാര്യ. ഇരട്ട സഹോദരനും മറ്റൊരു സഹോദരിയുമുണ്ട്. സഹോദരന് യുകെയിലാണ് ജോലി. സഹോദരി അയര്‍ലന്‍ഡിലും. പിതാവ് ജോസിന് തയ്യല്‍ ജോലിയാണ്. പത്തു വര്‍ഷം മുന്‍പാണ് റിന്‍സന്‍ നോര്‍വയിലേക്ക് പോയത്.

Tags:    

Similar News