ഇളകിത്തെറിച്ച ടയറിന്റെ ഭാഗങ്ങൾ; ഡിവൈഡറിലെ കത്തിക്കരിഞ്ഞ ചെടികൾ; അനാഥമായി കിടന്ന മൃതദേഹ അവശിഷ്ടങ്ങൾ; മനസ്സിൽ നിന്ന് വിട്ടുമായാതെ നിൽക്കുന്ന കുറെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; രാജ്യത്തെ നടുക്കിയ ആ സ്ഫോടനത്തിന് പിന്നാലെ ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു; ഇനി നീറുന്ന ഓർമ്മകൾ മാത്രം
ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് അടച്ചിട്ടിരുന്ന നേതാജി സുഭാഷ് മാർഗ് (ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ്) പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്ത ശേഷമാണ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. എന്നാൽ, സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെയും രാജ്യം പൂർണമായി മുക്തമായിട്ടില്ല. അന്വേഷണ ഏജൻസികൾ കൂടുതൽ പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ വ്യാപകമായ പരിശോധനകൾ നടത്തി വരികയാണ്. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി അന്വേഷണ ഏജൻസികളുടെ പിടിയിലായിട്ടുണ്ട്. റയീസ് അഹമ്മദ് എന്ന സർജനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായും, പിടിയിലായ മറ്റു ഡോക്ടർമാരുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരുന്നു.
ഇതിനിടെ, സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം ദില്ലി സ്പെഷ്യൽ സെൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച 'വൈറ്റ് കോളർ' ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. പഞ്ചാബിൽ സ്ഫോടനത്തിനായുള്ള ആസൂത്രണം നടന്നിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിനിടയാക്കിയ ഐഇഡി തയ്യാറാക്കാൻ ഉമർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ഊർജ്ജിതമാണ്. ഹരിയാന പോലീസ് എൻഐഎയ്ക്ക് കൈമാറിയ ഡോക്ടർമാരായ മുസമ്മിൽ, ആദിൽ ഷഹീൻ എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. അൽഫലാ സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി കഴിഞ്ഞദിവസം ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻഐഎയുടെ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. യുഎപിഎ ചുമത്തി ദില്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസ് നേരത്തെ എൻഐഎയ്ക്ക് കൈമാറിയിരുന്നു.
ക്രിമിനൽ ഗൂഢാലോചന ചുമത്തി ഡൽഹി സ്പെഷ്യൽ സെൽ ഇന്ന് ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഭീകരനീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് സർക്കാർ ശ്രമം.
