എന്താവശ്യത്തിനും ഒരു ഫോണ്‍ കോള്‍ മതി; അല്‍പം പോലും ജാട കാട്ടാതെ ഇടപെടുന്ന കോട്ടയംകാരന്‍; അടുക്കാന്‍ സമ്മതിക്കാത്ത രാഷ്ട്രീയക്കാരെ കണ്ടുപരിചയിച്ച അമേരിക്കക്കാര്‍ക്ക് റോബിന്‍ ഇലക്കാട്ട് ഒരുഅദ്ഭുതം; ജനങ്ങളോട് തോളുരുമ്മി നടക്കുന്ന കേരളരാഷ്ടീയ പാഠം പയറ്റിയപ്പോള്‍ മിസോറി സിറ്റിയിലെ ജനകീയ മേയര്‍ക്ക് ഹാട്രിക് ജയം

മിസോറി സിറ്റിയിലെ ജനകീയ മേയര്‍ക്ക് ഹാട്രിക് ജയം

Update: 2025-11-05 12:53 GMT

മിസോറി: അല്‍പം അകലം പാലിച്ചുനില്‍ക്കുന്ന രാഷ്ട്രീയക്കാരെയേ അമേരിക്കക്കാര്‍ കണ്ടിട്ടുള്ളു. ഒരുഫോണ്‍കോളില്‍ എന്താവശ്യവും സാധിച്ചുതരുന്ന മേയര്‍. അതുഅമേരിക്കക്കാര്‍ക്ക് അദ്ഭുതം തന്നെ. വെറുതെയാണോ കോട്ടയം ജില്ലയില്‍ കറുമുള്ളൂരുകാരനായ റോബിന്‍ ഇലക്കാട്ട് മിസോറി മേയറായി ഹാട്രിക് ജയം നേടിയത്. കേരളത്തില്‍ നിന്ന് പഠിച്ച രാഷ്ട്രീയ പാഠമാണ് റോബിന്‍ മിസോറിയില്‍ പയറ്റിയത്.

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി ടെക്‌സാസിലെ മിസോറി സിറ്റിയില്‍ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 4ന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടുകള്‍ നേടിയാണ് റോബിന്‍ ഇലക്കാട്ട് ഹാട്രിക് വിജയം സ്വന്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

കഴിഞ്ഞ രണ്ട് ടേമുകളിലായി മിസോറി സിറ്റിയുടെ മുഖച്ഛായ മാറ്റിയതില്‍ റോബിന്‍ ഇലക്കാട്ടിന്റെ ഭരണ മികവിന് വലിയ പങ്കുണ്ട്. കേരളത്തില്‍ നിന്ന് പഠിച്ച രാഷ്ട്രീയ പാഠങ്ങള്‍ അമേരിക്കന്‍ സാഹചര്യങ്ങളില്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ അദ്ദേഹം ജനകീയനായ ഒരു മേയറായി പേരെടുത്തു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സാധാരണയായി കാണാറില്ലെങ്കിലും, കേരളത്തിലെ പോലെ എംപിമാരും എംഎല്‍എമാരും ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന രീതിയാണ് റോബിന്‍ ഇലക്കാട്ട് തന്റെ പ്രചാരണങ്ങളിലും പിന്തുടര്‍ന്നത്. ഇത് അമേരിക്കന്‍ ജനതയ്ക്ക് കൗതുകമുണര്‍ത്തുന്ന കാര്യമായിരുന്നു.



മേയറെന്ന നിലയില്‍ കഴിഞ്ഞ രണ്ട് ടേമുകളില്‍ അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികള്‍ നിരവധിയാണ്. പൊതുജന സുരക്ഷ, നികുതി ഇളവുകള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിനായി നികുതിയിളവുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഇത് നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തോതില്‍ സഹായകമായി. ഇതിനുപുറമെ, വസതുനികുതി കുറയ്ക്കുകയും, മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക നികുതിയിളവുകള്‍ നല്‍കുകയും ചെയ്തത് സിറ്റിയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായിരുന്നു.

ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ, സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിന്‍ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റെയും കൗണ്‍സിലിന്റെയും സഹകരണത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍, നഗര ഇവന്റുകള്‍ സംഘടിപ്പിക്കുകയും, പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഒരു ഫോണ്‍ കോളിനപ്പുറം ജനകീയനായ മേയര്‍ ലഭ്യമാണെന്ന ബോധ്യം മിസോറിയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.

തന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടുള്ള ഫീഡ്ബാക്ക് നല്‍കാന്‍ അവസരം സൃഷ്ടിച്ചതും, ഓരോ പൗരന്റെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചതും റോബിന്‍ ഇലക്കാട്ടിനെ ജനങ്ങളുടെ ഇഷ്ട മേയറാക്കി മാറ്റിയ ഘടകങ്ങളാണ്.

2020 ഡിസംബറിലാണ് മിസ്സോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് ആദ്യം ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് അന്ന് എത്തിയത്. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ തിരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയം നേടിയ ശേഷമാണ് റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി മുന്നോട്ടുപോകുകയായിരുന്നു.

കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനുശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവരാണ് മക്കള്‍.



റോബിന്‍ കേരളത്തിന്റേയും പ്രത്യേകിച്ച് കോട്ടയം ജില്ലയുടേയും അഭിമാനമായി മാറിയിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി കുറിച്ചു.

ജോസ് കെ മാണിയുടെ കുറിപ്പ്:

മിസ്സോറി സിറ്റി മേയര്‍ പദത്തില്‍ ശ്രീ. റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും ആഹ്ലാദവുമുണ്ട്. റോബിന്‍ കേരളത്തിന്റേയും പ്രത്യേകിച്ച് കോട്ടയം ജില്ലയുടേയും അഭിമാനമായി മാറിയിരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ ഈ നിയോഗത്തിനു പിന്നില്‍ റോബിന്റെ ആത്മാര്‍ഥതയും സമര്‍പ്പണവും നിസ്വാര്‍ഥമായ ജനസേവനവുമാണുള്ളത്.

അമേരിക്കയിലെ മികച്ച നഗരമാക്കി മിസൂറിയെ മാറ്റാന്‍ കഴിഞ്ഞത് ഉള്‍പ്പടെ ചരിത്രം തിരുത്തിയ സേവനമായിരുന്നു റോബിന്‍ കാഴ്ചവച്ചത്.

കോട്ടയം കുറുമുള്ളൂര്‍ ഇലയ്ക്കാട്ട് കുടുംബാംഗമായ റോബിന്‍ പൊതുപ്രവര്‍ത്തന വഴിയില്‍ ഇനിയും നേട്ടങ്ങളാല്‍ തിളങ്ങട്ടെ.. നന്മയും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.

ജനഹൃദയങ്ങള്‍ കീഴടക്കിയുള്ള ജൈത്രയാത്രയ്ക്ക്

ഹൃദയം നിറഞ്ഞ ആശംസകള്‍.


Full View


Tags:    

Similar News