രോഗികളെ മാറ്റിക്കിടത്തും; അവരുടെ വസ്ത്രങ്ങള്‍ മാറ്റും; എല്ലാ അടിസ്ഥാന ജോലികളും നിര്‍വഹിക്കും; ജപ്പാനില്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് റോബോട്ടുകള്‍; മെഡിക്കല്‍ റോബോട്ടുകള്‍ നഴ്‌സുമാരുടെ പണി തെറിപ്പിക്കുമോ?

Update: 2025-03-02 03:15 GMT

ജപ്പാന്‍: മെഡിക്കല്‍ റോബോട്ടുകള്‍ നഴ്സുമാരുടെ പണി തെറിപ്പിക്കുമോ? ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യ നിര്‍മ്മിത ബുദ്ധികളുടെ കാലമാണിത്. ഇപ്പോഴിതാ, ജപ്പാനില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് പുറത്തു വരുന്നതും. ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന മെഡിക്കല്‍ റോബോട്ടുകള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍.

നിലവില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതായത്, രോഗികളേയോ പ്രായമായവരെയോ ഒക്കെ കിടക്കുന്നിടത്തുനിന്നും മാറ്റി കിടത്തുക, അവരുടെ വസ്ത്രങ്ങള്‍ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് മെഡിക്കല്‍ റോബോട്ടുകള്‍ ചെയ്യാന്‍ കഴിയുക. ടോക്യോയിലെ വസേഡാ യൂണിവേഴ്സിറ്റിയിലാണ് ഐറേക് എന്നു പേരിട്ടിരിക്കുന്ന 50,000 പൗണ്ട് വിലയും 150 കിലോയുമുള്ള റോബോട്ടിനെ പ്രദര്‍ശിപ്പിച്ചത്.

2030 ആകുമ്പോഴേക്കും ജപ്പാനിലെ പ്രായമായവരെ ശുശ്രൂഷിക്കുവാന്‍ ഈ റോബോട്ടുകളെ പര്യാപ്തമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വീട്ടുജോലിക്കാരായ റോബോട്ടുകളെയും നിര്‍മ്മിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീടുകള്‍ എങ്ങനെ വൃത്തിയായും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കാമെന്നതും ഭക്ഷണം പാകം ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഹൗസ് കീപ്പിംഗ് റോബോട്ടുകളെ കൊണ്ട് സാധ്യമാക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. പ്രാഥമിക മോഡലുകള്‍ ഒരു കുടുംബ കാര്‍ക്ക് സമാനമായ വിലയില്‍ (ഏകദേശം 16,000 മുതല്‍ 40,000 പൗണ്ട് വരെ) ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഞ്ചിനീയര്‍മാര്‍ മനുഷ്യര്‍ക്കായി രൂപകല്പന ചെയ്ത റോബോട്ടുകള്‍ക്ക് മികച്ചതായിരിക്കും എന്ന് വിശദീകരിക്കുന്നു. 'വാതിലുകള്‍ പൂട്ടിയുണ്ടോ എന്ന പരിശോധിക്കല്‍, ന്യൂസ് പേപ്പര്‍ കൊണ്ടുവരല്‍, വസ്ത്രങ്ങള്‍ അലക്കു മെഷീനില്‍ ഇടലും പുറത്തെടുക്കലും, അടുക്കളയില്‍ വസ്തുക്കള്‍ ക്രമീകരിക്കല്‍, കിടപ്പറയിലോ മറ്റു ഭാഗങ്ങളിലോ വസ്തുക്കള്‍ ശരിയായിടത്തേക്ക് വയ്ക്കല്‍, പാത്രങ്ങള്‍ ഡിഷ്വാഷറിലേക്ക് ഇടല്‍, എന്നിങ്ങനെയുള്ള ജോലികള്‍ നിര്‍വ്വഹിക്കാന്‍ ഇത് സഹായിക്കും' എന്ന് പ്രൊഫ. പുല്കിത് അഗര്‍വാള്‍ പറയുന്നു. 'ഇത് അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് വെറും ശാസ്ത്രീയ ഫിക്ഷനല്ല, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന നവീന സാങ്കേതികവിദ്യയാണ്. ആഗോള തലത്തില്‍ ആരോഗ്യം, സേവനം, ഗൃഹപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റം വരുത്താന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയുമെന്നതില്‍ സംശയമില്ല.

Tags:    

Similar News