ആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തി; ചാലക്കുടി സ്വദേശിയായ ഏറന്നൂര്‍ മനയിലെ അംഗം; അടുത്ത തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ മേല്‍ശാന്തിയാകുക ഇഡി പ്രസാദ്; കൊല്ലം മയ്യനാട്ടെ മനു നമ്പൂതിരി മാളികപ്പുറത്തെ മേല്‍ശാന്തി; അയ്യപ്പാനുഗ്രഹമെന്ന് നിയുക്ത മേല്‍ശാന്തിമാര്‍
സന്നിധാനം: ശബരിമലയിലെ അടുത്ത തീര്‍ത്ഥാടനകാലത്തെ മേല്‍ശാന്തിയായി ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂര്‍ മനയിലെ അംഗമാണ്. നിലവില്‍ ആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. എം.ജി. മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. അയ്യപ്പാനുഗ്രഹമെന്ന് രണ്ട് മേല്‍ശാന്തിമാരും പ്രതികരിച്ചു.
നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പ്രസാദ്. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് പ്രസാദ് മപറഞ്ഞു. മേല്‍ശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്. ഭഗവാന്‍ തന്റെ അപേക്ഷ സ്വീകരിച്ചുവെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. തുലാമാസ പൂജകള്‍ക്കായി ശബരിമല, മാളികപ്പുറം നടകള്‍ തുറന്നതിന് പിന്നാലെ മേല്‍ശാന്തിമാര്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നത്. കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. മൂന്നാമത്തെ തവണയാണ് മനു നമ്പൂതിരി അപേക്ഷിക്കുന്നത്. ശബരിമല മേല്‍ശാന്തി പദവിക്കായി 14 പേരാണ് അവസാനഘട്ട പട്ടികയിലുണ്ടായിരുന്നത്.
പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത്. മുന്‍ രാജപ്രതിനിധി പന്തളം നടുവിലെമാളിക കൊട്ടാരത്തില്‍ പ്രദീപ് കുമാര്‍ വര്‍മയുടെ മകള്‍ മാവേലിക്കര വലിയകൊട്ടാരം കൃഷ്ണവിലാസം കൊട്ടാരത്തില്‍ പൂജാ വര്‍മ, തിരുവല്ല പാലിയക്കര കൊട്ടാരത്തില്‍ ശൈലേന്ദ്ര വര്‍മ ദമ്പതികളുടെ മകനാണ് കശ്യപ് വര്‍മ. നെതര്‍ലന്‍ഡ്‌സ് അല്‍മേര്‍ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.
പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുത്തത്. മുന്‍ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തില്‍ രാഘവവര്‍മയുടെ മകള്‍ ശ്രുതി ആര്‍.വര്‍മ, ചാഴൂര്‍ കോവിലകത്തില്‍ സി.കെ.കേരള വര്‍മ ദമ്പതികളുടെ മകളാണ് മൈഥിലി. ബാംഗ്ലൂര്‍ സംഹിത അക്കാദമി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.ടി.തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചു വരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ദ്വാരപാലക ശില്പങ്ങളില്‍ നവീകരിച്ച സ്വര്‍ണപ്പാളികള്‍ ഉറപ്പിക്കാനുള്ളതിനാല്‍ ഇക്കുറി നാലുമണിക്കേ തുറന്നു.
ഇന്ന് മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21-ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22-ന് രാത്രി 10-ന് നട അടയ്ക്കും.