ശബരിമലയില്‍ പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്ക്; ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വര്‍ണം കൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു; ബെംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്ന് പോറ്റിയും ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും; ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയത് സംഘടിത നീക്കത്തിലൂടെ; ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രതികളെ ചതിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട്. വന്‍ കവര്‍ച്ചയ്ക്കാണ് പദ്ധതിയിട്ടതെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഒക്ടോബറില്‍ ബെംഗളുരുവില്‍ വച്ച് ഗൂഢാലോചന നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. സംഘടിത കുറ്റകൃത്യമെന്നാണ് അന്വേഷണ സംഘം കവര്‍ച്ചയെ വിശേഷിപ്പിക്കുന്നത്.
ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വര്‍ണം കൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും, കേസ് ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ പ്രധാന പ്രതികള്‍ ബെംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളിലെയും ഏഴ് ഭാഗങ്ങളുള്ള കട്ടിളപ്പാളികളിലെയും ശ്രീകോവിലിലെയും സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങളില്‍ നിന്നടക്കം സ്വര്‍ണം കവരാന്‍ ഗൂഢാലോചന നടന്നു. കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് ശങ്കര്‍ എന്ന വിദഗ്ധന്‍ വേര്‍തിരിച്ചെടുത്തത്. ഈ സ്വര്‍ണം പിന്നീട് ബെല്ലാരിയിലെ വ്യാപാരിയായ ഗോവര്‍ധന്റെ കൈവശമെത്തിച്ചതായും എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ശബരിമല സ്വര്‍ണക്കടത്ത് കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കോടതിയുടെ കര്‍ശന ഇടപെടലുണ്ടായി. ഈ സമയത്താണ് കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികള്‍ ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, പത്താം പ്രതി പങ്കജ് ഭണ്ഡാരി, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവര്‍ 2025 ഒക്ടോബര്‍ മാസത്തില്‍ ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നതായാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ചാണ് എസ്‌ഐടി ഈ നിഗമനത്തിലെത്തിയത്. കേസില്‍ ഉള്‍പ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്വാരപാലക ശില്പങ്ങളില്‍നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ 15 പ്രതികളാണുള്ളത്. കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ 12 പ്രതികളാണുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന എസ്‌ഐടി റിപ്പോര്‍ട്ട് നിയമനടപടികളില്‍ നിര്‍ണായകമായേക്കും.
