24 മണിക്കൂറും രണ്ട് ബ്രാവോമാരും ഒരു ഡെല്‍റ്റയുമുള്ള സുരക്ഷാ സംവിധാനം; ഉച്ചയ്ക്കുള്ള ഫോട്ടോ ഷൂട്ട് സമയത്ത് അവിടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല; പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ വമ്പന്‍ സുരക്ഷാ പ്രശ്‌നങ്ങളും; 25 പോലീസുകാര്‍ക്ക് ശുചീകരണ ശിക്ഷ നല്‍കുന്നത് ഹൈക്കോടതിയെ സമാധാനിപ്പിക്കാനോ? ശബരിമലയില്‍ എല്ലാം തോന്നുംപടിയോ?

Update: 2024-11-27 04:19 GMT

ശബരിമല : ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിര്‍ദ്ദേശം വെച്ചത്. അതിനിടെ വലിയ സുരക്ഷാ വീഴ്ചയാണ് സന്നിധാനത്തുണ്ടായതെന്നും വ്യക്തമായി. പോലീസിന്റെ ഫോട്ടോ ഷൂട്ടിന് അപ്പുറം ഫോട്ടോ എടുക്കുമ്പോള്‍ ആ പരിസരത്ത് ഉന്നത ഉദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ല. വിവാദം ആളിക്കത്തുമ്പോഴാണ് നടപടി ലഘൂകരിക്കുന്നത്. ഫോട്ടോഷൂട്ട് വിവാദത്തില്‍ ഉള്‍പ്പെട്ട 25 പോലീസുകാര്‍ ശിക്ഷാ നടപടിയുടെ ഭാഗമായി കെ.പി.എ നാല് നാല് ബറ്റാലിയനില്‍ നാലു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഹൈക്കോടതിക്ക് കൈമാറും.

സന്നിധാനത്ത് പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിന് കാരണമായത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നും വ്യക്തമാണ്. കൊടിമരച്ചുവട്ടില്‍ നിയോഗിച്ചിരിക്കുന്ന ഡിവൈ.എസ്.പിക്കാണ് പടി ഡ്യൂട്ടിയുടെ ചുമതല. കൂടാതെ മൂന്ന് ഇന്‍സ്പെക്ടര്‍മാരുമുണ്ട്. നട അടച്ചതിന് ശേഷം പോലീസുകാരുടെ ഫോട്ടോഷൂട്ട് നടന്നപ്പോള്‍ ഇവര്‍ എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. ഇവര്‍ക്ക് ടേണ്‍ ഡ്യൂട്ടിയായതിനാല്‍ എല്ലാ സമയത്തും ഈ ഉദ്യോഗസ്ഥര്‍ ഉണ്ടാകണം. എന്നാല്‍ ഇവിടെ പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.

പതിനെട്ടാംപടി ഡ്യൂട്ടിക്കും കൊടിമരച്ചുവട്ടിലും നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ പടികയറ്റത്തിന് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പരിശീലനവേളയിലും പോലീസ് ബാച്ച് ചുമതലയേറ്റ സമയത്തും പതിനെട്ടാംപടിയില്‍ ഡ്യൂട്ടി നോക്കുന്നവര്‍ ആചാരപ്രകാരം ജോലി നോക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഇവര്‍ക്ക് പതിനെട്ടാംപടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും പ്രത്യേക നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തല്‍. പോലീസ് ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്.

അതിസുരക്ഷാ മേഖലയാണ് ഇത്. ഇവിടെ കൊടിമരം ബ്രാവോയും പതിനെട്ടാം പടി ബ്രാവോയും ഉണ്ട്. ഈ രണ്ടു പേരും സിഐ റാങ്കിലുള്ളയാളാണ്. ഇവര്‍ക്ക് ഡ്യൂട്ടി മാറ്റം ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ഇതിന് മുകളില്‍ ഡെല്‍റ്റയും ഉണ്ട്. ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇവരാരും ഫോട്ടോ ഷൂട്ട് സമയം അവിടെ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടായിരുന്നുവെങ്കില്‍ അവരും ആചാര ലംഘനം തടഞ്ഞില്ല. ഈ ഫോട്ടോ ഷൂട്ട് ഒരുപാട് സമയമെടുത്ത് ചെയ്തതാണ്. ഈ ഫോട്ടോ എടുക്കുന്നതിന് വേണ്ടി പോലീസ് ഫോട്ടോഗ്രാഫര്‍ തയ്യാറെടുപ്പുകള്‍ അടക്കം നടത്തുകയും ചെയ്തു. ഈ സമയത്തൊന്നും അവിടെ ബ്രാവോമാരും ഡെല്‍റ്റമാരും ഉണ്ടായിരുന്നില്ല.

മണ്ഡലകാലത്തെ ആദ്യ പോലീസ് ബാച്ച് അവരുടെ അവസാന ഡ്യൂട്ടി കഴിഞ്ഞപ്പോഴാണ് പതിനെട്ടാംപടിയില്‍നിന്ന് ചിത്രമെടുത്തത്. 24-ന് ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം. ശ്രീകോവിലിനും കൊടിമരത്തിനും പതിനെട്ടാംപടിക്കും പുറംതിരിഞ്ഞുനിന്ന് ചിത്രമെടുത്തത് വിവാദമായി. ഇത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസംഘടനകള്‍ രംഗത്തുവന്നിരുന്നു. പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ആദ്യ പോലീസ് ബാച്ചില്‍ ഉള്‍പ്പെട്ട മുപ്പത്തിരണ്ടുപേരാണ് ചിത്രത്തില്‍ ഉള്ളത്. ഇവരോട് എ.ഡി.ജി.പി.യെ കാണാന്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. ഇതിനിടെയാണ് സുരക്ഷാ വീഴ്ച ചര്‍ച്ചയാത്. ഈ ഫോട്ടോ ഷൂട്ടില്‍ കേന്ദ്രസേനയെ അടക്കം കാണാനില്ല. തീര്‍ത്ഥാടന കാലത്ത് 24 മണിക്കൂറും കേന്ദ്ര സേനയടക്കം കാവല്‍ വേണമെന്നാണ് ചട്ടം.

ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയില്‍ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെയുള്ള നടപടിയില്‍ പോലീസ് അസോസിയേഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News