മോഷ്ടാവിന്റെ കുത്തേറ്റ സെയ്ഫിന് ആറ് മുറിവെന്ന് ഡോക്ടര്‍മാര്‍; അഞ്ചിടത്തു കുത്തേറ്റെന്ന് ആശുപത്രി രേഖയില്‍; ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത് മകനോ, സുഹൃത്തോ? 15 മിനിറ്റ് അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത് 1.45 മണിക്കൂര്‍ കഴിഞ്ഞ്; അടിമുടി ദുരൂഹത; ഓട്ടോ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ
സെയ്ഫ് അഭിനയിക്കുകയായിരുന്നോ? ചോദ്യമുന്നയിച്ച് നിതേഷ് റാണെ
മുംബൈ: ബാന്ദ്രയിലെ വസതിയില്‍വച്ച് മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച സമയത്തിലും ആശുപത്രിയില്‍ എത്തിച്ചത് ആരെന്ന വിവരങ്ങളിലുമടക്കം പൊരുത്തക്കേടുകള്‍. പുലര്‍ച്ചെ 4.11ന് സുഹൃത്താണു പരുക്കുകളോടെ സെയ്ഫിനെ എത്തിച്ചതെന്നാണു ലീലാവതി ആശുപത്രിയിലെ രേഖകള്‍ പറയുന്നത്. എന്നാല്‍ 10 15 മിനിറ്റ് യാത്ര ചെയ്താല്‍ എത്താവുന്ന ആശുപത്രിയിലേക്ക് സെയ്ഫിനെ എത്തിക്കാന്‍ കൂടുതല്‍ സമയം എടുത്തുവെന്നതിലടക്കം ദുരൂഹത നിലനില്‍ക്കുകയാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണു മെഡിക്കല്‍ റിപ്പോര്‍ട്ടിലെന്നാണ് വാദം.
സെയ്ഫിന് അഞ്ചിടത്തു കുത്തേറ്റെന്നാണു ആശുപത്രി രേഖയിലുള്ളത്. എന്നാല്‍ ആറ് മുറിവുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. സുഹൃത്തും മാനേജരുമായ അഫ്‌സര്‍ സൈദി ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണു റിപ്പോര്‍ട്ടില്‍. എട്ട് വയസ്സുള്ള മകന്‍ തൈമൂറാണു സെയ്ഫിനൊപ്പം ഉണ്ടായിരുന്നത് എന്നായിരുന്നു ആദ്യ ദിവസങ്ങളിലെ വിവരം. കാര്‍ ലഭ്യമാകാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ മൂത്ത മകന്‍ 23 വയസ്സുകാരനായ ഇബ്രാഹിമാണ് എത്തിച്ചതെന്നും പ്രചരിച്ചിരുന്നു.
രക്തത്തില്‍ കുളിച്ചാണു നില്‍പ്പെങ്കിലും ആത്മധൈര്യത്തോടെയാണു സെയ്ഫ് സംസാരിച്ചതെന്നും സ്‌ട്രെച്ചര്‍ ആവശ്യപ്പെട്ടെന്നുമാണു മാധ്യമങ്ങളോടു ഡോക്ടര്‍ അന്നു പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച സമയത്തിലും വ്യത്യാസമുണ്ട്. ആക്രമണമുണ്ടായതു പുലര്‍ച്ചെ 2.30ന് ആയിരുന്നു. ബാന്ദ്ര വെസ്റ്റിലെ വസതിയില്‍നിന്ന് 10 - 15 മിനിറ്റ് യാത്ര ചെയ്താല്‍ എത്താവുന്ന ആശുപത്രിയിലേക്ക് പുലര്‍ച്ചെ 4.11നാണ് നടനെ എത്തിച്ചത്. അപ്പോഴേക്കും ആക്രമണമുണ്ടായിട്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു.
അതേ സമയം ദേശീയ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അന്നു നടന്ന സംഭവത്തെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ ഭജന്‍ സിങ് റാണ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു: ''കഴിഞ്ഞ 15 വര്‍ഷമായി ഇതേ വഴിയില്‍ പതിവായി രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാന്‍. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്. അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിര്‍ത്താതെ പോകുകയായിരുന്നു. നിലവിളി കേട്ട്, വണ്ടി യു ടേണ്‍ എടുത്ത് അവരുടെ അരികിലേക്കെത്തി. എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. അവിടെ ഒരാള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവര്‍ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയില്‍ കയറ്റി. അപ്പോള്‍ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തില്‍ നിന്നും നടുവില്‍നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും കുറച്ചു മുതിര്‍ന്ന ഒരു പുരുഷനുമായിരുന്നു അപ്പോള്‍ ഒപ്പം വന്നത്. ഓട്ടോയില്‍ കയറുന്നതിനു മുന്‍പ് കുറച്ചുപേര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ കരീനയെ കണ്ടതായി ഓര്‍ക്കുന്നില്ല.'' എന്നായിരുന്നു ഭജന്‍ സിങ് റാണ പറഞ്ഞത്.
അന്ന് ഓട്ടോയില്‍ കയറിയത് സെയ്ഫാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആപത്തില്‍പെട്ട് ഒരാളെ സഹായിക്കണം എന്ന് ഉണ്ടായിരുന്നുള്ളൂ. ഓട്ടത്തിന്റെ കാശ് പോലും വാങ്ങാതെയാണ് അന്ന് മടങ്ങിയതെന്നും ഭജന്‍ സിങ് റാണ പറഞ്ഞത്.
പൊലീസിനു സെയ്ഫ് നല്‍കിയ മൊഴിയും പുറത്തുവന്നു. മക്കളുടെ മുറിയിലെത്തിയ അക്രമിയെ താന്‍ തടഞ്ഞു മുറുകെപ്പിടിച്ചെന്നും കൈ അയഞ്ഞപ്പോള്‍ അയാള്‍ പിന്‍വശത്തു തുടരെ കുത്തിയെന്നുമാണു മൊഴി. ജനുവരി 16നാണു സെയ്ഫിനു കുത്തേറ്റത്. ഇത്രയും ഗുരുതരമായി പരുക്കേറ്റിട്ടും അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നടന്‍ വീട്ടില്‍ തിരിച്ചെത്തിയതില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
സെയ്ഫ് അഭിനയിക്കുകയായിരുന്നോ എന്നായിരുന്നു മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ ചോദിച്ചത്. ബോളിവുഡിലെ ഖാന്‍മാരുടെ കാര്യങ്ങള്‍ വലിയ ചര്‍ച്ചയാക്കുന്നവര്‍ സുശാന്ത് സിങ് രാജ്പുത് ഉള്‍പ്പെടെയുള്ള ഹിന്ദു നടന്‍മാര്‍ക്ക് എന്തു സംഭവിച്ചാലും മൗനം പാലിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ആറ് മണിക്കൂറോളം ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാള്‍ക്ക് 5 ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമോയെന്നു ശിവസേനാ (ഷിന്‍ഡെ) നേതാവ് സഞ്ജയ് നിരുപമവും ചോദിച്ചിരുന്നു.