'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്, മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും പ്രതിഭയെ വേട്ടയാടുന്നു, ജാതീയമായി അധിക്ഷേപിക്കുന്നു'; പ്രതിഭ ഹരിയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍

'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്,

Update: 2025-01-03 12:29 GMT

കായംകുളം: യു പ്രതിഭ എംഎല്‍എയെ വീണ്ടും പിന്തുണച്ചു മന്ത്രി സജി ചെറിയാന്‍. മകന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് ഒരു അമ്മ എന്ന നിലയിലും എം.എല്‍.എ. എന്ന നിലയിലും കായംകുളം എം.എല്‍.എ യു.പ്രതിഭ പറഞ്ഞുകഴിഞ്ഞുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ നവമാധ്യമങ്ങള്‍ യു. പ്രതിഭയ്ക്കെതിരേ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിഭയെ ജാതീയമായും വേട്ടയാടുന്നുവെന്നും എം.എല്‍.എയ്ക്കെതിരായി നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആരായാലും കരഞ്ഞുപോകുമെന്നും മന്ത്രി പറഞ്ഞു.

'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്. മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ അങ്ങനെയാരു കുറ്റം ചെയ്തിട്ടില്ല, അമ്മയെന്ന രീതിയില്‍ ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് നവമാധ്യമത്തിലൂടെ അവര്‍ പറഞ്ഞു. ആ പ്രചാരണം അങ്ങേയറ്റം കളവാണെന്നും ഒരു അമ്മയെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലും തന്നെ വേട്ടയാടരുത് എന്ന് അവര്‍ പറഞ്ഞു. പിന്നെന്താ ചെയ്തത്? ജാതീയമായ ചുവ ചേര്‍ത്തല്ലേ അവരേ ആക്ഷേപിച്ചത്? ഞങ്ങളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയില്ല. പ്രതിഭ തന്നെ പറയട്ടെ എന്നായിരുന്നു നിലപാട്. പക്ഷേ ഒരു ദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, മൂന്നുദിവസം കഴിഞ്ഞു. നവമാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം അവര്‍ കാണിച്ചുതന്നു. സങ്കടപ്പെട്ടാണ് അവര്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടാല്‍ കരഞ്ഞുപോകും. ഒരു സ്ത്രീയെപ്പറ്റി ഇങ്ങനെ മോശം വാക്കുകള്‍ പറയാമോ?' - സജി ചെറിയാന്‍ പ്രതികരിച്ചു.

യു. പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ എക്സൈസിനെതിരേ മന്ത്രി സജി ചെറിയാന്‍ നേരത്തേയും പ്രതികരിച്ചിരുന്നു. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചത് വിവാദമായിരുന്നുയ

'പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്', - മന്ത്രി ചോദിച്ചു.

കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. പക്ഷെ ഇത് വലിയൊരു മഹാ അപരാധമാണോ. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി ഇരുന്നു. അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും. അവര്‍ സ്ത്രീയല്ലേ, ആ പരിഗണന നല്‍കണ്ടേ. പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ 140 എം.എല്‍.എ.മാരില്‍ ഏറ്റവും മികച്ച എം.എല്‍.എ.യാണ് അവര്‍. അതിനാലാണ് പാര്‍ട്ടി മത്സരിപ്പിച്ചത്.'- പ്രതിഭ വേദിയിലിരിക്കെയായിരുന്നു സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത്.

പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസില്‍ എം എല്‍ എയുടെ വാദങ്ങള്‍ തള്ളി എഫ് ഐ ആര്‍ പകര്‍പ്പ് പുറത്ത് വന്നിരുന്നു . കേസില്‍ ഒന്‍പതാം പ്രതിയാണ് യു പ്രതിഭയുടെ മകന്‍ കനിവ് . കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ് ഐ ആറില്‍ പറയുന്നു. കഞ്ചാവ് കേസിനെയാണ് എംടിയുടെ ബിഡി വലിയുമായി മന്ത്രി താരതമ്യം ചെയ്ത് ചെറുതാക്കാന്‍ ശ്രമിച്ചത്. എക്സൈസ് ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ യു പ്രതിഭ എം എല്‍ എയുടെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു. എക്സൈസ് സംഘം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കഞ്ചാവ് പിടി കൂടിയിട്ടില്ലെന്നുമാണ് എം എല്‍ എയും മകനും ആവര്‍ത്തിച്ചിരുന്നത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എം എല്‍ എയുടെ മകന്‍ കനിവ് . സംഘത്തില്‍ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന 500 മില്ലീ ലിറ്റര്‍ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്സൈസ് റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഇത്തരമൊരു കേസിനെയാണ് സജി ചെറിയാന്‍ വളച്ചൊടിക്കുന്നത്.

എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് പ്രകാരമാണ് കേസ്. 28ന് ഇന്നലെ ഉച്ചയ്ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം എല്‍ എയുടെ മകന്‍ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. അതായത് ജാമ്യമുള്ള കേസാണ് എടുത്തത്. ഇതിനേയും ജാമ്യമില്ലാ കേസായി അവതരിപ്പിക്കുകയാണ് സജി ചെറിയാന്‍. അതായത് പച്ചക്കളളമാണ് ആ വേദിയില്‍ മന്ത്രി പറഞ്ഞത്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യു. പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. പല ചാനലുകളിലൂടെ ഈ വാദം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് കള്ളവാര്‍ത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ മുന്നറിയിപ്പ്. ഇതിനിടെയാണ് എഫ് ഐ ആര്‍ പുറത്തു വന്നത്.

Tags:    

Similar News