സാല്‍വിന്‍ വിദേശത്ത് പോയില്ല; സാല്‍വിനെ തേടി വീട്ടിലെത്തിയത് ഇരുപതിലധികം വിദേശരാജ്യങ്ങളിലെ കമ്പനികള്‍; വീട്ടിലിരുന്ന് ബ്രാന്‍ഡിങ് ചെയ്ത് 31കാരന്‍: മാസം സമ്പാദിക്കുന്നത് മൂന്ന് മുതല്‍ 13 ലക്ഷം രൂപ വരെ

സാല്‍വിന്‍ വിദേശത്ത് പോയില്ല; സാല്‍വിനെ തേടി വീട്ടിലെത്തിയത് ഇരുപതിലധികം വിദേശരാജ്യങ്ങളിലെ കമ്പനികള്‍

Update: 2024-11-27 04:29 GMT

ഇടുക്കി: വിദേശ രാജ്യങ്ങളിലെ ജീവിതം സ്വപ്‌നം കണ്ടാണ് ഇന്നത്തെ തലമുറ വളരുന്നത്. സ്‌കൂള്‍ ലെവല്‍ പഠനം കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനുമായി വിദേശത്തേക്ക് കുടിയേറി പോവുകയാണ് കേരളത്തിലെ യുവത്വം. എന്നാല്‍ ഇടുക്കിക്കാരന്‍ സാല്‍വിന്‍ അങ്ങനെയല്ല. മനസ് നിറയെ വിദേശ രാജ്യങ്ങളിലെ ജോലിയും ശമ്പളവും ഒക്കെയാണെങ്കിലും കേരളം വിട്ട് മറ്റൊരിടത്തേക്ക് പോകാനും സാല്‍വിന്‍ തയ്യാറല്ല. എന്നാല്‍ സാല്‍വിനെ തേടി വിദേശ ജോലി കട്ടപ്പനയിലെ സാല്‍വിന്റെ വീട്ടിലേക്കെത്തും. അതും വിദേശത്ത് പോയി മലയാളികള്‍ സമ്പാദിക്കുന്നതിന്റെ പത്തിരട്ടി ശമ്പളത്തില്‍.

20-ല്‍ അധികം വിദേശരാജ്യങ്ങളിലെ കമ്പനികള്‍ളാണ് സാല്‍വിനെ തേടി കട്ടപ്പനയിലെ വീട്ടിലേക്ക് എത്തിയത്. വീട്ടിലിരുന്നു ബ്രാന്‍ഡിങ് ചെയ്ത് ലക്ഷങ്ങളാണ് 31-കാരനായ സാല്‍വിന്‍ മാത്യു ഓരോ മാസവും സമ്പാദിക്കുന്നത്. കട്ടപ്പന അമ്പലക്കവല ഒ.ജെ. നഗര്‍ കല്ലുങ്കല്‍കിഴക്കേതില്‍ സാല്‍വിന്‍ മാത്യുവിനെ തേടിയാണ് വിദേശ കമ്പനികള്‍ ക്യു നില്‍ക്കുന്നത്. ഒട്ടേറെ വിദേശ കമ്പനികളുടെ ബിസിനസ് ബ്രാന്‍ഡ് ഐഡന്റിറ്റി ഡെവലപ്പര്‍ ആയി വീട്ടിലിരുന്ന് ജോലിചെയ്യുകയാണ് ഈ യുവാവ്. മാസം മൂന്നുമുതല്‍ 13 ലക്ഷം രൂപവരെ ഇങ്ങനെ നേടുന്നുണ്ട്.

എട്ടുവര്‍ഷം മുന്‍പാണ് സാല്‍വിന്‍ ബ്രാന്‍ഡിങ് എന്ന തൊഴില്‍ രംഗത്തേക്ക് കടക്കുന്നത്. ഗ്രാഫിക് ഡിസൈനറായി സ്വകാര്യകമ്പനിയില്‍ ഉള്‍പ്പെടെ ജോലി നോക്കിയിരുന്ന കാലത്താണ് ഡിസൈനിങ് രംഗത്ത് സ്വതന്ത്രമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. ഇതോടെ ജോലി രാജിവെച്ച് സ്വന്തമായി പ്രവര്‍ത്തിച്ചു തുടങ്ങി. കട്ടപ്പന നഗരത്തിലും പരിസരത്തുമുള്ള പ്രാദേശിക കമ്പനികളുടെ പേരും ലോഗോയും ബോര്‍ഡും ആപ്തവാക്യങ്ങളുമൊക്കെ ചെയ്താണ് തുടക്കം. ഹെയര്‍ കട്ടിങ് സലൂണ്‍ ആണ് ആദ്യം ഡിസൈനിങ്ങും ബ്രാന്‍ഡിങ്ങും ഏല്‍പ്പിച്ചത്. 'തല' എന്ന് സലൂണിന് പേരിട്ട് 'തലയില്‍ കയറി മുടിവെട്ടാം' ആപ്തവാക്യവും ഒപ്പം ചേര്‍ത്തു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ പ്രാദേശിക കമ്പനികള്‍ തേടിയെത്തി.

അന്താരാഷ്ട്ര തലത്തിലുള്ള ലോഗോ, ബോര്‍ഡ്, കവറുകള്‍ തുടങ്ങിയവ ഡിസൈന്‍ചെയ്യുന്ന മത്സരങ്ങളില്‍ പങ്കെടുത്തത് വഴിത്തിരിവായി. മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ മാര്‍ക്കറ്റിങ് വിഭാഗങ്ങള്‍ തേടിയെത്തി. യു.എസ്, കാനഡ, യു.എ.ഇ., യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്കായി നിലവില്‍ ജോലിചെയ്യുന്നുണ്ട്.

യു.എസ്. ആസ്ഥാനമായ ബെവറജസ് കമ്പനിയായ സെവന്‍ ഡെവിള്‍സ് ബ്രീവിങ് കോ., യു.എസ്. പെറ്റ്ഫുഡ് കമ്പനിയായ ഫിഷ് ബാര്‍ക്ക്, യു.എ.ഇ. ആസ്ഥാനമായ പെര്‍ഫ്യും കമ്പനി ബെലോറ ഗ്ലാം തുടങ്ങിയവയൊക്കെ സാല്‍വിന് ബ്രാന്‍ഡ് ചെയ്യാന്‍ അവസരം ലഭിച്ച മികച്ച കമ്പനികളാണ്.

ജോലിഭാരം വര്‍ധിച്ചതോടെ വിദേശത്തുള്ള കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായിരുന്ന ഭാര്യ മരിയ എബ്രഹാം രാജിവെച്ച് സഹായിക്കാനായി ഒപ്പം കൂടി. മുന്‍പ് കൊച്ചറയില്‍ താമസിച്ചിരുന്ന സാല്‍വിന്‍ വിദേശകമ്പനികള്‍ തേടിയെത്തിയതോടെ കട്ടപ്പന നഗരത്തില്‍ സുന്ദരമായ പ്രദേശത്ത് സ്ഥലംവാങ്ങി തന്റെ സ്വപ്നഭവനം പൂര്‍ത്തിയാക്കി. വീടിനോട് ചേര്‍ന്നുതന്നെ നവീന സാങ്കേതികവിദ്യകള്‍ എല്ലാം കോര്‍ത്തിണക്കി ഓഫീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരേതരായ മാത്യു-മറിയാമ്മ ദമ്പതിമാരുടെ മകനാണ് സാല്‍വിന്‍.

Tags:    

Similar News