'മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടക്കുന്ന പ്രവൃത്തി'; ശബരിമല ഫോട്ടോഷൂട്ടില്‍ എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്; എസ്എപി ക്യാംപിലെ 23 പൊലീസുകാര്‍ക്ക് ഇനി 'നല്ലനടപ്പ് പരിശീലനം'
ശബരിമല ഫോട്ടോഷൂട്ടില്‍ എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ എഡിജിപി എസ് ശ്രീജിത്തിനെ അതൃപ്തി അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമാണെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിക്കുകയായിരുന്നു.
മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവൃത്തിയാണു പൊലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. ശബരിമലയില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാരെ മുഴുവന്‍ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോ എടുത്തത്.
ആചാര ലംഘനമുണ്ടായതായി ആരോപിച്ച് പന്തളം കൊട്ടാരവും കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. തുടര്‍ന്ന് ഫോട്ടോ എടുത്ത എസ്എപി ക്യാംപിലെ 23 പൊലീസുകാരെ കണ്ണൂര്‍ കെഎപി-4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി.
ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പോലീസിനെ വിവാദത്തിലാക്കിയ 'പതിനെട്ടാംപടി ഫോട്ടോ' പുറത്തു വന്നതില്‍ രഹസ്യാന്വേഷണം നടക്കുന്നുണ്ട്. പതിനെട്ടാംപടിയില്‍ പോലീസ് ക്യാമറാമാനാണ് സെറ്റിട്ട് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. പോലീസ് ഫോട്ടോഗ്രാഫറില്‍ നിന്നല്ല ഫോട്ടോ പുറത്തു പോയത്. പുറത്തു വന്ന ചിത്രത്തില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ പടമെടുക്കുന്നതുമുണ്ട്. അതിന് പിന്നില്‍ നിന്നും രണ്ടു പേര്‍ ഈ ചിത്രമെടുത്തു. ഒന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍. മറ്റൊരാള്‍ ദേവസ്വം ബോര്‍ഡിലെ വ്യക്തിയും. ഒരു പോലീസുകാരന്‍ മൊബൈലിലും ചിത്രമെടുത്തു. ഇതില്‍ പോലീസുകാരന്റെ മൊബൈല്‍ ചിത്രമല്ല പുറത്തു വന്നത്. പോലീസ് ഫോട്ടോഗ്രാഫറുടെ തൊട്ടടുത്ത് നിന്നാണ് മൊബൈല്‍ ചിത്രമെടുക്കല്‍.
കുറച്ചു ദൂരെ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നതെന്ന് വ്യക്തം. ഈ ചിത്രം ജന്മഭൂമിയില്‍ വന്നതോടെയാണ് വിവാദം തുടങ്ങിയത്. മാതൃഭൂമിയില്‍ വിവാദമൊന്നുമില്ലാതെ ഫോട്ടോ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ദേവസ്വവുമായി ബന്ധപ്പെട്ടയാള്‍ ഫോട്ടോ പുറത്തു നല്‍കിയോ എന്നതാണ് പോലീസിന്റേയും ദേവസ്വം ബോര്‍ഡിന്റേയും സംശയം.
തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തു വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്നാല്‍, ഇത്തരം നടപടികള്‍ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടെ മറ്റൊരു വിവാദവും ഉയരുന്നു. സോപാനത്ത് നിന്നുള്ള ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിരന്തരം ഫെയ്സ് ബുക്കിലിടാറുണ്ട്. ഈ വീഡിയോ എടുക്കുന്നതിലെ സാങ്കേതികത്വവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സംവിധാനമാണ് ഇങ്ങനെ ഉപയോഗിക്കുന്നതെന്നും അതില്‍ പ്രശ്നമില്ലെന്നുമുള്ള വാദം ശക്തമണ്.
ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കും. ഈ സമയം പതിനെട്ടാം പടിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറി വരും. തിരികെ ഇറങ്ങാതിരിക്കാനാണ് ഇത്. അങ്ങനെ മുകളിലേക്ക് വരുന്ന സമയം താഴെയുള്ള പതിനെട്ടാംപടിയുടെ വാതില്‍ അവിടെ ഡ്യൂട്ടിയുള്ളവര്‍ അടയ്ക്കും. അതിന് ശേഷം പതിനെട്ടാം പടിയില്‍ വെള്ളമൊഴിച്ച് കഴുകലും നടക്കും. ഈ സമയത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും രണ്ടു സിഐമാരും മുകളിലും താഴെയുമായി ഉണ്ടാകണം. ഈ സമയം ഭക്തര്‍ പതിനെട്ടാംപടിയിലേക്ക് കയറുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്.
പോലീസുകാരുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ വയര്‍ലസ് സെറ്റുമായി നില്‍ക്കുന്ന പോലീസുകാരനുമുണ്ട്. ആ പോലീസുകാരനും ആചാരത്തെ കുറിച്ച് അറിയില്ലായിരുന്നു. അങ്ങനെ മനസ്സിലായി വയര്‍ലസില്‍ മേലുദ്ദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കില്‍ ഫോട്ടോ ഷോട്ട് നടക്കില്ലായിരുന്നു. ഈ ഫോട്ടോ പുറത്തായത് പോലീസിനും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നാണക്കേടായി. അതുകൊണ്ട് കൂടിയാണ് ഫോട്ടോ എങ്ങനെ പുറത്തു പോയി എന്ന് അന്വേഷിക്കുന്നത്.
ശബരിമലയിലെ മുക്കും മൂലയും പകര്‍ത്തുന്ന സിസിടിവി ക്യാമറകളുണ്ട്. ഇതിലും ഫോട്ടോ ഷൂട്ട് പകര്‍ന്നിട്ടുണ്ട്. ഇത് കാണുന്നവര്‍ക്കൊന്നും ആചാര ലംഘനം മനസ്സിലായില്ല. ഫോട്ടോ എടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മനസ്സിലാക്കി തടയാന്‍ പോലുമുള്ള സംവിധാനം ശബരിമലയിലെ ക്യാമറ നിരീക്ഷണ റൂമില്‍ ഇല്ലേ എന്ന സംശയവും ഉയരുന്നുണ്ട്. പതിനെട്ടാംപടിയിലെ ചലനം പോലും സൂക്ഷമ നിരീക്ഷണത്തിന് സിസിടിവിയിലൂടെ വിധേയമാക്കുന്നില്ലെങ്കില്‍ എന്ത് സുരക്ഷയാണ് സന്നിധാനത്തുള്ളതെന്ന ചോദ്യവും പ്രസക്തമാണ്.
പതിനെട്ടാം പടിയില്‍ നിന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും മടങ്ങുന്നുവെന്നതും ഞെട്ടലാണ്. അവര്‍ അവിടെ ഡ്യൂട്ടി സമയം മുഴുവന്‍ നിലയുറപ്പിക്കേണ്ടവരാണ്. ഏത് അടിയന്തര സാഹചര്യവും എപ്പോഴും ഉണ്ടാകാമെന്ന മുന്‍വിധിയിലാണ് ഇങ്ങനെ മുതിര്‍ന്ന റാങ്കിലെ ഉദ്യോഗസ്ഥരെ പതിനെട്ടാംപടിയിലും കൊടിമര ചുവട്ടിലും നിയോഗിക്കുന്നത്.