തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ലക്ഷങ്ങള്‍ വിലയുള്ള കേബിളുകള്‍ ആക്രിക്കടയില്‍ വിറ്റ കേസിലെ അട്ടിമറികള്‍ കണ്ടെത്തിയപ്പോള്‍ പ്രതിക്കൂട്ടിലായത് നേതാവായ എസ് ഐ; കഞ്ചാവ് കേസിലെ യുവാവിനെ കുടുക്കിയതിലും സത്യം കണ്ടെത്തി; കാക്കിയിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടിയ എസ്.ഐ; സ്വയം വിരമിച്ച് കരുനാഗപ്പള്ളിയിലെ ഹര്‍ഷാദ്; പോലീസിലും സത്യസന്ധര്‍ക്ക് കാലമില്ല !
കൊല്ലം: പോലീസിലെ അഴിമതിക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മേലുദ്യോഗസ്ഥരില്‍ നിന്നും അസോസിയേഷന്‍ നേതാക്കളില്‍ നിന്നും ഉണ്ടായ കടുത്ത മാനസിക പീഡനത്തിനൊടുവില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു.
ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹര്‍ഷാദ് (49) ആണ് ആറര വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ കണ്ണീരോടെ പടിയിറങ്ങിയത്. സത്യസന്ധമായി ജോലി ചെയ്തതിന് പ്രതികാര നടപടികള്‍ നേരിടേണ്ടി വന്ന ഒരു ഉദ്യോഗസ്ഥന്റെ നിസ്സഹായാവസ്ഥയാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്.
തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ലക്ഷങ്ങള്‍ വിലയുള്ള കേബിളുകള്‍ ആക്രിക്കടയില്‍ വിറ്റ കേസിലെ അട്ടിമറികളാണ് ഹര്‍ഷാദ് പുറത്തെത്തിച്ചത്. ഈ കേസില്‍ പ്രതികളെ സഹായിക്കാന്‍ പോലീസ് അസോസിയേഷന്‍ നേതാവായ എസ്.ഐയും മറ്റും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ട്. ഇത് മറച്ചുവെക്കാന്‍ വേണ്ടി, സ്റ്റേഷനിലേക്ക് 15,000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ വാങ്ങി നല്‍കി പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിയെന്ന ഞെട്ടിക്കുന്ന വിവരവും ഹര്‍ഷാദ് പുറത്തുവിട്ടു.
കടയുടമയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ച് പണം തട്ടിയതും, നിരപരാധിയായ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെയുള്ള ഗുരുതരമായ വിവരങ്ങള്‍ ശബ്ദരേഖകള്‍ സഹിതം ഹര്‍ഷാദ് റൂറല്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ രഹസ്യ റിപ്പോര്‍ട്ട് എസ്.പി ഓഫീസില്‍ നിന്നും ചോര്‍ന്നതോടെ ഹര്‍ഷാദ് അസോസിയേഷന്‍ നേതാക്കളുടെ കണ്ണിലെ കരടായി മാറി. മന്ത്രിക്കുപോലും അസോസിയേഷന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതോടെ ഹര്‍ഷാദിനെ ദൂരെയുള്ള സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും തഴയുകയും ചെയ്തു.
മികച്ച സേവനത്തിന് ഗുഡ് സര്‍വീസ് എന്‍ട്രികള്‍ അടക്കം നേടിയ ഒരു ഉദ്യോഗസ്ഥനാണ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തോറ്റ് പടിയിറങ്ങേണ്ടി വന്നത്. സത്യത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നേരിട്ട പ്രതികാര നടപടികളില്‍ മനംനൊന്താണ് ഹര്‍ഷാദ് വിരമിക്കുന്നത്. തന്നെ വേട്ടയാടിയവര്‍ക്കെതിരെ നടപടി വേണമെന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
