'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്'; മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതി അധിക്ഷേപം; നിറത്തിന്റെ പേരില്‍ പരിഹാസം; മകനെ കൊന്നതാണ്'; ഗുരുതര ആരോപണവുമായി കുടുംബം; ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Update: 2026-04-11 13:07 GMT

കണ്ണൂര്‍: കോളേജ് കെട്ടിടത്തില്‍ നിന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥി ചാടി മരിച്ച സംഭവത്തില്‍ രണ്ട് അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം ചാലക്കാട് സ്വദേശിയുമായ ആര്‍.എല്‍.നിഥിന്‍ രാജാണ് (23) മരിച്ചത്. ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. എന്നാല്‍ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിനോദ് മോനി വ്യക്തമാക്കി.

കോളേജിന്റെ ഭാഗത്ത് നിന്ന് എന്‍ക്വയറി കമ്മിറ്റി രൂപീകരിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. ആരോപണ വിധേയരായവരെ സസ്‌പെന്‍ഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്‌സിന്റെ ഭാഗത്ത് നിന്നും റാംഗിങ്ങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഇന്നലെ ഉച്ചക്കാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് 23കാരനായ നിതിന്‍ ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ നിതിന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും നിതിനെ ആക്ഷേപിച്ചെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിതിന്‍ ഇവിടെ അഡ്മിഷന്‍ നേടി പഠനമാരംഭിക്കുന്നത്.

നിതിന്‍ നിറത്തിന്റെയും ജാതിയുടെയും സാമ്പത്തിക സ്ഥിതിയുടെയും പേരില്‍ അദ്ധ്യാപകരില്‍ നിന്ന് നിരന്തരം അധിക്ഷേപം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. നിതിനെ മാനസികമായി തളര്‍ത്തി. എച്ച്ഒഡിക്കെതിരെ പരാതി നല്‍കിയതില്‍ വൈരാഗ്യമുണ്ടായിരുന്നു. തന്നോടും ഡോ. എം കെ റാം മോശമായി പെരുമാറിയിട്ടുള്ളതായി നിതിന്റെ പിതാവ് ആരോപിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ റിസപ്ഷന്‍ വിഭാഗത്തിന്റെയും കോളജ് ലൈബ്രറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെയും മദ്ധ്യഭാഗത്തായി ചെങ്കല്‍ പാകിയ സ്ഥലത്ത് നിഥിന്‍ രാജ് വീണ് കിടക്കുന്നത് ആശുപത്രിയിലെത്തിയ ഒരു കുട്ടിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ വിഭാഗം ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിധിന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപമാണെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും നിധിന്റെ പിതാവ് പറഞ്ഞു. നിറത്തിന്റെ പേരില്‍ അവനെ പരിഹസിച്ചെന്നും മകനെ കൊന്നതാണെന്നും പിതാവ് പറഞ്ഞു. പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന നിധിനെ വകുപ്പ് മേധാവിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരില്‍ 'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പിതാവ് രാജന്‍ പറഞ്ഞു. സംഭവം നടന്ന ദിവസം കോളജില്‍ നിന്ന് വിളിച്ചപ്പോള്‍ നിധിന് അപകടം പറ്റിയെന്നും ഐസിയുവിലാണെന്നുമാണ് അറിയിച്ചതെന്ന് അമ്മ പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ലെന്നും ബോധപൂര്‍വ്വം കോള്‍ കട്ട് ചെയ്തതായും അവര്‍ പരാതിപ്പെട്ടു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രൂരമായ റാഗിങ്ങിന് നിധിന്‍ ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. 2025 ബാച്ച് വിദ്യാര്‍ത്ഥിയായ നിഥിന്‍ രാജ് കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കോളേജില്‍ പ്രവേശനം നേടിയത്. തിരുവനന്തപുരം ചാലക്കാട് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ്. രണ്ട് സഹോദരിമാരുണ്ട്.

Tags:    

Similar News