പത്തനംതിട്ടയില്‍ ക്ലീന്‍ സ്വീപ്പ്: വീണാ ജോര്‍ജും ജനീഷ് കുമാറും സേഫ്; എറണാകുളത്ത് കുതിപ്പ്; തൃപ്പൂണിത്തുറ തിരിച്ചുപിടിക്കും; ആലപ്പുഴ ജില്ലയില്‍ കുട്ടനാടും ഹരിപ്പാടും നഷ്ടമായേക്കും; അരൂരില്‍ ഇഞ്ചോടിഞ്ചു പോരാട്ടം; അമ്പലപ്പുഴയില്‍ 'സുധാകര ഘടകം' വലിയ പാര; സി.പി.എം ജില്ലാ സെക്രട്ടേറിയറ്റുകളുടെ ബൂത്ത് തല അവലോകന റിപ്പോര്‍ട്ടുകള്‍

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റുകളുടെ ബൂത്ത് തല അവലോകന റിപ്പോര്‍ട്ടുകള്‍

Update: 2026-04-11 11:54 GMT

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റുകള്‍ പുറത്തുവിടുന്ന ബൂത്ത് തല അവലോകന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നു. പത്തനംതിട്ടയിലും എറണാകുളത്തും മികച്ച നേട്ടം പ്രതീക്ഷിക്കുമ്പോഴും, സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ആലപ്പുഴ ജില്ലയില്‍ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. അമ്പലപ്പുഴയും കുട്ടനാടും അടക്കമുള്ള മണ്ഡലങ്ങളില്‍ മല്‍സരം പ്രവചനാതീതമാണെന്നാണ് ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍.

അമ്പലപ്പുഴയില്‍ 'സുധാകര ഘടകം'; ആശങ്കയില്‍ ആലപ്പുഴ

സി.പി.എമ്മിന്റെ അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത് ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവും അതുണ്ടാക്കിയ പ്രതികൂല തരംഗങ്ങളുമാണ്. സാധാരണഗതിയില്‍ എല്‍.ഡി.എഫിന് ലഭിക്കാറുള്ള നിഷ്പക്ഷ വോട്ടുകളിലും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളിലും വലിയ ചോര്‍ച്ചയുണ്ടായതായി ബൂത്ത് തല കണക്കുകള്‍ വ്യക്തമാക്കുന്നു. ജി. സുധാകരന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായതോടെ ഭരണവിരുദ്ധ വികാരം വോട്ടായി മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി വോട്ടുകള്‍ സുധാകരന് അനുകൂലമായി പോയത് എല്‍.ഡി.എഫ് വോട്ടുകളുടെ എണ്ണം കുറയാന്‍ കാരണമായി. കളര്‍കോട്, കൈതവന, പഴവീട് തുടങ്ങിയ നിര്‍ണ്ണായക മേഖലകളില്‍ നിഷ്പക്ഷമതികളുടെ വോട്ടുകള്‍ പൂര്‍ണ്ണമായി സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും അനുകൂല ഘടകങ്ങള്‍ തുണച്ചാല്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് ജയിച്ചേക്കാമെന്ന പ്രതീക്ഷയും ഒരു വിഭാഗത്തിനുണ്ട്.

കുട്ടനാടും ഹരിപ്പാടും നഷ്ടപ്പെട്ടേക്കാം; അരൂരില്‍ ഇഞ്ചോടിഞ്ചു പോരാട്ടം

ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ഹരിപ്പാട് സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാരുടെ യോഗം വിലയിരുത്തിയത്. കുട്ടനാട്ടില്‍ 7600 വോട്ടുകള്‍ക്ക് പിന്നിലാണെന്നാണ് ബൂത്ത് തല കണക്കുകള്‍. അതേസമയം അരൂരില്‍ അറുനൂറോളം വോട്ടുകള്‍ക്ക് മുന്നിലോ പിന്നിലോ എന്ന നിലയില്‍ അതിശക്തമായ മല്‍സരമാണ് നടക്കുന്നത്. കായംകുളം, ആലപ്പുഴ മണ്ഡലങ്ങളിലും പോരാട്ടം കടുത്തതാണ്. എന്നാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല മണ്ഡലങ്ങളില്‍ വിജയം സുരക്ഷിതമാണെന്ന് പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു. ഹരിപ്പാട് ഇത്തവണയും യു.ഡി.എഫിന്റെ കരുത്ത് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എറണാകുളത്ത് കുതിപ്പ്; തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്ന് സി.പി.എം

എറണാകുളം ജില്ലയില്‍ ഇത്തവണ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ അവലോകനം. നിലവിലുള്ള സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം യു.ഡി.എഫിന്റെ കയ്യിലിരുന്ന തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ആറ് സീറ്റുകള്‍ വരെ ജില്ലയില്‍ എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കുന്നത്തുനാട്ടില്‍ ട്വന്റി-ട്വന്റിയും യു.ഡി.എഫും തമ്മില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജിന്‍ ആരോപിച്ചു. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള നീക്കങ്ങള്‍ കുന്നത്തുനാട്ടില്‍ നടന്നുവെങ്കിലും മെയ് നാലിന് ശേഷം താന്‍ തന്നെ എം.എല്‍.എയായി തുടരുമെന്ന് ശ്രീനിജിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പത്തനംതിട്ടയില്‍ ക്ലീന്‍ സ്വീപ്പ്; വീണാ ജോര്‍ജും ജനീഷ് കുമാറും സേഫ്

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് ബൂത്ത് തല കണക്കുകള്‍ നിരത്തി സി.പി.എം അവകാശപ്പെടുന്നു. ആറന്മുളയില്‍ വീണാ ജോര്‍ജ് 7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് നിഗമനം. ത്രികോണ മല്‍സരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ വലിയ തോതില്‍ പിടിക്കുമെന്നും ഇത് വീണയുടെ വിജയം എളുപ്പമാക്കുമെന്നും പാര്‍ട്ടി കരുതുന്നു. കോന്നിയില്‍ പി.യു. ജനീഷ് കുമാര്‍ 8000 വോട്ടിനും, അടൂരില്‍ പ്രജി കണ്ണന്‍ 4000 വോട്ടിനും വിജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി. തോമസും വിജയപ്രതീക്ഷയില്‍ മുന്നിലാണ്.

ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസത്തിലും അതേസമയം ചില മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികളുടെ ആശങ്കയിലുമാണ് സി.പി.എം വോട്ടെണ്ണല്‍ ദിനത്തിലേക്ക് കാത്തിരിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഈ കണക്കുകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.

Tags:    

Similar News