അമ്പലപ്പുഴയില്‍ ജയിച്ചുകയറും; എസ്ഡിപിഐ വോട്ട് കൂട്ടിയാല്‍ ജി സുധാകരന്‍ വീഴും; സണ്ണി ജോസഫിനെയും കെ കെ രമയെയും തോല്‍പ്പിക്കാന്‍ കഴിയും; തിരുവമ്പാടി, ആറന്‍മുള എന്നീ കടുത്തപോരാട്ടം നടക്കുന്ന മണ്ഡലങ്ങളും ഉറപ്പ്; ബൂത്തുതല കണക്കുകളുടെ ആശ്വാസത്തില്‍ സിപിഎം

ബൂത്തുതല കണക്കുകളുടെ ആശ്വാസത്തില്‍ സിപിഎം

Update: 2026-04-11 16:05 GMT

തിരുവനന്തപുരം: മുമ്പൊക്കെ ഏത് സര്‍വേയേക്കാളും, ഇടത് അനുഭാവികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തിരഞ്ഞെടുപ്പിനുശേഷം വരുന്ന സിപിഎമ്മിന്റെ ബൂത്തുതല കണക്കുകളിലാണ്. ഉറപ്പായുള്ള വോട്ടുകള്‍, എതിരാളിയുടെ വോട്ടുകള്‍, സംശയമുള്ള വോട്ടുകള്‍ എന്നിങ്ങനെ മൂന്ന് തട്ടിലായി തിരിച്ചുകൊണ്ട് സിപിഎം നടത്തുന്ന അവലോകനം, പലപ്പോഴും ശരിയാവാറുണ്ട്. കഴിഞ്ഞ തവണ പാര്‍ട്ടി ബൂത്ത് തല കണക്കില്‍ നൂറുസീറ്റിനടുത്ത് പ്രവചിച്ചിരുന്നുവെന്നും, എന്നാല്‍ അത്രയും വേണ്ട എന്ന കരുതി താന്‍ അത് 80 സീറ്റാക്കി മാധ്യമങ്ങളോട് പറയുകയായിരുന്നെന്നുമാണ്, അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്.

ഇത്തവണയും, പോളിങ്് ശതമാനം ഉയര്‍ന്നതിന്റെ പേരില്‍ യുഡിഎഫ് തരംഗമുണ്ടാവുമെന്നും, നൂറു സീറ്റ് കിട്ടുമെന്നുമൊക്ക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കവേയാണ് സിപിഎമ്മിന്റെ ബൂത്ത് തല കണക്കുകള്‍ വന്നത്. ഇതോടെ 75 സീറ്റിലധികം നേടി ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎം പറയുന്നത്.

അമ്പലപ്പുഴയില്‍ സലാം ജയിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധ നേടിയ മണ്ഡലമായ അമ്പലപ്പുഴയില്‍, മൂന്‍ മന്ത്രി ജി സുധാകരനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് രണ്ടു കണക്കുകളാണ്. സിപിഎം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ എച്ച് സലാം 3800ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കുകയോ, 1800 വോട്ടുകള്‍ക്ക് പിന്നില്‍ പോവുകയോ ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ഇവിടെ ബിജെപി വോട്ടുകള്‍ കണക്കാക്കാന്‍ കഴിയാത്തതിനാലാണ് രണ്ട് കണക്കുകള്‍ കൈമാറിയിരിക്കുന്നത്. ബിജെപി വോട്ടില്‍ ഒരുഭാഗം ജി സുധാകരന് പോയി എന്നാണ് വിലയിരുത്തല്‍. പക്ഷേ യഥാര്‍ത്ഥകാരണം അതല്ല. മുസ്ലീം ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിന്റെ വോട്ടും എച്ച് സലാമിനാണ് വീണത്. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി, ആറുവാര്‍ഡുകളില്‍ എസ്ഡിപിഐ ജയിച്ചിട്ടുണ്ട്. മൊത്തം 6000ത്തിനും പതിനായിരത്തിനും ഇടയിലുള്ള ഈ വോട്ടുകൂടി ചേര്‍ക്കുമ്പോള്‍ സുധാകരന്റെ തോല്‍വി ഉറപ്പാണെന്നാണ് സിപിഎം രഹസ്യമായി പറയുന്നത്. പക്ഷേ പരസ്യമായി പറയുമ്പോള്‍ അവര്‍ എസ്ഡിപിഐ വോട്ടുകള്‍ കുട്ടുന്നില്ല.

അതുകൊണ്ടുതന്നെ അമ്പലപ്പുഴയില്‍ സുധാകരന്‍ ജയിക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സ്ഥാനാര്‍ത്ഥി എച്ച് സലാം ഇത് നിഷേധിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. '5000 ല്‍ കൂടുതല്‍ ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയാല്‍ എല്‍ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. ബിജെപി 20000 ന് മുകളില്‍ വോട്ട് നേടിയാല്‍ എല്‍ ഡി എഫ് ഭൂരിപക്ഷം 10000 കടക്കും. മാധ്യമങ്ങള്‍ക്ക് ഒരു കണ്‍ഫ്യൂഷനും വേണ്ട. അമ്പലപ്പുഴ ഇടതോരം ചേരും''- ഇങ്ങനെയാണ് എച്ച് സലാം പറയുന്നത്.

2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ജി സുധാകരന്‍ ജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. പിന്നീട് 2021ല്‍ 11125 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു എച്ച് സലാം എംഎല്‍എ ആയത്. ഇത്തവണ വിജയിച്ചാലും ആ ഭൂരിപക്ഷത്തിന്റെ അടുത്ത എത്തില്ലെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.

ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ജില്ലാ കമ്മിറ്റിയ്ക്ക് മണ്ഡലം കമ്മിറ്റികള്‍ കൈമാറിയിട്ടുണ്ട്. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിലും ജയിക്കുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. കുട്ടനാടും ഹരിപ്പാടും തോല്‍ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അരൂര്‍, അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്ലവോട്ടിന് ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. 2021ലെ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫായിരുന്നു ജയിച്ചത്.

പേരാവൂരിലും വടകരയിലും അട്ടിമറി

അതുപോലെ കടുത്ത പേരാട്ടത്തിലുടെ യുഡിഎഫിന്റെ രണ്ട് സിറ്റിങ്് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ ബുത്ത് തല കണക്കുകള്‍ പറയുന്നത്. പേരാവൂരില്‍ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയുമായി സിപിഎം. കെ കെ ശൈലജ 3000 വോട്ടിന് വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. 5000 വോട്ടുകളെങ്കിലും വ്യക്തിപരമായി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ കെ കെ ശൈലജയുടെ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം. പക്ഷേ ഉറച്ച പാര്‍ട്ടി വോട്ടുകള്‍ മാത്രം കണക്കുമ്പോള്‍ സണ്ണി ജോസഫ് മുന്നിലാണെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 3172 വോട്ടിനായിരുന്നു 2021ല്‍ സണ്ണി ജോസഫ് ഇവിടെ നിന്നും വിജയിച്ചത്.

കോഴിക്കോട് ജില്ലയിലേക്ക് വന്നാല്‍ കോഴിക്കോട് സൗത്ത്, നാദാപുരം മണ്ഡലങ്ങള്‍ നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ യുഡിഎഫ് സിറ്റിംഗ് സീറ്റായ വടകര പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. കഴിഞ്ഞ തവണ 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പിന്തുണയുള്ള ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായ കെ.കെ. രമ വടകരയില്‍ നിന്ന് വിജയിച്ചത്. അന്ന് യു.ഡി.എഫ് പിന്തുണയോടെയാണ് അവര്‍ മത്സരിച്ചത്. ഇത്തവണ ആര്‍.ജെ.ഡിയിലെ എം.കെ. ഭാസ്‌കരനെയാണ് എല്‍ഡിഎഫ് ഇറക്കിയത്. ജനകീയനെന്ന പ്രതിഛായയുള്ള ഭാസ്‌ക്കരന്‍ സ്വരൂപിക്കുന്ന വ്യക്തിപരമായ വോട്ടുകള്‍ വിജയം ഉറപ്പിക്കുമെന്നാണ് സിപിഎം കണക്ക്. അതുപോലെ കടുത്ത മത്സരം നടന്ന കോഴിക്കോട് തിരുവമ്പാടിയിലും ജയിക്കുമെന്നാണ് സിപിഎം കണക്ക്.

അതുപോലെ പത്തനംതിട്ടയിലെ ആറന്‍മുളയില്‍ ആരോഗ്യ വീണ ജോര്‍ജ് ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ കൊട്ടാരക്കരയില്‍ ഗണേഷ്‌കുമാര്‍ അടക്കമുള്ളവരുടെ നില ഭദ്രമല്ലെന്നും പാര്‍ട്ടികണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ 75 സീറ്റുനേടി ഭരണം നിലനിര്‍ത്താനാവുമെന്നാണ് സിപിഎം കണക്ക്. പക്ഷേ 2001ലും 2011ലുമൊക്കെ പാര്‍ട്ടി കണക്കുകള്‍ അടപടലം ചീറ്റിപ്പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തുസംഭവിക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല.

Tags:    

Similar News