കേരളം പിടിക്കാനുള്ള പ്രധാന ചുമതല ഹൈക്കമാണ്ട് നല്‍കുന്നത് ചെന്നിത്തലയ്ക്ക്; കോണ്‍ഗ്രസിന്റെ 'ബിഗ് ത്രീ'; തരൂരും ഷാഫിയും കൂട്ടിന്; ബെന്നിക്ക് പ്രചരണ പത്രിക തയ്യാറാക്കല്‍ ചുമതല; നല്‍കുന്നത് കൂട്ടായ നേതൃത്വം എന്ന സന്ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ വമ്പന്‍ പടയൊരുക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വം. പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ മെനയാനും പോരാട്ടം നയിക്കാനുമുള്ള സുപ്രധാന സമിതികളെ പ്രഖ്യാപിച്ചപ്പോള്‍ പരിചയസമ്പത്തും യുവത്വവും ചേര്‍ന്നുള്ള 'വിന്നിങ് ഫോര്‍മുല'യ്ക്കാണ് കേന്ദ്രനേതൃത്വം മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ പ്രചാരണ സമിതിയുടെ അമരക്കാരനായി നിയമിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസ് ആദ്യ സന്ദേശം നല്‍കി കഴിഞ്ഞു. കൂ്ട്ടായ നേതൃത്വമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതാണ് അത്.
ദേശീയ തലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചെന്നിത്തലയ്ക്കുള്ള അഗാധമായ അനുഭവസമ്പത്ത് വോട്ടായി മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ആഗോളതലത്തില്‍ ശ്രദ്ധേയനായ ശശി തരൂര്‍ എം.പി.യെ പ്രചാരണ സമിതിയുടെ സഹ അധ്യക്ഷനായി നിയോഗിച്ചത് നഗരകേന്ദ്രീകൃത വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ലക്ഷ്യമിട്ടാണ്. യുവാക്കളുടെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെയും ആവേശം ചോരാതിരിക്കാന്‍ 'യുവതുര്‍ക്കി' ഷാഫി പറമ്പിലിനെ പ്രചാരണ സമിതി കണ്‍വീനറായും പാര്‍ട്ടി നിയോഗിച്ചു. എല്ലാ നേതാക്കളേയും അംഗീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കുകയും ചെയ്തു. തരൂരിനേയും ചേര്‍ത്ത് നിര്‍ത്തുന്നു. തരൂര്‍ സംസ്ഥാനത്തുടനീളം പ്രചരണത്തിന് പോകും. ജെന്‍സികളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തും.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള പ്രകടനപത്രിക തയ്യാറാക്കാന്‍ ബെന്നി ബഹനാനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷാണ് പ്രകടനപത്രിക സമിതിയുടെ സഹ അധ്യക്ഷന്‍. രമേശ് ചെന്നിത്തല ഉള്‍പ്പെടെ കരുത്തുറ്റ സമിതിയാകും വരുംദിവസങ്ങളില്‍ കേരളത്തിലുടനീളം പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടുക. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വിജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാണ് നീക്കം. ഉമ്മന്‍ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്ന ബെന്നി ബെഹന്നാനേയും ഹൈക്കമാണ്ട് അംഗീകരിച്ചു. ഇതും നിര്‍ണ്ണായകമാണ്.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. 'വിഷന്‍ 2026' ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് ബെന്നി ബഹ്നാന്‍ അധ്യക്ഷനായ സമിതിക്ക് നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതിയില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരും അംഗങ്ങളാണ്.
തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി ബഹന്നാന്‍ എംപിയേയും ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കോ ചെയര്‍മാന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയിലെ അംഗങ്ങള്‍.
