ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേരിട്ട് രംഗത്ത്; ഊരാളുങ്കലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും; അയ്യപ്പ സംഗമത്തിലെ കണക്കില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമം; ഊരാളുങ്കലിന് ഇനി പണം ദേവസ്വം ബോര്‍ഡ് നല്‍കില്ല? ദേവസ്വം ബോര്‍ഡ് രക്ഷപെടും

Update: 2026-02-13 01:18 GMT

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെച്ചൊല്ലിയുണ്ടായ കോടികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും നേരിട്ട് രംഗത്തിറങ്ങുന്നു. വിവാദമായ കരാറുകളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹസ്ഥാപനമായ ഐ.ഐ.ഐ.സി.ക്ക് (കകകഇ) ഇനി നല്‍കാനുള്ള തുക വേണ്ടെന്നു വെയ്പ്പിക്കാനാണ് രാഷ്ട്രീയ ധാരണ. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പൊതുഫണ്ടില്‍നിന്നുള്ള വന്‍ ചോര്‍ച്ച ഒഴിവാകുമെന്നും ഖജനാവിന് നഷ്ടമുണ്ടാകില്ലെന്നും ഉറപ്പാക്കാനാണ് നീക്കം. വിവാദം കോടതിയുടെ കടുത്ത പരാമര്‍ശങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് സി.പി.എം. നേതൃത്വം ഇടപെട്ട് ഊരാളുങ്കലുമായി സംസാരിച്ച് വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കുന്നത്.

ടെന്‍ഡറില്ലാതെ പന്തല്‍ നിര്‍മ്മാണമടക്കമുള്ള കരാറുകള്‍ നല്‍കിയതിലും 10 ശതമാനം അധിക തുക അനുവദിച്ചതിലും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഊരാളുങ്കലിന് മാത്രം 4.04 കോടി രൂപ കൂടി നല്‍കാനുണ്ടെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. എന്നാല്‍, ബില്ലുകളിലും ജി.എസ്.ടി. രേഖകളിലും സുതാര്യതയില്ലാത്തതിനാല്‍ ഈ തുക നല്‍കുന്നത് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിലാണ് ബാക്കി തുക എഴുതിത്തള്ളാന്‍ ഊരാളുങ്കലിനോട് ആവശ്യപ്പെടുന്നത്. ഇതോടെ 'കണക്കുകള്‍ സെറ്റില്‍' ചെയ്യാനും കോടതിയിലെ തിരിച്ചടി ഒഴിവാക്കാനും ബോര്‍ഡിന് സാധിക്കും.

അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, രണ്ട് കോടിയോളം രൂപ അഡ്വാന്‍സായി നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപുറമെ ഹോട്ടല്‍ ബുക്കിംഗിലും ഭക്ഷണത്തിന്റെ കണക്കിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെയും ദേവസ്വം പ്രസിഡന്റിന്റെയും പേരിലുള്ള ബില്ലുകള്‍ പലതും ദുരൂഹതയുയര്‍ത്തുന്നവയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയ പുതിയ ധാരണയനുസരിച്ച്, സ്‌പോണ്‍സര്‍ഷിപ്പ് തുക കൃത്യമായി ബോര്‍ഡിന് ലഭ്യമാക്കാനും ഊരാളുങ്കലിന് നല്‍കാനുള്ള ബാക്കി തുക റദ്ദാക്കാനുമാണ് തീരുമാനം.

ഇതോടെ വിവാദങ്ങളുടെ മുനയൊടിക്കാമെന്നും ഭരണഘടനാ സ്ഥാപനമായ ദേവസ്വം ബോര്‍ഡിനെ നാണക്കേടില്‍നിന്ന് രക്ഷിക്കാമെന്നുമാണ് സി.പി.എം. കരുതുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംബന്ധിച്ചു ഫെബ്രുവരി ഏഴിനു ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്നു കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിലീജിയസ് കണ്‍വന്‍ഷന്‍ നടത്താനുള്ള ഫണ്ടില്‍നിന്ന് അഡ്വാന്‍സായി പണം നല്‍കിയെന്നും സ്പോണ്‍സര്‍ഷിപ്പ് തുക കിട്ടിയപ്പോള്‍ തിരികെ നിക്ഷേപിച്ചുവെന്നുമാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്.

ദേവസ്വം ബോര്‍ഡിന്റെ 2 കോടിയുടെ പൊതുഫണ്ട് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ധനപരമായ സുതാര്യത പുലര്‍ത്തിവേണം പരിപാടി നടത്താനെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും അതു ലംഘിക്കുന്ന തരത്തിലുള്ള വീഴ്ചകളാണ് നടന്നിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) എന്ന കമ്പനിക്ക് പന്തല്‍ നിര്‍മാണം അടക്കം കരാര്‍ നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണെന്നും 10 ശതമാനം അധിക തുക നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഐഐസിയും ഉപകരാറുകാരും ചെലവുകള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങളും ബില്ലുകളും നല്‍കാത്തതിനാല്‍ കൃത്യമായ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഓഡിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

താമസച്ചെലവായി കാണിച്ചിരിക്കുന്നത് 37,25,752.17 രൂപയാണ്. ഇതില്‍ 37,00,452.17 രൂപയും ഹോട്ടല്‍ ബുക്കിങ്ങിന്റെ പേരില്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസറുടെ പേരിലാണ് ബില്‍ ചെയ്തിരിക്കുന്നത്. 25,300 രൂപ ദേവസ്വം പ്രസിഡന്റിന്റെ പേരില്‍ നേരിട്ടു ബില്‍ ചെയ്തിരിക്കുകയാണ്. അയ്യപ്പ സംഗമം നടത്തിപ്പില്‍ ഊരാളുങ്കലിനു മാത്രം 4.04 കോടി നല്‍കാനുണ്ടെന്നാണ് കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുമരകത്തെയും തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും മൂന്നാറിലെയും ഹോട്ടലുകള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഇതില്‍ ഊരാളുങ്കലിന്റെ പണം ഇനി കൊടുക്കാതെ പ്രശ്‌ന പരിഹാര ശ്രമമാണ് നടക്കുന്നത്.

Tags:    

Similar News