കൊടിമരത്തിനായി സ്വര്‍ണ്ണവും വന്‍തുകകളും സംഭാവന നല്‍കിയവരില്‍ നിന്ന് വിവരം തേടും; ശബരിമല കൊടിമര വിവാദം: സുരേഷ് ഗോപിയും മോഹന്‍ലാലും വിജിലന്‍സിന് മുന്നിലേക്ക്; സിനിമാ പ്രമുഖരുടെ മൊഴിയെടുക്കും; അതിവേഗ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് പരാതികളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിജിലന്‍സിന് മുന്നിലെത്തുന്നു.
കൊടിമരത്തിനായി സ്വര്‍ണ്ണവും വന്‍തുകകളും സംഭാവന നല്‍കിയവരില്‍ നിന്ന് വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മൊഴിയെടുക്കാന്‍ തീരുമാനിച്ചതോടെ സിനിമാ മേഖലയിലെ വമ്പന്മാരും അന്വേഷണത്തിന്റെ പരിധിയിലായി. വിജിലന്‍സ് ഡി.വൈ.എസ്.പി. സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് മുതല്‍ മൊഴി രേഖപ്പെടുത്തുന്നത്.
2017-ല്‍ നടന്ന കൊടിമര പുനര്‍നിര്‍മ്മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴി വലിയ തോതില്‍ പിരിവ് നടത്തിയിരുന്നെങ്കിലും പലര്‍ക്കും രസീത് നല്‍കിയില്ലെന്ന ഗുരുതരമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഭക്തിപൂര്‍വ്വം നല്‍കിയ സ്വര്‍ണ്ണവും പണവും എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങിയത്. സുരേഷ് ഗോപിയും മോഹന്‍ലാലും ഉള്‍പ്പെടെ സിനിമാ രംഗത്തെ മുപ്പതോളം പേര്‍ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ ഇതിനോടകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമത്തിന്റെ വഴിയില്‍ സത്യം തെളിയട്ടെ എന്ന ഉറച്ച നിലപാടിലാണ് ഈ താരപ്രമുഖര്‍.
പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടായി ഹൈക്കോടതിക്ക് കൈമാറും. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. ഒരു മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ എസ്.ഐ.ടി.യില്‍നിന്ന് കൂടി ശേഖരിച്ചാകും വിജിലന്‍സ് മുന്നോട്ടുപോകുക. ദേവസ്വം ബോര്‍ഡിന്റെ കണക്കിലെ പൊരുത്തക്കേടുകള്‍ താരങ്ങളുടെ മൊഴിയോടെ തെളിയുമെന്നാണ് കരുതപ്പെടുന്നത്.