കേരളത്തെ ഹൈന്ദവവത്കരിക്കുന്നുവെന്ന് സൈബര്‍ സഖാക്കള്‍ ട്രോളുന്ന നന്ദഗോവിന്ദന്‍ ഭജന്‍സ്; ക്ഷണിക്കുകയോ വരുകയോ ചെയ്യാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലും ദേവസ്വം ബോര്‍ഡില്‍ തീവെട്ടിക്കൊള്ള; മുഖ്യമന്ത്രിയ്ക്ക് ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയും; അടിമുടി ധൂര്‍ത്ത് തന്നെ; ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് അഴിമതി മാത്രം

Update: 2026-02-13 03:53 GMT

തിരുവനന്തപുരം: സൈബര്‍ സഖാക്കളുടെ കണ്ണിലെ കരടും കേരളത്തെ ഹൈന്ദവവല്‍ക്കരിക്കുന്നു എന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ പമ്പയില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് സൂചന. കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലാണ് ഭക്തിയുടെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി ആരോപണം ഉയരുന്നത്. സംഗമത്തിന് എത്താതിരുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷം രൂപയുടെ ബില്ല് എഴുതിമാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഭക്തലക്ഷങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ആഗോള അയ്യപ്പസംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവരുന്നത്. അന്ന് രാവിലെ ഭക്തിഗാനസദസ്സ് നടത്തിയത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുക കൈപ്പറ്റിയതായി കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ്. രണ്ടു ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ചിരുന്ന കലാപരിപാടിക്ക് എങ്ങനെ എട്ടു ലക്ഷത്തിന്റെ ബില്ല് വന്നുവെന്നത് ദുരൂഹമാണ്. പമ്പയിലോ സന്നിധാനത്തോ തങ്ങള്‍ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ തന്നെ തുറന്നുപറഞ്ഞതോടെ ദേവസ്വം ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

സൗജന്യമായി പാടിയ വിജയ് യേശുദാസിനെയും വീരമണി രാജുവിനെയും പോലുള്ള പ്രമുഖരുടെ കണക്കുകള്‍ റിപ്പോര്‍ട്ടിലില്ലാത്തപ്പോള്‍, വരാത്തവര്‍ക്ക് എട്ടു ലക്ഷം നല്‍കിയെന്ന കണക്ക് അവിശ്വസനീയമാണ്. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ദേവസ്വം ബോര്‍ഡ് ചെയ്യിച്ച ഓഡിറ്റിംഗിലെ ഈ ക്രമക്കേടുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരി 27-നകം ഈ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു കഴിഞ്ഞു. അയ്യപ്പനാമത്തിന്റെ മറവില്‍ നടന്ന ഈ തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

അടിമുടി ധൂര്‍ത്തുനടന്നതിന്റെ തെളിവായിമാറുകയാണ് ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതില്‍ വ്യക്തമാകുന്നു. ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്. ബജറ്റില്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നാണ് വിവരം. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ല.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല.

മെത്തകള്‍ 150; കണക്കില്‍ 50 എണ്ണമില്ല

150 മെത്തകള്‍ വാങ്ങിയതായി സ്റ്റേറ്റ്മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.

ചെലവായി കാണിച്ചിരിക്കുന്ന ചില ഇനങ്ങള്‍

. ടാക്‌സ്സിചാര്‍ജ് - 10.57 ലക്ഷം

. എട്ട് അടി ഉയരമുള്ള സുരക്ഷാവേലി - 3.24 ലക്ഷം

. വി.ഐ.പി.കള്‍ക്ക് ഭക്ഷണവിതരണം - 30,000

. പ്രഭാതഭക്ഷണം (4000 പേര്‍) - 4.2 ലക്ഷം

. 11 മണി ചായ, സ്നാക്സ് (5000 പേര്‍) - 2 ലക്ഷം

. ഉച്ചഭക്ഷണം (5000 പേര്‍) - 8.5 ലക്ഷം

. വൈകീട്ട് ചായ (5000 പേര്‍) - 2 ലക്ഷം

. രാത്രിഭക്ഷണം (3000 പേര്‍) - 4.5 ലക്ഷം

. ഡീസല്‍ - 7.44 ലക്ഷം

Similar News