'മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്'! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ 'മാറി നില്‍ക്ക്' ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; 'കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്'! പ്രതിപക്ഷത്തിന് ഒരായുധം കൂടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ഇരയായ ജനപ്രതിനിധിയെ പാര്‍ട്ടി ഭയത്തില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും സത്യം പുറത്ത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസിനോട് മുഖ്യമന്ത്രി 'മാറി നില്‍ക്ക്' എന്ന് ആക്രോശിക്കുന്നത് തത്സമയ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും, തന്നെ ആരും ആട്ടിയകറ്റിയിട്ടില്ലെന്ന ആതിരയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയുന്നു. സംഭവത്തിന്റെ ഓഡിയോ പുറത്തുവന്നതോടെ നാടാര്‍ സമുദായത്തിനിടയില്‍ പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. സ്വന്തം സമുദായത്തിലെ ഒരു വനിതാ പ്രതിനിധിയെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രിയെ പാഠം പഠിപ്പിക്കുമെന്ന നിലപാടിലേക്ക് മാറുകയാണ് സഭകളും സമുഗായവും.
നാടാര്‍ സര്‍വ്വീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ സനല്‍കുമാര്‍ ഉന്നയിച്ച അതിശക്തമായ വിമര്‍ശനം ഇതിനോടകം രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയിട്ടുണ്ട്. 'മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്' എന്ന അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് സമുദായ അംഗങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കന്നിമത്സരത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവിനെ വീഴ്ത്തി സി.പി.എമ്മിന്റെ തീപ്പൊരിയായി മാറിയ ആതിരയെ, സ്വന്തം പാര്‍ട്ടി നയിക്കുന്ന മുഖ്യമന്ത്രി തന്നെ അവഹേളിച്ചത് സമുദായത്തിന് സഹിക്കാവുന്നതിലും അപ്പുറമാണെന്ന നിലപാടിലാണ് സംഘടന.
നിവേദനം നല്‍കാനാണ് പോയതെന്നും തിരക്കായതുകൊണ്ട് മുഖ്യമന്ത്രി ശ്രദ്ധിക്കാത്തതാണെന്നുമാണ് ആതിര മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അരികിലേക്ക് എത്തുന്ന ആതിരയെ ദേഷ്യത്തോടെ ആട്ടിയകറ്റുന്നത് വ്യക്തമാണ്. അടിമുടി പാര്‍ട്ടിക്കാരിയായ ആതിര മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കള്ളം പറയുകയാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. സെല്‍ഫി എടുക്കാന്‍ വന്നതാണെന്ന് കരുതി ജനപ്രതിനിധിയോട് തട്ടിക്കയറുന്ന മുഖ്യമന്ത്രിയുടെ ഈ രീതി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഈ മേഖലയില്‍ വലിയ തിരിച്ചടിയാകും.
പാറശ്ശാലയിലെ സഭാനേതൃത്വവും സമുദായ സംഘടനകളും ഈ അപമാനത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നു കഴിഞ്ഞു. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നാടാര്‍ വിഭാഗം ഈ സംഭവത്തെ വൈകാരികമായാണ് കാണുന്നത്. മുഖ്യമന്ത്രിക്ക് പറ്റിയ പിഴവ് മറയ്ക്കാന്‍ പി.ആര്‍. ഏജന്‍സികള്‍ ആതിരയെക്കൊണ്ട് മാറ്റിപ്പറയിച്ചതാണെന്ന ആക്ഷേപം ശക്തമാണ്. എന്തായാലും പിണറായിയുടെ ഒരു 'മാറി നില്‍ക്ക്' വിളി വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ തെക്കന്‍ കേരളത്തില്‍ ചര്‍ച്ചയായി മാറും. നേരത്തെ കടക്ക് പുറത്ത് എന്ന് മാധ്യമ പ്രവര്‍ത്തകരോട് പിണറായി പറഞ്ഞിരുന്നു. ഇതാണ് ഇത്തവണ കോണ്‍ഗ്രസിന്റെ ടാഗ്.
കഴിഞ്ഞ ദിവസം കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് വേദിയില്‍ വെച്ചായിരുന്നു സംഭവം.'ഞാന്‍ സെല്‍ഫിയെടുക്കാന്‍ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിച്ച് കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ല. മുന്‍പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്. നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായി മുഖ്യമന്ത്രിയെ കാണും',-ഇതായിരുന്നു ആതിരയുടെ വിശദീകരണം. വീഡിയോ പ്രചരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആതിരയെ ഫോണില്‍ ബന്ധപ്പെടും എന്നാണ് വിവരം. ആതിര മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിനുമുന്‍പ് അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി സമര്‍പ്പിക്കാന്‍ ശ്രമിച്ച നിവേദനങ്ങളും മുഖ്യമന്ത്രി ഏറ്റുവാങ്ങിയില്ല. പകരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നലെ സെല്‍ഫിയെടുക്കാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതെ നടന്നുപോയത്, മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി ചര്‍ച്ചയാകുകയും ചെയ്തു. ഇങ്ങനെ സെല്‍ഫിയെടുക്കാന്‍ ചെന്നപ്പോള്‍ പിണറായി വിജയന്‍ ഓടിച്ചു വിട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പറുടെ പേര് ആതിര ഗ്രെയ്സ് എന്നാണ്. ഇത്തവണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയത് ഒരൊറ്റ സീറ്റിന്റെ ബലത്തിലാണ്. അടിമുടി സിപിഎമ്മുകാരിയായാണ് ആതിര ഗ്രേസ്. കന്നിമത്സരത്തില്‍തന്നെയാണ് ആതിര വിജയിച്ചു കയറിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും ഡിഗ്രിയും ലോ അക്കാദമിയില്‍നിന്നും എല്‍എല്‍ബിയും കരസ്ഥമാക്കി. പാര്‍ലമെന്ററി കോഴ്സും പൂര്‍ത്തിയാക്കിയ ആതിര സഭയുടെ ഫെറോനതല പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
അമ്പൂരി ജില്ലാ പഞ്ചായത്ത് അംഗമായ ആതിര സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നീരസം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്കായിരുന്നു വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നും ആതിര പറയുന്നു.
