ഡിജിറ്റല്‍ പകര്‍പ്പുകള്‍ മാത്രമേ അംഗീകരിക്കാവൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്; എല്ലാ ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ലൈസന്‍സാണ് ഹാജരാക്കേണ്ടതും; എന്നാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ഓഫീസുകളില്‍ മാത്രം ഡിജിറ്റല്‍ പകര്‍പ്പിന് വിലക്ക്; ലൈസന്‍സ് പുതുക്കണമെങ്കില്‍ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടിവരും

Update: 2024-11-27 10:18 GMT

തിരുവനന്തപുരം: നവംബര്‍ മുതല്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കണമെന്നാണ് മോട്ടോള്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ നിയമം. ഈ ഡിജിറ്റല്‍ ലൈസന്‍സ് വേണം ഇനിയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കാന്‍. എന്നാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ഓഫീസുകളില്‍ ഡിജിറ്റല്‍ പകര്‍പ്പിന് വിലക്കാണ്. ലൈസന്‍സ് പുതുക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും അപേക്ഷകളില്‍ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പുതന്നെ ഹാജരാക്കണം. ഡിജിലോക്കര്‍, എം.പരിവാഹന്‍ എന്നിവയില്‍നിന്നുള്ള പകര്‍പ്പുകള്‍ സ്വീകരിക്കില്ല. ലൈസന്‍സ് അച്ചടി നിര്‍ത്തിയതിനുപിന്നാലെ ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച മോട്ടോര്‍വാഹവകുപ്പ് സ്വന്തം ഓഫീസുകളില്‍ അക്കാര്യം നടപ്പാക്കിയിട്ടില്ല.

സംസ്ഥാനത്ത് ലൈസന്‍സ് അച്ചടി നിര്‍ത്തിയതിന് ശേഷം ഡിജിറ്റല്‍ പകര്‍പ്പുകള്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് വകുപ്പ്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. 2018-ല്‍ ഡിജിലോക്കര്‍ സംവിധാനം നിലവില്‍വന്നപ്പോള്‍ ഇ-രേഖകള്‍ക്ക് സാധുതനല്‍കി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിജിറ്റല്‍ പകര്‍പ്പ് അംഗീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും പോലീസ് മേധാവിയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഡിജിറ്റല്‍ രേഖകള്‍ അടിസ്ഥാനമാക്കിയ വാഹനപരിശോധന സംബന്ധിച്ച് കഴിഞ്ഞ 14-ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലും ഡിജിറ്റല്‍ രേഖകള്‍ക്ക് 2018 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്ന് പരാമര്‍ശമുണ്ട്. കേന്ദ്രമോട്ടോര്‍വാഹനച്ചട്ടം 139 പ്രകാരം ഡിജിറ്റല്‍ രേഖകള്‍ക്ക് സാധുതയുണ്ട്.

രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിതോടെ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന്റെ പ്രസക്തി നഷ്ടമായെങ്കിലും സര്‍ക്കാരിന് സാമ്പത്തികനേട്ടമുള്ള ഇടപാട് നിര്‍ത്താന്‍ വകുപ്പ് തയ്യാറായിട്ടില്ല. ലൈസന്‍സ് പകര്‍പ്പിന് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 1205 രൂപയാണ് ഫീസ്. ഡിജിലോക്കറില്‍ ഇത് സൗജന്യമായി കിട്ടും. പക്ഷേ, ലൈസന്‍സ് പുതുക്കണമെങ്കില്‍ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടിവരും. അസല്‍ ലൈസന്‍സ് കൈവശമില്ലാത്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിതരാകും.

Tags:    

Similar News