ചങ്കുചങ്ങാതിമാര്‍ എന്നും കൂടെ! ഒരൊറ്റ രാത്രി കൊണ്ട് എയര്‍ ആംബുലന്‍സ് സജ്ജമാക്കി; അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു; ലേക് ഷോര്‍ നിന്നുള്ള യാത്രയില്‍ ഭാര്യ സിന്ധുവും അനുജന്‍ രുപേഷും രാജേഷിനൊപ്പം

അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു

Update: 2025-09-22 11:47 GMT

കൊച്ചി: ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 29 ദിവസങ്ങളായി കൊച്ചി ലേക്ഷോര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റുന്നത്. രാജേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ്: 'നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളില്‍, ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂര്‍ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജന്‍ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക്ഷോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂര്‍ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റര്‍മാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.

രാജേഷിന് എത്രയും പെട്ടെന്ന് വെല്ലൂരില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതി കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ക്കുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടും, എസ്‌കെഎന്നിനോടും, യൂസഫലി സാറിനോടും, വേഫയര്‍ ഫിലിംസ് ടീമിനോടും, തോളോട് ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ് വാര്യരെയും, പ്രേമിനെയും, ഷെമീമിനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാല്‍ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകള്‍ ഇനിയും ഒരുപാടുണ്ട് പറയാന്‍'...

Tags:    

Similar News