ബ്രിട്ടനിലെ കാന്റര്‍ബറി അതിരൂപതയുടെ അമരത്തേക്ക് ഒരു പെണ്‍കരുത്ത്..! ലണ്ടന്‍ ബിഷപ്പ് സാറാ മുല്ലള്ളി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുന്നു; ഉന്നത പദവിയിലേക്ക് എത്തുന്നത് നഴ്സിംഗ് രംഗത്തു നിന്നും; ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട വിപ്ലവകരമായ മാറ്റം
ബ്രിട്ടനിലെ കാന്റര്‍ബറി അതിരൂപതയുടെ അമരത്തേക്ക് ഒരു പെണ്‍കരുത്ത്..
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട വിപ്ലവകരമായ മാറ്റത്തിന് തുടക്കമായിരിക്കുന്നു. സഭയുടെ പരമോന്നത പദവിയിലേക്ക് ആദ്യമായി ഒരു വനിത എത്തുകയാണ്. ലണ്ടന്‍ ബിഷപ്പായ സാറാ മുല്ലള്ളി ഇനി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കും. പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന സഭയുടെ തലപ്പത്തേക്ക് ഒരു പെണ്‍കരുത്ത് എത്തുന്നത് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ സെന്റ് പോള്‍സ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കന്‍ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഉള്‍പ്പെടെയുള്ള ആഗോള ആംഗ്ലിക്കന്‍ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് പരമ്പരാഗതമായി അതിന്റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.
നഴ്സിംഗില്‍ നിന്ന് സഭാ നേതൃത്വത്തിലേക്ക് എത്തിയ സാറയുടെ വളര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുന്നതാണ്. കേവലം ഒരു ആത്മീയ നേതാവ് എന്നതിലുപരി മികച്ചൊരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് അവര്‍. 17 അംഗ കമ്മീഷന്‍ നാമനിര്‍ദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാള്‍സ് മൂന്നാമന്‍ രാജാവ് അംഗീകാരം നല്‍കി. മാര്‍ച്ച് 25ന് കാന്റര്‍ബറി കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ സാറാ മുല്ലള്ളി ഔദ്യോഗികമായി ആര്‍ച്ച്ബിഷപ്പായി അവരോധിക്കപ്പെടും.
നഴ്സിംഗില്‍ നിന്നും കാന്റര്‍ബറി അതിരൂപതയുടെ അമരത്തേക്ക്
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഉന്നത പദവിയിലേക്ക് എത്തുന്നതിന് മുന്‍പ് ബ്രിട്ടീഷ് ആരോഗ്യ മേഖലയില്‍ (NHS) നഴ്സായും ചീഫ് നഴ്സിംഗ് ഓഫീസറായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാന്‍സര്‍ നഴ്സായിരുന്ന സാറാ മുല്ലള്ളി ദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം കരഘോഷങ്ങളോടെയാണ് വിശ്വാസികള്‍ വരവേറ്റത്. 1994ല്‍ വനിതാ പുരോഹിതര്‍ക്കും 2015ല്‍ ആദ്യ വനിതാ ബിഷപ്പിനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നല്‍കിയിരുന്നു. 2018ല്‍ ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി ചുമതലയേറ്റ സാറ, സഭയ്ക്കുള്ളിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ചു.
അതേസമയം, സ്വവര്‍ഗ്ഗ വിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തിയായാണ് സാറ അറിയപ്പെടുന്നത്. സ്ത്രീകളുടെ പദവി, എല്‍ജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്ന ആംഗ്ലിക്കന്‍ കൂട്ടായ്മയില്‍ ഈ നിയമനം കൂടുതല്‍ തര്‍ക്കങ്ങള്‍ക്കു വഴിമാറാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കന്‍ സംഘടനയായ ഗാഫ്കോണ്‍ ആരോപിച്ചിരുന്നു. സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്നു റുവാണ്ടന്‍ ആഗ്ലിംക്കന്‍ ആര്‍ച്ച്ബിഷപ്പ് ലോറന്റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2024 നവംബറില്‍ രാജിവച്ച ജസ്റ്റിന്‍ വെല്‍ബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.
സാറയുടെ ഈ നിയമനം അത്ര സുഗമമാകാന്‍ സാധ്യതയില്ലെന്നാണ് സഭാ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സഭയിലെ യാഥാസ്ഥിതിക വിഭാഗം ഇപ്പോഴും സ്ത്രീ നേതൃത്വത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ജസ്റ്റിന്‍ വെല്‍ബിക്ക് ശേഷം സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യമായ കരുത്തുറ്റ വ്യക്തിത്വം സാറയുടേതാണെന്ന് സഭയുടെ ഭൂരിഭാഗം വിശ്വാസികളും കരുതുന്നു. സഭയിലെ വിഭജനങ്ങളെ കൂട്ടിയിണക്കാനും, ആധുനിക കാലത്തെ വെല്ലുവിളികള്‍ നേരിടാനും സാറ മുല്ലള്ളിക്ക് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നഴ്‌സിംഗ് രംഗത്തെ പരിചയസമ്പത്തും സഭയിലെ ഭരണപരമായ പാടവവും അവര്‍ക്ക് തുണയാകുമെന്ന് ഉറപ്പാണ്.
