ഇ ഡി അടച്ചുപൂട്ടിയ സത്യസരണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു! മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രത്തിന് റമാദാനില്‍ സക്കാത്ത് നല്‍കാന്‍ നടത്തിപ്പുകാരുടെ ആഹ്വാനം; 'ദ കേരള സ്റ്റോറി' സിനിമയിലടക്കം കാണിക്കുന്ന വിവാദ കേന്ദ്രം വീണ്ടും സജീവമാവുന്നു; അനക്കമില്ലാതെ പൊലീസും അധികൃതരും

ഇ ഡി അടച്ചുപൂട്ടിയ സത്യസരണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!

Update: 2025-03-16 06:56 GMT

കോഴിക്കോട്: ഹാദിയ കേസുമുതല്‍ കേരളം കേട്ടുതുടങ്ങിയതാണ് മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണി. നിരവധി ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റത്തിനായി ഒത്താശ ചെയ്തുകൊടുക്കുയും, ബ്രയിന്‍വാഷ് ചെയ്യാന്‍ കൂട്ടുനില്‍ക്കുകയും, തുടര്‍ന്ന് അഫ്ഗാനിലെയും സിറിയയിലെയും ഐസിസ് കേന്ദ്രങ്ങളില്‍വരെ എത്തിക്കുകയും ചെയ്്തുവെന്ന അതിഗുരുതര ആരോപണമാണ് ഈ കേന്ദ്രത്തിന് നേരെ ഉയര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരേരാധിത തീവ്രവാദ സംഘടനയാണ്, സത്യസരണിക്ക് പിന്നിലെന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎഫ്ഐയെ നിരോധിച്ചതിനുശേഷം സത്യസരണിക്കും പിടിവീണത്. ആദ്യം എന്‍ഐഎയും തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേും അന്വേഷിച്ചതിനെ തുടര്‍ന്നാണ് സത്യസരണിക്ക് പൂട്ട് വീണത്.

പക്ഷേ വര്‍ഷം ഒന്ന് കഴിഞ്ഞതോടെ പതുക്കെ വേഷം മാറി ഉയര്‍ത്തെഴുനേല്‍ക്കുന്ന സത്യസരണിയെയാണ് കാണുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കള്‍ ഒന്നടങ്കം ജയിലില്‍ ആണെങ്കിലും പുതിയ രക്ഷാകര്‍ത്താക്കാള്‍ സത്യസരണിക്കായി വന്നിരിക്കുന്നു. സത്യസരണി മഞ്ചേരി എന്ന ഫേസ്ബുക്ക് പേജ് ഇപ്പോഴും സജീവമാണ്. ഈ റമദാന്‍മാസത്തില്‍ സത്യസരണിയെ സഹായിക്കാന്‍ അവര്‍ വിശ്വാസികളില്‍നിന്ന് സക്കാത്ത് ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമിക പഠന കേന്ദ്രം എന്ന് വേഷം മാറിയാണ് ഇപ്പോള്‍ അവര്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്നത്.

സത്യസരണി എഡുക്കേഷണല്‍ ആന്റ് ചാരിറ്റമ്പിള്‍ ട്രസ്റ്റ് എന്നാണ് പേര്. ഇസ്ലാം സ്വീകരിച്ചവര്‍ക്കും, പരമ്പരാഗത മുസ്ലീങ്ങള്‍ക്കും, പ്രാഥമിക ഇസ്ലാമിക പഠന കോഴ്സാണ് തങ്ങള്‍ നടത്തുന്നതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പഠനശേഷം നിരംലംബര്‍ക്ക് പുനരധിവാസം, തൊഴില്‍, വിവാഹം, ചികില്‍സ എന്നിവക്കുള്ള സഹായമൊക്കെ നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്പരും കൊടുത്താണ് പ്രചാരണം.

സത്യസരണിയുടെ പ്രവര്‍ത്തനത്തിന് ഉദാരമായി സംഭാവന ചെയ്യുക എന്ന തരത്തിലാണ് പ്രചാരണം. ഗൂഗിള്‍ പേ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. സത്യസരണി മുന്‍പ് നടത്തിയ പരിപാടിയുടെ ചിത്രങ്ങളും വിശദീകരണവും ഇതിലുണ്ട്.

ആരും ഭയക്കുന്ന ഭീകരകേന്ദ്രം

പിഎഫ്ഐ ഫണ്ടുപയോഗിച്ചായിരുന്നു സത്യസരണിയുടെ പ്രവര്‍ത്തനമെന്നും പിന്നീട് തെളിഞ്ഞു. പിഎഫ്ഐയുടെ നിരോധന സമയത്ത് സത്യസരണിക്കെതിരെ നടപടിയെടുത്തിരുന്നില്ല. പിന്നാലെ സ്ഥാനപനത്തിന്റെ പ്രവര്‍ത്തനം ഏജന്‍സികളുടെ റഡാറിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സത്യസരണി അടക്കമുള്ള പിഎഫ്ഐയുടെ സ്വത്ത് വകകള്‍ കേന്ദ്ര എജന്‍സികള്‍ കണ്ടുകെട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മഞ്ചേരിയിലെ സത്യസരണി, വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എന്തായിരുന്നു സത്യസരണി എന്നത് എന്‍ഐഎ റിപ്പോര്‍ട്ടില്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. പെണ്‍കുട്ടികളുടെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനമായിരുന്നു അവരുടെ പ്രധാന പരിപാടി. ആരംഭിച്ച കാലംതോട്ടെ സത്യസരണിയുടെ പ്രവര്‍ത്തനം ദുരൂഹമായിരുന്നു. നൂറു കണക്കിന് ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളാണ് സത്യസരണിയില്‍ വച്ച് മതം മാറിയത്. ഇവിടെ നിന്നും മതം മാറ്റത്തിന് വിധേയരായവര്‍ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേക്ക് പോയതായും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തിയിരുന്നു.

അഖില ഹാദിയ കേസില്‍ അവരെ മതംമാറ്റാനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള വനിതയായിരുന്നുവെന്നും പിന്നീട് വെളിപ്പെട്ടു. ആദ്യം ഒരു മതകേന്ദ്രത്തില്‍ എത്തിച്ച അഖിലയെ അവര്‍ സ്വീകരിച്ചില്ല. മാതാപിതാക്കളുടെ സമ്മതപത്രം വേണം എന്നായിരുന്നു ആവശ്യം. അതിന് ശേഷം ആണ് മഞ്ചേരിയിലെ സത്യസരണിയില്‍ എത്തുന്നത്. നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലവുമായി അഖിലയെ സത്യസരണി സ്വീകരിക്കയും, സൈബന എന്ന സ്ത്രീയെ ചുമതല ഏല്‍പിക്കുകയുമായിരുന്നു. മതംമാറാനുള്ള ഡോക്യൂമെന്‍സുകള്‍ എല്ലാം റെഡിയാക്കികൊടുക്കയും സത്യസരണിയുടെ രീതിയായിരുന്നു.

പൊലീസിന് പോലും പ്രവേശനം നിഷിദ്ധമായ ഇടമായ സത്യസരണിയുടെ പല രഹസ്യങ്ങളും പുറത്ത് വിട്ടത് അവിടെനിന്ന് രക്ഷപ്പെട്ട ആളുകള്‍ തന്നെയായിരുന്നു. 2017-ല്‍ ഇന്ത്യടുഡേ നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷനും, സത്യസരണിയുടെ തനി നിറം വെളിച്ചത്തുകൊണ്ടുവന്നു. കേരള സ്റ്റോറി എന്ന വിവാദ സിനിമയിലും സത്യസരണി കാണിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആരും തന്നെ സത്യസരണിയെക്കുറിച്ച് കാര്യമായി ഒന്നും കൊടുക്കാറില്ല. ഇത്രയധികം വിവാദമുണ്ടായിട്ടും അവര്‍ ഈ വിവാദ കേന്ദ്രത്തെക്കുറിച്ച് ഒരു അന്വേഷണംപോലും നടത്തിയിട്ടില്ല. കേരളപൊലീസിനും ഇവരെ തൊടന്‍ പേടിയാണ്. ഇപ്പോള്‍ സത്യസരണി തിരിച്ചുവരുന്നു എന്ന വാര്‍ത്തയും അതുപോലെ തമസ്‌ക്കരിക്കയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്തത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിച്ച് വരികയാണ്.

Tags:    

Similar News