ലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും; ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലെയും നഗരങ്ങള്‍ വെള്ളത്തിലാകും; ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത് 100 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്; 2100 ല്‍ സമുദ്രനിരപ്പ് 1.6 അടി ഉയരുമ്പോള്‍ ലോകത്തിന് സംഭവിക്കുന്നത്

ലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും

Update: 2025-10-08 07:35 GMT

ലണ്ടന്‍: 2100 ആകുമ്പോഴേക്കും 100 ദശലക്ഷത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ എത്ര കെട്ടിടങ്ങള്‍ സമുദ്രനിരപ്പിലെ മാറ്റങ്ങള്‍ കാരണം വെള്ളത്തിനടിയില്‍ ആകുമെന്ന് കണക്കാക്കിയത് കാനഡയിലെ ഗവേഷകരാണ്. സമുദ്രനിരപ്പില്‍ വെറും 1.6 അടി ഉയരുന്നത് പോലും ആഗോളതലത്തില്‍ 30 ലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.

കാര്‍ബണ്‍ ഉദ്ഗമനം ഉടന്‍ നിയന്ത്രിച്ചില്ലെങ്കില്‍, അടുത്ത നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് 16 അടി വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ആഗോള തലത്തില്‍ തന്നെ എല്ലാ കെട്ടിടങ്ങളുടെയും ആറിലൊന്ന് വരെ അപകടത്തിലാക്കും എന്നാണ് പറയപ്പെടുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്, ഈ നാശത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ പ്രായോഗികമായി ഒഴിവാക്കാനാവില്ല എന്ന് തന്നെയാണ്.

പാരീസ് ഉടമ്പടിയുടെ നിബന്ധനകള്‍ പാലിച്ചാലും, മൂന്ന് അടി വരെ സമുദ്രനിരപ്പ് ഉയരുന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ അഞ്ച് ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന ആഗോള താപനത്തിന്റെ തടയാനാകാത്ത അനന്തരഫലമാണ് സമുദ്രനിരപ്പ് ഉയരുന്നത് എന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ, ദക്ഷിണ അമേരിക്ക എന്നിവ ഉള്‍പ്പെടുന്ന ഭൂമിയുടെ തെക്കന്‍ ഭാഗത്താണ് ഗവേഷകര്‍ പഠനം നടത്തിയത്.

ലോകമെമ്പാടുമുള്ള വെള്ളപ്പൊക്കം എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു ഭൂപടവും അവര്‍ സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചാലും സമുദ്രനിരപ്പ് 1.6 അടി ഉയരുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഗ്രേറ്റ് യാര്‍മൗത്ത് പോലുള്ള യു.കെയിലെ തീരദേശ പട്ടണങ്ങളുടെ വലിയ ഭാഗങ്ങള്‍ സ്ഥിരമായി വെള്ളത്തിനടിയിലാകുമെന്നും ലണ്ടന്‍ പോലുള്ള നഗരങ്ങളിലെ വലിയ പ്രദേശങ്ങള്‍ ഉയര്‍ന്ന വേലിയേറ്റ രേഖയ്ക്ക് താഴെയായിരിക്കുമെന്നും ഗവേഷകരുടെ ഭൂപടം കാണിക്കുന്നു.

ലണ്ടനില്‍ വെള്ളപ്പൊക്കം തെക്ക് പെക്കാം വരെയും വടക്ക് ബാര്‍ക്കിംഗ് വരെയും വ്യാപിക്കും. സമുദ്രനിരപ്പ് 16 അടി ഉയര്‍ന്നാല്‍, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 45 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. സമുദ്രനിരപ്പ് 65 അടി ഉയര്‍ന്നാല്‍ ഇത് 136 ദശലക്ഷം കെട്ടിടങ്ങളായി ഉയരും.

കേംബ്രിഡ്ജ്, പീറ്റര്‍ബറോ, യോര്‍ക്ക്, ഹള്‍, ഡോണ്‍കാസ്റ്റര്‍ എന്നിവപോലും സ്ഥിരമായി വെള്ളത്തിനടിയിലാകും എന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. അതേസമയം, ലിവര്‍പൂള്‍, കാര്‍ഡിഫ്, ബ്രിസ്റ്റല്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍ തുടങ്ങിയ പ്രധാന പട്ടണങ്ങളുടെയും നഗരങ്ങളുടെയും വലിയ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകും. ഉയര്‍ന്ന വേലിയേറ്റം മാഞ്ചസ്റ്ററിന്റെയും ലീഡ്‌സിന്റെയും പ്രാന്തപ്രദേശങ്ങളിലും എത്തും.

വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഈ പഠനം പ്രവചിക്കുന്ന പല പ്രദേശങ്ങളും ജനസാന്ദ്രതയുള്ളതും താഴ്ന്ന പ്രദേശങ്ങളുമാണ്. പ്രധാനപ്പെട്ട

അടിസ്ഥാന സൗകര്യങ്ങള്‍, തുറമുഖങ്ങള്‍, ശുദ്ധീകരണശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളേയും വേലിയേറ്റം ബാധിക്കുമെന്ന് തന്നെയാണ് ഗവേഷക ലോകം മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Similar News