കൊച്ചി കായലിലെ ഓളപരപ്പില്‍ പറന്നിറങ്ങി കേരളത്തിന്റെ ജലവിമാനം; കളക്ടര്‍ അടക്കമുള്ള സംഘത്തിന്റെ വന്‍ വരവേല്‍പ്പ്; മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നാളെ; എയര്‍ സ്ട്രീപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ വിമാനമിറങ്ങുന്നതും കാത്ത് മലയോര നിവാസികള്‍
മാലദ്വീപ് മാതൃകയില്‍ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സീപ്ലെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലില്‍ ലാന്‍ഡ് ചെയ്തു. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. മാലദ്വീപ് മാതൃകയില്‍ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന് കളക്ടര്‍ അടക്കമുള്ള സംഘം വന്‍ സ്വീകരണമാണ് നല്‍കിയത്. ചെണ്ടമേളവുമായാണ് സീപ്ലയിനെ സ്വീകരിച്ചത്. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ നാളെ നടക്കുക. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുന്നത്. എയര്‍ സ്ട്രീപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ വിമാനമിറങ്ങുന്നു എന്നതാണ് പദ്ധതിയുടെ കൗതുകം. മലയോര നിവാസികളും പ്രതീക്ഷയിലാണ്.
വിജയവാഡയില്‍ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയല്‍ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. ട്രയല്‍ വിമാനം ലാന്‍ഡ് ചെയ്തതോടെ, സീപ്ലെയിന്‍ ടൂറിസം എന്ന സ്വപ്നത്തിലേക്ക് സുപ്രധാന ചുവട് വച്ചിരിക്കുകയാണ് കേരളം. കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സിയാല്‍ അധികൃതര്‍ ജലവിമാനത്തെ സ്വീകരിച്ചത്. സംരംഭത്തിന് സാങ്കേതിക വൈദഗ്ധ്യവും പിന്തുണയും നല്‍കി സിയാലും നിര്‍ണായക പങ്കാളിയായി.
കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്നാണ് പരീക്ഷണ പറക്കല്‍ നടക്കുന്നത്. ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി. വന്‍ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഒരുതവണ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീ പ്ലെയിന്‍. അന്ന് പദ്ധതിയോട് മുഖം തിരിച്ച സിപിഎമ്മാണ് ഇന്ന് സി പ്ലെയിന്‍ പറത്താന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിന്‍. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. അഷ്ടമുടി, പുന്നമടക്കായലുകളിലും മൂന്നാര്‍, ബോള്‍ഗാട്ടി, ബേക്കല്‍ എന്നിവിടങ്ങളിലും വാട്ടര്‍ എയറോഗ്രാം ഒരുക്കി സര്‍ക്യൂട്ട് ടൂര്‍ ആയിരുന്നു പദ്ധതി.
2020-ല്‍ രാജ്യത്ത് ആദ്യമായി ഗുജറാത്തില്‍ സി പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചു. ഗുജറാത്തിലേക്ക് പോയ സി പ്ലെയിന്‍ ഇന്ധം നിറയ്ക്കുന്നതിനായി കൊച്ചി കായലിലിറക്കിയപ്പോള്‍, നഷ്ടപ്പെട്ട പദ്ധതിയെ കേരളം വീണ്ടും ഓര്‍ത്തു. ഒന്നാം പിണറായി സര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും രണ്ടാം പിണറായി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ സമവായത്തിലെത്തി.
മാട്ടുപ്പെട്ടി അണക്കെട്ടില്‍ നാളെ രാവിലെയെത്തുന്ന സീ പ്ലെയിന്‍ (ജലവിമാനം) ഇറങ്ങുന്നതിനുള്ള എയ്‌റോഡ്രോം (വിമാനത്താവളം) തയാറായിക്കഴിഞ്ഞു. ഡിടിപിസി, ഹൈഡല്‍ ടൂറിസം എന്നിവയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുജെട്ടികള്‍ സംയോജിപ്പിച്ചാണ് ജലവിമാനമിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. നാളെ രാവിലെ 11നാണ് കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നു പറന്നുയരുന്ന ജലവിമാനം മാട്ടുപ്പെട്ടി അണക്കെട്ടില്‍ ലാന്‍ഡ് ചെയ്യുന്നത്.
ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാന്‍ കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സര്‍വീസുകള്‍ നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ (ഉഡേ ദേശ് ക ആം നാഗരിക്) എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്‍വീസ് നടത്തുന്നത്. പദ്ധതി വിജയമെന്നു കണ്ടാല്‍ സര്‍വീസ് തുടര്‍ച്ചയായി നടത്താനാണ് ലക്ഷ്യം.
സീപ്ലെയിന്‍ പദ്ധതി സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിന്‍ പ്രയോജനപ്പെടുത്താമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനമാണിത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിന് സമാനമായ വിമാനമാണിത്.