കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രിച്ചത് 'മാമി'യെങ്കില്‍ ആലപ്പുഴയില്‍ അത് 'അമ്മാവന്റെ' കൈയ്യിലായി; 17-ാം വയസ്സില്‍ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ക്ക് വിഷം നല്‍കി; 50-ാം വയസ്സില്‍ സുബിയെ ജീവിത സഖിയാക്കി; നാലു കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനുമായി; കുടുംബത്തെ പള്ളിപ്പുറത്ത് നിന്നും അകറ്റി ഏറ്റുമാനൂരില്‍ സുരക്ഷിതരാക്കി; ആ വീട് അച്ഛന്റെ പേരില്‍; പിന്നില്‍ താങ്ങും തണലുമായുള്ളത് വമ്പന്‍ കൂട്ടുകാര്‍; സെബാസ്റ്റ്യനുള്ളത് ദുരൂഹത മാത്രം നിറഞ്ഞ വ്യക്തിജീവിതം
ആലപ്പുഴ: സെബാസ്റ്റ്യന്‍ കൊടും ക്രിമിനല്‍ എന്ന വാദം ശക്തമാകുന്നു. ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ പ്രതിയാണ് സെബാസ്റ്റ്യന്‍. നാലമത് ഒരാളെ കൂടി സെബാസ്റ്റ്യന്‍ വകവരുത്തിയതായി സൂചനയുണ്ട്. അതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. ബന്ധുക്കള്‍ക്ക് ചോറില്‍ വിഷംകലര്‍ത്തി നല്‍കിയ ചരിത്രവും സെബാസ്റ്റ്യനുണ്ടത്രേ. 17-ാം വയസ്സിലായിരുന്നു ഇത്. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പിതാവിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് വിഷം നല്‍കിയത്. തലനാരിഴയ്ക്കാണ് അവര്‍ മൂന്നുപേരും രക്ഷപ്പെട്ടതെന്നു പറയുന്നു. സഹോദരങ്ങളുമായും അയല്‍വാസികളുമായും സെബാസ്റ്റ്യന്‍ പലഘട്ടത്തിലും തര്‍ക്കമുണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായിരുന്നു മാമി. മാമിയെ പോലെ ആലപ്പുഴയിലെ വന്‍കിട ഭൂമി ഇടപാടെല്ലാം കൈകാര്യം ചെയ്തത് സെബാസ്റ്റ്യനാണ്. മാമി തിരോധാന കേസ് തുമ്പില്ലാതെ പോലീസിനെ വലയ്ക്കുകയാണ്. ഇതിനിടെയാണ് സെബാസ്റ്റിയന്‍ കാരണം കാണാതായ സ്ത്രീകളുടെ കേസിലും പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വരുന്നത്. ആലപ്പുഴയില്‍ സെബാസ്റ്റ്യനെ എല്ലാവരും അമ്മാവന്‍ എന്നാണ് വിളിക്കുന്നത്.
50-ാം വയസ്സിലാണ് ഏറ്റുമാനൂരുകാരി സുബിയുമായുള്ള വിവാഹം. പിന്നീട് ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. ഇതിനൊപ്പം ലോഡ്ജിലും താമസിക്കും. ഇടയക്ക് പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവര്‍ഷമാണ് ആണ്‍കുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടില്‍ താമസിച്ചിട്ടുള്ളൂ. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട് ഇപ്പോഴും പിതാവ് മാത്യുവിന്റെ പേരിലാണെന്നാണ് സൂചന. ഈ വീട്ടില്‍ ഭാര്യയേയും മകനേയും കൊണ്ടു വരാത്തത് ദുരൂഹതകള്‍ അവര്‍ അറിയാതിരിക്കാനാണ് എന്നും വിലയിരുത്തലുണ്ട്. ബിന്ദു പത്മനാഭന്‍ കേസില്‍ നേരത്തെ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. അന്ന് ഒളിവില്‍ താമസിച്ചത് ഭാര്യയുടെ ബന്ധവിനൊപ്പമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം അവര്‍ക്കും അറിയാം. ഈ സാഹചര്യത്തിലാണ് സുബിയെ പോലീസ് പലവട്ടം ചോദ്യം ചെയ്തത്. എന്നാല്‍ സുബിയും പഠിച്ചു പറയുന്ന മൊഴിയാണ് പോലീസിന് നല്‍കിയത്. പള്ളിപ്പുറത്ത് അധികം വന്നിട്ടില്ലാത്തതു കൊണ്ട് തന്നെ മറ്റ് വിവരങ്ങള്‍ അവര്‍ക്ക് അറിയാനുള്ള സാധ്യതയും കുറവാണ്.
സെബാസ്റ്റിയന്‍ എസ്എസ്എല്‍സിവരെ പഠിച്ചിട്ടുണ്ട്. അതിന് ശേഷം സ്വകാര്യ ബസില്‍ ക്ലീനറായും ടാക്സി ഡ്രൈവറായും ജോലിചെയ്തു. പിന്നീട് വാഹന-വസ്തു വില്‍പ്പന ഇടനിലക്കാരനായി. ആദ്യം ഒരു അംബാസഡര്‍ കാറും പിന്നീട് പഴയ ഇന്നോവയും സ്വന്തമാക്കി. പണം പലിശയ്ക്കും നല്‍കിയിരുന്നു. കടത്തിലായവരെ പണംനല്‍കി സഹായിച്ച് അവരുടെ ഭൂമിയും സ്വന്തമാക്കുകയും രീതിയായിരുന്നു. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴും സെബാസ്റ്റിയന് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചെന്നാണ് പൊലീസ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സെബാസ്റ്റ്യന്‍ സമ്പാദിച്ച സമ്പത്ത് വിശ്വസ്തരായവരിലൂടെയാണ് ചെലവഴിക്കുന്നതെന്നാണ് വിവരം.കോഴിക്കോട്ടെ മാമി എന്ന റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ പോലെയാണ് സെബാസ്റ്റിയനും ആലപ്പുഴയില്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. എല്ലാ വമ്പന്‍ ഇടപാടുകളിലും സെബാസ്റ്റ്യന്‍ ഇടപെടുമായിരുന്നു.
കോടികളുടെ ഭൂമി വില്‍പ്പനയില്‍ സെബാസ്റ്റ്യന്‍ ഇടനിലക്കാരനായിരുന്നു. കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വ്യാജ ആധാരം ഉണ്ടാക്കി 1.36 കോടി രൂപയ്ക്കാണ് വിറ്റത്. ബിന്ദുവിന്റെ തന്നെ ചേര്‍ത്തലയിലെ കോടികള്‍ വില വരുന്ന ഭൂമികള്‍ 2003ല്‍ വിറ്റതില്‍ ഇയാള്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇങ്ങനെ നേടിയ വലിയ തുകകള്‍ തന്റെ വിശ്വസ്തരെ ഏല്‍പ്പിച്ച് അവര്‍ മുഖേനയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതെന്നാണ് പറയപ്പെടുന്നത്. ബെനാമികളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഇടപാടുകള്‍ നടന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചില ഉന്നതരെ പൊലീസ് ഇതിനോടകം തന്നെ നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം.
മുന്‍പ്, പോലീസ് കസ്റ്റഡിയിലായപ്പോഴും സെബാസ്റ്റ്യന് പുറത്തുനിന്ന് വലിയ സാമ്പത്തികസഹായം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച സമ്പത്ത് വിശ്വസ്തരായ പലരും വഴിയാണ് സെബാസ്റ്റ്യന്‍ ചെലവിടുന്നതെന്നു പറയുന്നു. കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയ്യാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62)യെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഹയറുമ്മയെ കാണാതായത്. സെബാസ്റ്റ്യന്റെ വിശ്വസ്തയും ആത്മസുഹൃത്തുമായ അയല്‍വാസി സ്ത്രീയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സംശയകരമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്.
ചേര്‍ത്തല സ്വദേശിനി ഹയറുമ്മയുടെ (ഐഷ) തിരോധാനക്കേസ് ചേര്‍ത്തല പോലീസ് പുനരന്വേഷിക്കും. ഇതിനായി പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്‍കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്. ജില്ലാ ക്രൈംബ്രാഞ്ചിന് ഒരുഘട്ടത്തില്‍ കേസ് കൈമാറിയിരുന്നു. നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2013-ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.