എല്ലാ പാക്കിസ്ഥാന്‍ പൗരന്മാരെയും കണ്ടെത്തി നാടുകടത്തണം; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി അമിത്ഷാ; വിസ റദ്ദാക്കലിന് പിന്നാലെ കടുത്ത നടപടികള്‍; ഭീകരാക്രമണത്തിലെ പാക് പങ്കിന്റെ തെളിവുകള്‍ വിദേശ നയതന്ത്ര പ്രതിനിധികളെ ധരിപ്പിച്ച് വിദേശകാര്യ മന്ത്രാലയം
എല്ലാ പാക്കിസ്ഥാന്‍ പൗരന്മാരെയും കണ്ടെത്തി നാടുകടത്തണം;
ന്യൂഡല്‍ഹി: തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരെയും കണ്ടെത്തി നാടുകടത്തണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് അമിത്ഷാ എല്ലാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് എല്ലാ പാക്ക് പൗരന്മാര്‍ക്കുമുള്ള വിസ ബുധനാഴ്ച ഇന്ത്യ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 27 ഓടെ എല്ലാ വിസകളും റദ്ദാക്കും.
ഭീകരാക്രമണത്തിലെ പാക്ക് പങ്കിന് തെളിവുണ്ടെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി, അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ ധരിപ്പിച്ചു.
പാക് പൗരന്മാരുടെ വിസ റദ്ദാക്കല്‍, ഇന്ത്യ പ്രഖ്യാപിച്ച അഞ്ചുനടപടികളില്‍ ഒന്നുമാത്രമാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നടക്കം കടുത്ത നടപടികളാണ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
അതേസമയം, ഇസ്ലാമിക ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പിന്തുണ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മൂന്ന് പതിറ്റാണ്ടായി ഭീകരസംഘടനകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്നുണ്ടെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ പൊതുവേദിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ശരിവച്ചാണ് ഖ്വാജ ആസിഫിന്റെ ഏറ്റുപറച്ചില്‍. പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നല്‍കി അഭിമുഖത്തിനിടെയാണ് ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം.
പാക്കിസ്ഥാന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ''ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.'' ഖ്വാജ ആസിഫ് പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്ഥാനാണ് പരോക്ഷമായി ഉത്തരവാദിയെന്ന് ഇന്ത്യ ആരോപിച്ച സാഹചര്യത്തിലാണ്, ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ ന്യായീകരിക്കുന്ന ഈ പരാമര്‍ശം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തീവ്രവാദികളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് സമ്മതിച്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി അതിന്റെ ഉത്തരവാദിത്തം യു എസ്, ബ്രിട്ടന്‍ ഉള്‍പ്പെടെ രാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. 'മൂന്ന് പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്' ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ദീര്‍ഘകാല ചരിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക യാല്‍ഡ ഹക്കിം ചോദിച്ചപ്പോള്‍ ഖ്വാജ ആസിഫ് പറഞ്ഞു.