സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടച്ച സാമര്‍ത്ഥ്യം; എക്‌സാലോജിക് പൂട്ടുമ്പോള്‍ കടമുണ്ടെങ്കില്‍ വിനയാകും; പിണറായിയുടെ മകള്‍ വ്യാജരേഖയും ചമച്ചോ? എസ് എഫ് ഐ ഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകളിലേക്ക്; കൊള്ളയടിച്ചത് ഖജനാവിലേക്ക എത്തേണ്ട തുകയോ?

കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വായ്പാത്തുക വക മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍(വീണ ടി) ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ വിജയന്‍ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും ആ കടം വീട്ടിയത് സിഎംആറില്‍ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ചെയ്യാത്ത സേവനത്തിലാണ് സിഎംആര്‍എല്ലില്‍ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരന്‍ കര്‍ത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നല്‍കിയത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുളള സ്ഥാപനമാണ് സിഎംആര്‍എല്‍.
സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആര്‍എല്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മകള്‍ കമ്പനി തുടങ്ങിയത് അമ്മ കമലയുടെ പെന്‍ഷന്‍ കൊണ്ടാണെന്ന പിണറായി വിജയന്റെ പ്രസ്താവനയും വീണക്ക് ബാധ്യതയാകും. കമലയുടെ പെന്‍ഷന്‍ കൊണ്ട് കമ്പനി തുടങ്ങിയ മകള്‍ വീണ വായ്പ എന്ന നിലയില്‍ കണക്കില്‍ കാണിച്ചത് 6 കോടി 15 ലക്ഷം. ഇതില്‍ 3.5 കോടിയും വീണ സ്വന്തം നിലയില്‍ വായ്പയായി കമ്പനിക്ക് നല്‍കിയതായാണ് ഓഡിറ്റ് ചെയ്ത കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 1 .90 ലക്ഷം ധനലക്ഷ്മി ബാങ്കില്‍ നിന്നുള്ള വായ്പയാണ്. 78 ലക്ഷം രൂപ കര്‍ത്തായുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ്. ഈ വായ്പകള്‍ എല്ലാം 2021 -22 ഓട് കൂടി തിരിച്ചടച്ചതായും രേഖകള്‍ പറയുന്നു.
കമ്പനി നിര്‍ത്തുമ്പോള്‍ വീണക്ക് ലഭിക്കാനുള്ള വായ്പ ബാധ്യത അകെ 78 ലക്ഷം മാത്രം. ഇതില്‍ കര്‍ത്തായുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചതായി രേഖകളിലൂടെ തെളിയിക്കാന്‍ സാധിക്കാത്തതും കമ്പനി കണക്കില്‍ കൃത്രിമം കാണിച്ചതായും എസ് എഫ് ഐ ഒ യുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കാരണം വീണയുടെ മാസപ്പടി സംഖ്യ 1.72 കോടി എന്നത് 2.78 കോടി രൂപ എന്ന് നിശ്ചയിക്കപ്പെട്ടു. കൂടാതെ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ എന്ന കമ്പനിയേക്കുടി പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുമുണ്ട്. വായ്പ എടുത്ത് തിരിച്ചടച്ചു എന്ന് വ്യാജരേഖയുണ്ടാക്കിയ ഗുരുതര ക്രമക്കേടു കൂടി വീണ വിജയന്‍ ചെയ്തിരിക്കുന്നു എന്ന് വിലയിരുത്തല്‍ സജീവമാണ്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മാസപ്പടി കൂടാതെ വായ്പയായി ലഭിച്ച തുക തിരിച്ച് നല്‍കാതെ നല്‍കിയെന്ന് കണക്കില്‍ കാണിച്ച് നടത്തിയുട്ടെങ്കില്‍ ആ തട്ടിപ്പ് ഗൗരവസ്വഭാവളുള്ളതാണ്. അത് കൊണ്ടാണ് ലോണ്‍ നല്‍കിയ കമ്പനിയെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തത്. ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയ പോലെ വായ്പ ആയി സ്വീകരിച്ച പണം തിരികെ നല്‍കാതെ നല്‍കി എന്ന് കള്ളക്കണക്കുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിഎംആര്‍എല്‍-എക്‌സാലോജിക് തട്ടിപ്പില്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പറയുന്നത്. എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കി എന്നതിനു തെളിവുകളില്ല. എന്നാല്‍, വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്‌സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആര്‍എല്‍ നല്‍കിയിരുന്നു.
വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയും കൂടി ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍നിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ പതിനൊന്നാം പ്രതിയാണ് വീണ. റിപ്പോര്‍ട്ട് നിലവില്‍ എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ കേസെടുക്കാനും മറ്റ് നടപടികള്‍ക്കും അഡിഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടെങ്കിലും 2 മാസത്തേക്ക് കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഹൈക്കോടതി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഈ കാലാവധി കഴിഞ്ഞാല്‍ കേസ് വീണ്ടും അഡിഷനല്‍ സെഷന്‍സ് കോടതിയിലെത്തും. തുടര്‍ന്ന് സമന്‍സ് അയയ്ക്കുകയും വിചാരണ നടത്തുകയും ചെയ്യും. ഇ.ഡി എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.