ആര്‍ട്ട് പടങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങാതെ മുഖ്യധാരാ സിനിമകളിലും ക്യാമറ കൊണ്ട് അദ്ഭുതം കാട്ടി; ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്‍; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു; ഷാജി എന്‍ കരുണ്‍ വിട വാങ്ങുന്നത് ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കാനുള്ള മോഹം ബാക്കിയാക്കി

ഷാജി എന്‍ കരുണ്‍ വിട വാങ്ങുന്നത് ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കാനുള്ള മോഹം ബാക്കിയാക്കി

Update: 2025-04-28 13:17 GMT

തിരുവനന്തപുരം: ലോക സിനിമയുടെ മുന്നില്‍ എക്കാലത്തും മലയാള സിനിമക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ പേരാണ് ഷാജി.എന്‍.കരുണ്‍. ഛായാഗ്രാഹകനും സംവിധായകനും എന്ന നിലയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് തന്നെയാണ് അദ്ദേഹം കാലയവനികക്കുള്ളില്‍ മറയുന്നത്.

അരവിന്ദന്റെ ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാന്‍ ആയിരുന്ന ഷാജി.എന്‍.കരുണ്‍ മലയാള സിനിമയിലെ നവഭാവുകത്വത്തിന് നേതൃത്വം നല്‍കിയ കെ.ജി.ജോര്‍ജ്ജിന്റെയും പത്മരാജന്റെയും പല ചിത്രങ്ങളുടേയും ക്യാമറ കൈകാര്യം ചെയ്തിരുന്നു. മുഖ്യധാരാ സിനിമകള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയുടേയും നഖക്ഷതങ്ങളുടേയും ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ഷാജി.എന്‍.കരുണ്‍ ആയിരുന്നു.




പിറവി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ അദ്ദേഹം അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ ശ്രദ്ധ നേടിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'ക്യാമറ ഡി ഓര്‍' പുരസ്‌കാരവും പിറവി സ്വന്തമാക്കിയിരുന്നു.



അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രശംസകള്‍ ഏറ്റുവാങ്ങിയ ഷാജി എന്‍ കരുണ്‍ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി 1999 ല്‍ പുറത്തിറങ്ങിയ 'വാനപ്രസ്ഥം'.

രഘുനാഥ് പാലേരിയും ഷാജി എന്‍ കരുണും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സ്വിസ് ഛായാഗ്രാഹകന്‍ റെനാറ്റൊ ബെര്‍ത്തയും സന്തോഷ് ശിവനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടി കൊടുത്തിരുന്നു. കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും വാനപ്രസ്ഥം സ്വന്തമാക്കി.




മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞികുട്ടന്‍ എന്ന കഥാപാത്രം. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയത്. വാനപ്രസ്ഥത്തിന് ശേഷം ഷാജി എന്‍ കരുണ്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ടി.പത്മനാഭന്റെ കടല്‍ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകാതെയാണ് ഷാജി.എന്‍.കരുണ്‍ യാത്രയാകുന്നത്.

എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടി തന്നു.

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.




കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി അദ്ദേഹം. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. 1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് 'ഫിയാഫി'ന്റെ അംഗീകാരം ലഭിച്ചതും. നിലവില്‍ സംസ്ഥന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആയിരുന്നു.

Tags:    

Similar News