ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധിക; ലോക്കല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ വാചാലയായത് 'ദിവ്യ പ്രണയത്തെക്കുറിച്ച്'; മനഃപാഠമാക്കിയിരുന്ന നുണകള്‍ പൊളിച്ചത് ക്രൈംബ്രാഞ്ച്; ആ ശബ്ദസന്ദേശങ്ങളും തുമ്പായി; ശിക്ഷാവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം

ഗ്രീഷ്മയുടെ ശിക്ഷാവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം

Update: 2025-01-17 11:21 GMT

തിരുവനന്തപുരം: നാഗര്‍കോവില്‍ സ്വദേശിയായ സൈനികനുമായി വിവാഹം തീരുമാനിച്ചതോടെ ഏതുവിധേനയും കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ ആസൂത്രിത നീക്കങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

പഠിക്കാന്‍ മിടുമിടുക്കിയായിരുന്ന ഗ്രീഷ്മ അതേ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, ലോക്കല്‍ പൊലീസിനെ കബളിപ്പിച്ച ആ അതിബുദ്ധി ക്രൈംബ്രാഞ്ചിന്റെ മുന്നില്‍ വിലപ്പോയില്ല. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ നീക്കങ്ങള്‍ എല്ലാം ഒന്നൊന്നായി തകര്‍ത്തു.

മാതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാന്‍ മിടുക്കിയും. തമിഴ്‌നാട് എം എസ് സര്‍വകലാശാലയില്‍ നിന്ന് നാലാം റാങ്കോടെയായിരുന്നു ഗ്രീഷ്മ ബിരുദം നേടിയത്. 2021 ഒക്ടോബര്‍ മുതലാണു ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ ഗ്രീഷ്മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചിരുന്നു.

2022 ഓഗസ്റ്റ് 22ന് പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച് ചെയ്തിരുന്നുപാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ചു വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികകള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു.

ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്. വീട്ടിലേക്കു വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങളും ഗ്രീഷ്മ സംസാരിച്ചു.

14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. 'കഷായം കുടിക്കാമെന്നു മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ വച്ച് ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു.

ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്നു ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നു ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

ഷഡാംഗ പാനീയം (ആയുര്‍വേദ മരുന്ന്) കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്നു ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നുണകള്‍ കൊണ്ട് വല നെയ്തു.... ഒടുവില്‍

ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികായിരുന്നു ഗ്രീഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ ഗ്രീഷ്മ പതറിയില്ല. ലോക്കല്‍ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ ഷാരോണുമായുള്ള 'ദിവ്യ പ്രണയത്തെക്കുറിച്ച്' ഗ്രീഷ്മ വാചാലയായി. അത്തരത്തില്‍ പ്രണയിക്കുന്ന ഒരാള്‍ക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് ഗ്രീഷ്മ ചോദിച്ചപ്പോള്‍ പൊലീസിനും ഉത്തരംമുട്ടി.ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കല്‍ പൊലീസ് ഒരുവേള വിശ്വസിച്ചു.

പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള ചോദ്യംചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. നേരത്തേ മനഃപാഠമാക്കിയിരുന്ന നുണകള്‍ ഒന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ വിലപ്പോയില്ല. പതറിപ്പോയ ഗ്രീഷ്മ താന്‍ ചെയ്ത കാര്യങ്ങള്‍ മറച്ചുപിടിക്കാന്‍ പറഞ്ഞ നുണകള്‍ തന്നെ ഗ്രീഷ്മയ്ക്ക് കുരുക്കായി മാറുകയും ചെയ്തു.

കഷായം കുറിച്ച് നല്‍കിയെന്ന് പറഞ്ഞ ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികള്‍ എതിരായതോടെ ഗ്രീഷ്മ ശരിക്കും കുടുങ്ങുകയായിരുന്നു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും പൊലീസിന് തുമ്പായി. ഒടുവില്‍ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

Similar News