'ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു; അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്; രക്തത്തില്‍ കുളിച്ച് ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനാണെന്ന് ആദ്യം മനസിലായില്ല'; എത്രസമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നാണ് സെയ്ഫ് ചോദിച്ചത്; നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ഓട്ടോ ഡ്രൈവര്‍
നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ഓട്ടോ ഡ്രൈവര്‍
മുംബൈ: ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ ബഹുനില കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കുത്തിപ്പരിക്കേല്‍പ്പിച്ച ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച നിമിഷങ്ങളിലെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ഓട്ടോഡ്രൈവര്‍. സാധാരണ അടിപിടി കേസാണെന്ന് കരുതിയാണ് നിലവിളി കേട്ടപ്പോള്‍ പോയതെന്നും ഗുരുതര പരിക്കുകളോടെ രക്തത്തില്‍ കുളിച്ചുനില്‍ക്കുന്നത് സെയ്ഫ് അലിഖാനാണെന്ന് ആദ്യം മനസിലായില്ലെന്നും ഓട്ടോ ഡ്രൈവര്‍ ബജന്‍ സിങ് റാണ പറയുന്നു. ആഢംബര കാറുകള്‍ അടക്കം സ്വന്തമായി ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇല്ലാതെ വന്നതോടെ സെയ്ഫിന്റെ കുടുംബാംഗങ്ങള്‍ വിഷമിച്ചപ്പോള്‍ ബജന്റെ സമയോചിത ഇടപെടലിലൂടെയാണ് സെയ്ഫ് അലിഖാനെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായതും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതും. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ബജന്‍ നടുക്കുന്ന അനുഭവം വ്യക്തമാക്കിയത്.
ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാന്‍ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്. സെയ്ഫ് അലിഖാനെ പ്രതീക്ഷിച്ചിരുന്നില്ല- ബജന്‍ പറയുന്നു. സെയ്ഫ് അലിഖാന്‍ രക്തം വാര്‍ന്നു കൊണ്ട് ഓട്ടോയിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും ബജന്‍ പറയുന്നു. മുറിവേറ്റ സെയ്ഫ് അലിഖാന്‍ ഓട്ടോയിലേക്ക് നടന്നുകയറി ഇരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എത്ര സമയം കൊണ്ട് ആശുപത്രിയിലേക്ക് എത്തുമെന്നായിരുന്നു സെയ്ഫ് ആദ്യം ചോദിക്കുന്നത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. കഴുത്തില്‍ നിന്നും പുറകുവശത്ത് നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രം രക്തം കൊണ്ട് കുതിര്‍ന്നിരുന്നു. ഞാന്‍ ഓട്ടോ പൈസ വാങ്ങിയില്ല. അദ്ദേഹത്തെ ആ സമയത്ത് സഹായിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.- ബജന്‍ പറയുന്നു
സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിന്‍ നാരായണന്‍ ഡാങ്കേ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശരീരം തളര്‍ന്നുപോവുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റശേഷം ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹം ചോരയില്‍ കുളിച്ചിരുന്നുവെന്നും പക്ഷേ ഒരു സിംഹത്തെ പോലെയാണ് അദ്ദേഹം മകന്‍ തൈമൂറിനൊപ്പം ആശുപത്രിയിലേക്ക് നടന്നുവന്നതെന്നും ലീലാവതി ആശുപത്രിയി മേധാവി നീരജ് ഉത്താമണി പറഞ്ഞു. സ്ട്രെക്ച്ചര്‍ പോലും ഉപയോഗിച്ചിരുന്നില്ലെന്നും യഥാര്‍ത്ഥ ഹീറോയാണ് അദ്ദേഹമെന്നും ഉത്താമണി പറഞ്ഞു. അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്നും കത്തി ഒരു രണ്ട് മില്ലീമീറ്റര്‍ ആഴ്ന്നിരുന്നുവെങ്കില്‍ ഗുരുതരമായ പരിക്കേല്‍ക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അതേ സമയം ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. കേസില്‍ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത ആള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം കൈപ്പറ്റിയതായും ബാക്കി ഭാഗത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളതായും പോലീസ് അറിയിച്ചു.
ആക്രമണവുമായി ഏതെങ്കിലും അധോലോക സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും മോഷണശ്രമം മാത്രമാണ് നടന്നതെന്നുമാണ് നിഗമനമെന്നും മഹാരാഷ്ട്രാ ആഭ്യന്തര നഗര വികസന സഹമന്ത്രി യോഗേഷ് കദം പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെട്ടത്. ശരീരത്തില്‍ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്. മൂന്നുദിവസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാര്‍ജ് ആക്കാമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.