മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി; തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് പരത്തി; തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞു; ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന് ബിന്ദു പറഞ്ഞത് ഗണേഷിന് ആശ്വാസം; എല്ലാം പ്രണയത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ചത് മന്ത്രിക്ക് തിരിച്ചടിയായി

മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി

Update: 2026-03-09 09:28 GMT

കൊട്ടാരക്കര: മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന നിലപാടിലാണ് ഭാര്യ ബിന്ദു മേനോന്‍. ഇത് ഗണേഷിന് ആശ്വസമാണ്. അതേസമയം തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി പിണറായിക്കും ഇടതുമുന്നണിക്കും തലവേദന ആകുകയാണ് ഇപ്പോഴത്തെ വിവാദം. വിഷയം കോണ്‍ഗ്രസ് ഇതിനോടകം ഏറ്റുപിടിച്ചിട്ടുണ്ട്. തനിക്ക്‌നേരിട്ട ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിരുന്നുവെന്നുമാണ് ബിന്ദു വെളിപ്പെടുത്തിയത്.

വിവാഹബന്ധത്തില്‍ വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുകയാണെന്നാണ് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയത്. ശ്രീലേഖ പ്രശ്‌നപരിഹാരത്തിനായി 2019ലും ഇടപെട്ടിരുന്നു. മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുണ്ട്. പല സ്ത്രീകളുടെയും പേരില്‍ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി.

മന്ത്രിയെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിശദമായി തന്നെ ബിന്ദു തുറന്നുപറച്ചില്‍ നടത്തി.

മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകള്‍ എല്ലാം കൈയില്‍ ഉണ്ട്. ബിജെപി കൗണ്‍സിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു.

പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി.

സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകള്‍ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് സഹായിയായ ശാന്തന്‍ ആണ്. പ്രദീപ് ആണ് വാതില്‍ അടച്ചത്. സഹായിയായ ശാന്തന്‍ ആണ് സ്ത്രീയെ കാറില്‍ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടില്‍ കണ്ടതിന് എല്ലാം തെളിവുകള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അലവലാതിത്തരങ്ങള്‍ വരുമെന്നും ഇതൊക്കെ താന്‍ പ്രതീക്ഷിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാര്‍ ആരോപണത്തോട് പ്രതികരിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രിയുടെ പരാമര്‍ശം. പ്രണയത്തേപ്പറ്റി ചോദിച്ചാല്‍, തനിക്ക് നിരവധിപ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ മാത്രം കണ്ടിരുന്ന ഞാന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് തനിക്കെതിരെ നിരവധി ആരോപണം ഉയര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭാര്യയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവര്‍ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ. അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന് കുശുമ്പുംകൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. അവരിങ്ങനെ പറയാന്‍ കാരണമെന്താണെന്ന് തനിക്ക് അറിയില്ല. അവര്‍ ബിജെപിക്കാരിയാണ്. ഞാന്‍ എല്‍ഡിഎഫ് കാരനാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു. അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു നല്ല പൊതുപ്രവര്‍ത്തകനാണോ, നല്ല എംഎല്‍എ ആണോ, പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാന്‍. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും പിന്നീട് ചോദിച്ചാല്‍ പ്രണയങ്ങളേപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങള്‍ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും തനിക്കെതിരെ ആരോപണങ്ങളുയര്‍ന്നുവെന്ന് ജനം ചിന്തിക്കും. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ഇത്തവണ ജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യം, വീടിനകത്തുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ല എന്ന് ഞാന്‍ കരുതി. പക്ഷെ നിങ്ങളുടെ അടുത്ത് എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. പ്രണയം ഒരു കുറ്റമല്ല, ചിലര്‍ ഒളിച്ചുവയ്ക്കുന്നു, ചിലര്‍ പരസ്യമാക്കുന്നു. മഹാത്മാ ഗാന്ധിയെപ്പോലും വെറുതെ വിടുന്നില്ല, പിന്നെ എന്നെ വെറുതെ വിടുമോ? ഏറ്റവുംകൂടുതല്‍ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹര്‍ലാല്‍ നെഹ്റു. മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, എംടി വാസുദേവന്‍ നായര്‍ ഇവരൊക്കെ പ്രണയത്തേപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ട്.

ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം. ഒരാള് മദ്യപിക്കുന്നു, അതയാളുടെ സ്വകാര്യമാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചാല്‍ ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. പത്തനാപുരത്തുകാര്‍ക്ക് 25 കൊല്ലമായിട്ട് എന്നെ അറിയാം. അതുകൊണ്ട് ഞാന്‍ ഇത്തവണയും ജയിക്കും. മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ കുശുമ്പാണ്. എല്ലാവരും പ്രണയിക്കൂ, അപ്പോള്‍ ആര്‍ക്കും അസൂയ ഉണ്ടാകില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരാളൊരു ബെന്‍സ്‌കാര്‍ വാങ്ങി. അപ്പോള്‍ ഞാനെന്റെ അച്ഛനോട് പറഞ്ഞു, അച്ഛാ അവര്‍ ബെന്‍സ് കാറ് വാങ്ങി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, എടാ എല്ലാവരും വാങ്ങട്ടെടാ. അപ്പോള്‍ നമ്മള് മാത്രം വാങ്ങുമ്പോള്‍ ആളുകള്‍ക്ക് അസൂയയുണ്ടാകില്ല എന്ന്. അതുപോലെ എല്ലാവരും പ്രണയിക്കൂ, അപ്പോള്‍ അസൂയ മാറും, ഗണേഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News