'സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നു; തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട; തനിക്ക് നിരവധി പ്രണയങ്ങളുണ്ട്; ആര്‍ ശ്രീലേഖയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം'; 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍

'സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം

Update: 2026-03-09 08:25 GMT

കൊച്ചി: ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആരോപണങ്ങളില്‍ പ്രതികരിച്ചു മന്ത്രി രംഗത്ത്. കുടുംബവുമായി ബന്ധപ്പെട്ട് ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ അടക്കം വാര്‍ത്തകളും എത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഗണേഷ്‌കുമാര്‍ രംഗത്തുവന്നത്.

സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നാണ് ഗണേഷ് കുമാര്‍ വിശദീകരിച്ചത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട കാര്യമില്ല. തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ല. തനിക്ക് നിരവധി പ്രണയങ്ങളുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഗണേഷിന്റെ ഭാര്യ ആര്‍ ശ്രീലേഖയെ പരാതി പറയാന്‍ വിളിച്ചിരുന്നു എന്ന കാര്യത്തിലും മന്ത്രി പ്രതികരിച്ചു. ആര്‍ ശ്രീലേഖ ആരാണ്, അവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യമാണെന്നും ഗണേഷ് പ്രതികരിച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും മന്ത്രി പറഞ്ഞു.

ഞാനൊരു മികച്ച പൊതു പ്രവര്‍ത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാര്‍ ഇത് വിശ്വസിക്കില്ല. എന്റെ എക്‌സ്‌റേ അവര്‍ക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളില്‍ തന്നെ ശത്രുകള്‍ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോണമായിരുന്നു. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകള്‍ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ആരോപണം ഉയര്‍ത്തി മാതൃഭൂമി ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയത്.

കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു; മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ എന്ന തലകട്ടിലായിരുന്നുവാര്‍ത്ത. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോള്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുപ്രകാരം തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ കൈകാര്യം ചെയ്യുന്ന 112 നമ്പറില്‍ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പോലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നു..

വീട്ടില്‍ തിരിച്ചുകയറിയ ഇവര്‍ വീണ്ടും ഫോട്ടോകള്‍ എടുത്തു. ഭാര്യയില്‍നിന്ന് മൊബൈല്‍ കൈക്കലാക്കാന്‍ സഹായികളായ പ്രദീപിനോടും ശാന്തനോടും നിര്‍ദേശം നല്‍കുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതില്‍ കുറ്റിയിട്ട് സഹായികള്‍ ഇവരില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിട്ടുകൊടുത്തില്ല.

ഇതിനിടയില്‍ പോലീസിന്റെ സഹായത്തിനായി ഉച്ചത്തില്‍ കരഞ്ഞ് അപേക്ഷിച്ചു. പിടിവലികള്‍ക്കിടിയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പോലീസ് സംഘത്തെ കാണാതിരുന്നതിനാല്‍ താന്‍ വന്ന ടാക്സി കാറില്‍ തിരിച്ചുപോവുകയായിരുന്നു.-മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുമായി ബന്ധപ്പെട്ടപ്പോള്‍ ഇതെല്ലാം അവര്‍ സ്ഥിരികരിച്ചതായും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതായും കാര്യങ്ങള്‍ കേട്ടപ്പോള്‍ ഉടന്‍ത്തന്നെ 112 നമ്പറില്‍ വിളിക്കാനാണ് താന്‍ പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു. കൗണ്‍സിലര്‍ എന്ന നിലയ്ക്കോ ബിജെപി നേതാവ് എന്ന നിലയ്ക്കോ അല്ല, ഭര്‍ത്താവിന്റെ സഹോദരി എന്ന നിലയ്ക്കാണ് താന്‍ ഗണേഷിന്റെ ഭാര്യയോട് സംസാരിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Tags:    

Similar News