യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിലെ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 ഇന്ത്യക്കാരെ കാണാനില്ല; വിവരം കിട്ടിയ 126 പേരില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി; അവശേഷിക്കുന്നത് 18 പേര്‍; തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിലെ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

Update: 2025-01-17 11:42 GMT

ന്യൂഡല്‍ഹി: യുക്രെയിന് എതിരായ യുദ്ധത്തിനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിനുമായുള്ള യുദ്ധത്തിന് റഷ്യ നിയോഗിച്ച സൈന്യത്തിലെ 16 ഇന്ത്യക്കാരെ കാണാനില്ലെന്നും മന്ത്രാലയം അറിയിച്ചു.

തൃശൂര്‍ സ്വദേശി ബിനില്‍ ബാബു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. ' റഷ്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന 126 പേരുടെ വിവരമാണുള്ളത്. അതില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങുകയും, റഷ്യന്‍ സേനയില്‍ നിന്ന് വിടുതല്‍ ലഭിക്കുകയും ചെയ്തു. 18 ഇന്ത്യാക്കാര്‍ ഇപ്പോഴും അവശേഷിക്കുന്നു. അവരില്‍ 16 പേരുടെ വിവരമൊന്നുമില്ല.'- വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

16 ഇന്ത്യന്‍ പൗരന്മാരെ കാണാതായവരുടെ പട്ടികയിലാണ് റഷ്യ പെടുത്തിയിരിക്കുന്നത്. അവശേഷിക്കുന്നവരെ എത്രയും വേഗം വിട്ടുകിട്ടാനായി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയിനുമായുള്ള റഷ്യയുടെ ഏറ്റുമുട്ടലിനിടെ 12 ഇന്ത്യാക്കാരെങ്കിലും കൊല്ലപ്പട്ടതായാണ് വിവരം.

ബിനില്‍ ബാബുവിന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ബിനിലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ റഷ്യന്‍ അധികാരികളുമായി ഇന്ത്യന്‍ ഏംബസി ബന്ധപ്പെട്ടുവരികയാണ്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ ബിനിലിന്റെ ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണ്. പരുക്ക് ഭേദമായാല്‍ ജെയിന്‍ നാട്ടിലേക്ക് മടങ്ങും.


റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍-126

മടങ്ങിയെത്തിയവര്‍-96

കൊല്ലപ്പെട്ടവര്‍-12

അവശേഷിക്കുന്നവര്‍-18

കാണാതായവര്‍-16

ബിനില്‍ ബാബു യുക്രെയിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ ഇടപെടലുമായി വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. റഷ്യന്‍ സൈന്യത്തില്‍ കൂലിപ്പട്ടാളമായി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരെയും വിട്ടയ്ക്കണമെന്നാണ് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്.

'ഈ വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികൃതരുമായും, ന്യൂഡല്‍ഹിയിലെ റഷ്യന്‍ ഏംബസിയെയും ധരിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം മടക്കി അയയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. റഷ്യന്‍ സൈനിക യൂണിറ്റുകളില്‍ പാചകക്കാരും സഹായികളും പോലുള്ള സപ്പോര്‍ട്ട് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, 85 ഇന്ത്യാക്കാരെ റഷ്യന്‍ സൈന്യം വിട്ടയച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ കസാനില്‍ വച്ച് നടന്ന 16 ാമത് ബ്രിക്സ് ഉച്ചകോടിയില്‍ വ്ളാഡിമിര്‍ പുട്ടിനുമുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉന്നയിച്ചിരുന്നു.

ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍(36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു.

Similar News