വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസം മുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി; മേമല സ്വദേശിനിയുടെ പരാതിയില്‍ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം; മൊട്ടുസൂചി കണ്ടെത്തിയത് വ്യാഴാഴ്ച കഴിക്കാനെടുത്ത ഗുളികയില്‍

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസം മുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി

Update: 2025-01-17 15:58 GMT

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി. മേമല ഉരുളുകുന്ന് സ്വദേശി വസന്തയ്ക്കാണു ഗുളികയില്‍ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിനു നല്‍കിയ സി-മോക്‌സ് ക്യാപ്‌സൂളിലായിരുന്നു സൂചി. ഗുളികക്കുള്ളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്.

വിതുര പൊലീസിലും മെഡിക്കല്‍ ഓഫിസര്‍ക്കും വസന്ത പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അഡിഷനല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.

വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടു സൂചി കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഈ ഗുളിക കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്തിയത്.

പിന്നാലെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വസന്തയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.എസ്.ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയില്‍ നിന്നും മൊഴിയെടുത്തു. മൊട്ടുസൂചിയും ക്യാപ്‌സ്യൂളും വിശദമായ പരിശോധനയ്ക്കായി സംഘം കസ്റ്റഡിയിലെടുത്തു.

ക്യാപ്‌സുളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്‌നമില്ലെന്ന് ഡോ.കെ.എസ്.ഷിബു പറഞ്ഞു. മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ഗുളികയ്ക്കുള്ളില്‍ എങ്ങനെ വന്നുവെന്ന് വ്യക്തതയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുളിക പുറത്തിറക്കിയ മെഡിക്കല്‍ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.


Similar News