വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദം

വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്

Update: 2025-02-06 11:32 GMT

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം കേസില്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വാദിച്ചു. വിഷം നല്‍കിയെന്ന് പറയപ്പെടുന്നത് തമിഴ്‌നാട്ടില്‍ വെച്ചാണ്. ജ്യൂസില്‍ പാരസെറ്റമോള്‍ മിക്‌സ് ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധി. പ്രൊസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍ എന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നതുമൂലമാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന കണ്ടെത്തല്‍ തെറ്റാണ്. ഗ്രീഷ്മയും അമ്മാവനുമായി ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കേസിന്റെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. കഷായം നല്‍കി എന്നതിന് സാഹചര്യ തെളിവുകളില്ല. വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.

രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്കു മാറ്റുകയുള്ളൂ. സാധാരണ തടവുകാര്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ ജയിലിനുള്ളില്‍ ലഭിക്കുമെങ്കിലും ഇവര്‍ക്കു മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും. ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി.ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

Tags:    

Similar News