16 ലക്ഷവും ഒട്ടേറെ സമ്മാനങ്ങളും ആദ്യം സ്വന്തമാക്കി; വില്‍ പത്രം തിരുത്തി വീടും എഴുതി കൊടുത്തു; ശുശ്രൂഷിക്കാന്‍ ചെന്ന വെയില്‍സിലെ ഇംഗ്ലീഷുകാരനെ പറ്റിച്ചതിന് രജിസ്ട്രേഷന്‍ റദ്ദാക്കിയ മലയാളി നഴ്‌സ് അനിത ജോര്‍ജിനെതിരെ മക്കള്‍ രംഗത്ത്

മലയാളി നഴ്‌സ് അനിത ജോര്‍ജിനെതിരെ മക്കള്‍ രംഗത്ത്

Update: 2025-02-08 03:41 GMT

സ്വാന്‍സി: പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട, ധാനാഢ്യനും ബിസിനസ്സുകാരനുമായ എഴുപതുകാരനുമായി സൗഹൃദം കൂടി പണവും മറ്റും അടിച്ചു മാറ്റി എന്ന കുറ്റത്തിന് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട മലയാളി നഴ്സ്, അനിത ജോര്‍ജ്ജിനെതിരെ ധനാഢ്യന്റെ മക്കള്‍ രംഗത്ത്. ഇയാന്‍ പെര്‍സിവല്‍ എന്ന ഇന്‍ഷുറന്‍സ് ബ്രോക്കറും, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനുമായ വ്യക്തി തന്റെ പതിവ് നടത്തത്തിനിടയിലായിരുന്നു അനിത ജോര്‍ജ്ജിനെ പരിചയപ്പെടുന്നത്. സ്വാന്‍സീയില്‍ വെച്ച് ഇയാള്‍ അനിതയെ ആദ്യമായി കാണുമ്പോള്‍, അവര്‍ കരയുകയായിരുന്നു എന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധങ്ങളിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണമായിരുന്നു അവര്‍ കരഞ്ഞത് എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രദേശത്തെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കുമായിരുന്ന ഇയാന്‍, വിശ്വസിക്കാന്‍ കഴിയുന്ന ഒരു നഴ്സ് എന്ന രീതിയില്‍ അനിതയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ ഭാര്യ മാര്‍ഗരറ്റിനെ നോക്കുന്നതിനുള്ള ചുമതല അവരെ ഏല്‍പ്പിച്ചതിന് ശേഷം തന്റെ വീടുകളില്‍ ഒന്നില്‍ താമസിക്കാനുള്ള സൗകര്യവും അയാള്‍ ഏര്‍പ്പാടാക്കി. വിവാഹിതരായി അമ്പത് വര്‍ഷക്കാലത്തിലേറെയായി ഒരുമിച്ച് താമസിക്കുന്ന ഇയാനും മാര്‍ഗരറ്റും സ്വാന്‍സീ പ്രദേശത്ത് ഏറേ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ്. നടക്കാന്‍ പ്രയാസപ്പെടുന്ന മാര്‍ഗരറ്റിനെ അവരുടെ ദൈനംദിന കര്‍മ്മങ്ങളില്‍ സഹായിക്കുക എന്നതായിരുന്നു അനിതയുടെ പ്രധാന ചുമതല.

ഇയാന്റെ അനിതയുമായുള്ള ആദ്യ കൂടിക്കാഴ്ച യാദൃശ്ചികമായി സംഭവിച്ചതാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് ഇപ്പോള്‍ ഇയാന്റെ മകള്‍ ഹെലെന്‍ പറയുന്നത്. ആദ്യം മുതല്‍ തന്നെ അനിതയുടെ പെരുമാറ്റ രീതികളില്‍ സംശയം തോന്നിയിരുന്നതായി ഇപ്പോള്‍ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുള്ള ഇയാന്റെ മകന്‍ റിച്ചാര്‍ഡും പറയുന്നു. അനിത വീട്ടിലെത്തി ഏറെ കഴിയും മുന്‍പ് തന്നെ അനിതയും തങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ മക്കള്‍ക്ക് ആശങ്ക ഉളവാകാന്‍ തുടങ്ങിയിരുന്നു. അതിനിടെ ഇയാന്‍ കാന്‍സര്‍ ബാധിതനായതോടെ അയാളെ ശുശ്രൂഷിക്കുന്ന ചുമതലയും കാന്‍സര്‍ നഴ്സ് കൂടിയായ അനിത ഏറ്റെടുത്തു.

ഇതോടെ, അനിത മാര്‍ഗരറ്റിനെ അവഗണിക്കാന്‍ തുടങ്ങിയതായി റിച്ചാര്‍ഡ് പറയുന്നു. അതേസമയം, ആദ്യമാദ്യം അനിതയെ തികഞ്ഞ വിശ്വാസമായിരുന്ന ഹെലെന്‍ പറയുന്നത് 2016 ഡിസംബറില്‍ ഇയാന്‍ മരണമടയുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അനിതയില്‍ സംശയം തോന്നാന്‍ തുടങ്ങിയത് എന്നാണ്. മാര്‍ഗരറ്റിനെ ശുശ്രൂഷിക്കാന്‍ തയ്യാറാകാതിരുന്ന അനിത ഇയാനില്‍ കൂടുതല്‍ താത്പര്യം കാണിക്കാന്‍ തുടങ്ങിയെന്നും ഹെലെന്‍ പറയുന്നു.

ഇയാന്റെ മരണശേഷമാണ് അനിത തങ്ങളുടെ പിതാവുമായി എത്ര അടുപ്പം കാത്തു സൂക്ഷിച്ചതായി മക്കള്‍ മനസ്സിലാക്കുന്നത്. ആശാസ്യമല്ലാത്ത രീതിയിലുള്ള ബന്ധം ഇയാനുമായി പുലര്‍ത്തിയ അനിത അയാളെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നതായി അവര്‍ പറയുന്നു. അതോടെ, അവര്‍ അമ്മയെ, തങ്ങള്‍ക്കൊപ്പം ആസ്‌ട്രേലിയയിലേക്ക് കൊണ്ടുവരികയായിരുന്നു. പിതാവിന്റെ കംബ്യൂട്ടറില്‍ നിന്നായിരുന്നു അനിതയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിച്ചാര്‍ഡ് പറയുന്നത്. 15,000 പൗണ്ട് ക്യാഷായും അതിനു പുറമെ ഓഹരികള്‍, കാര്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു വീട് എന്നിവയും അവര്‍ക്ക് നല്‍കിയതായി മനസ്സിലാക്കുന്നു എന്നും അയാള്‍ പറയുന്നു.

ഇയാന്റെ ഏറ്റവും അടുത്ത ബന്ധുവായാണ് അനിത പലയിടത്തും സ്വയം ലിസ്റ്റ് ചെയ്തത്. ചില മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ മകളായും, ദത്തെടുത്ത മകളായുമൊക്കെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം, ഇയാന്റെ ഭാര്യയുടെയോ മക്കളുടെയോ അനുമതിയില്ലാതെയാണ് ചെയ്തിരിക്കുന്നത്. നീണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇയാന്റെ കുടുംബത്തിന് നീതി ലഭിച്ചിരിക്കുന്നത്. വിശ്വാസ ലംഘനം നടത്തിയതിനും പ്രൊഫഷണല്‍ റ്റാന്‍ഡേര്‍ഡുകള്‍ കാത്തു സൂക്ഷിക്കാത്തതിനും നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി) ഇവരെ റെജിസ്റ്ററില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ നീക്കം ചെയ്തിരുന്നു.

എന്നാല്‍, ഇതെല്ലാം സംഭവിച്ചത്, നഴ്സ് എന്ന ഔദ്യോഗിക ചുമതലയുടെ പരിധിക്ക് പുറത്തായിരുന്നു എന്നും, ഇപ്പോള്‍ അവര്‍ വിവാഹിതയായതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇടയില്ലെന്നുമായിരുന്നു അനിതയുടെ അഭിഭാഷകര്‍ വിചാരണയില്‍ വാദിച്ചത്.

Tags:    

Similar News