'തനിക്ക് പാകമാകാത്തതിനാല്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ച ഷൂസോ? 'എഐസിസി സമ്മേളനത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഷൂ ഇട്ടെന്ന സൈബര്‍ പ്രചാരണം കടുത്തതോടെ മറുപടിയുമായി വി ഡി സതീശന്‍; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് താന്‍ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ്
മൂന്ന് ലക്ഷത്തിന്റെ ഷൂ ഇട്ടെന്ന സൈബര്‍ പ്രചാരണം കടുത്തതോടെ മറുപടിയുമായി വി ഡി സതീശന്‍
കൊച്ചി: ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂസിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ. 'ക്ലൗഡ്ടില്‍റ്റി'ന്റെ വിലയേറിയ ഷൂസാണ് വി ഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയത്.
നേരത്തെ, ഡല്‍ഹിയില്‍ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായിരുന്നു.'വീണയുടെ ബാഗ് കണ്ടവര്‍ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങനെ?' എന്നായിരുന്നു ചില കമന്റുകള്‍. അതേസമയം സൈബര്‍ പ്രചാരണത്തിന് മറുപടിയുമായി വി ഡി സതീശന്‍ രംഗത്തെത്തി.
'മൂന്ന് ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം സൈബര്‍ ഹാന്‍ഡിലുകളാണ് പ്രചരിപ്പിച്ചത്. ആരു വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നല്‍കാം. 3 ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് ഞാന്‍ നല്‍കാം. ഇതില്‍ കൂടുതല്‍ എനിക്ക് ചെയ്യാനാകില്ല. ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9,000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില.
ഭാരത് ജോഡോ യാത്രയുടെ സമയത്ത് മോശം ഷൂവാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ടു വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആരു വന്നാലും ആ ഷൂ നല്‍കാം. അത് എനിക്ക് ലാഭമാണ്'' സതീശന്‍ പറഞ്ഞു.
ഒറിജിനല്‍ ആണെങ്കില്‍ പണത്തിന്റെ സോഴ്സ് കാണിക്കേണ്ടി വരുമെന്നും വ്യാജനാണെങ്കില്‍ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാമെന്നും ഒക്കെ ചിലര്‍ കമന്റ് ചെയ്തിരുന്നു. തനിക്ക് പാകമാകാത്തതിനാല്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ചതാകുമെന്നതടക്കമുള്ള രസകരമായ കമന്റുകളും വന്നു.
ഈ ഷൂവിന്റെ ചിത്രം കാണിച്ച് കമ്മികള്‍ സതീശനെ പരിഹസിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. തനിക്ക് പാകമല്ലാത്തതിനാല്‍ രാഹുല്‍ജി സതീശന് കൊടുത്തതാവും!, അല്ലാതെ ഇത്ര വിലയുള്ള ഷൂ വാങ്ങാന്‍ സതീശന് പിരാന്തുണ്ടോ?' ....ഇങ്ങനെയായിരുന്നു ചര്‍ച്ച
ഡല്‍ഹിയിലേക്ക് പോയപ്പോള്‍ വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി എന്നെഴുതിയതായിരുന്നു നേരത്തെയുള്ള ചര്‍ച്ച. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.
എന്തായാലും, പിന്നീട് വി ഡി സതീശന്‍ ധരിച്ച ഷൂസിന്റെ യഥാര്‍ത്ഥ വില പുറത്തുവന്നു. 9,529 രൂപയുടെ 'ഓണ്‍ റണ്ണിംഗ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശന്‍ ധരിച്ചത്