'ജോലി നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്റെ വേദനയേയുള്ളൂ; വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹം': മന്ത്രിസഭാ തീരുമാനത്തിന് നന്ദി അറിയിച്ച് ശ്രുതി

മന്ത്രിസഭാ തീരുമാനത്തിന് നന്ദി അറിയിച്ച് ശ്രുതി

Update: 2024-10-03 09:38 GMT

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്തെയും പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയുടെ കഥ കേരളത്തിന് വലിയ നൊമ്പരം സമ്മാനിച്ചതായിരുന്നു. ഇ യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ തീരുമാനത്തോട് നന്ദി അറിയിച്ചിരിക്കയാണ് ശ്രുതിയിപ്പോള്‍.

സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മന്ത്രിസഭാ തീരുമാനത്തില്‍ സന്തോഷമെന്ന് ശ്രുതി പ്രതികരിച്ചു. ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാര്‍ത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു.

വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നല്‍കും.മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികളള്‍ ഉണ്ട്. ഇതില്‍ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ്. ഈ രണ്ടിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ശ്രുതിയും ജെന്‍സണും സ്‌കൂള്‍കാലംമുതല്‍ സുഹൃത്തുക്കളായിരുന്നു. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വര്‍ണവും പണവും വീടും ഉരുള്‍ കൊണ്ടുപോയിരുന്നു. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ശ്രുതിക്ക് എന്തിനും കൂടെയൊരാള്‍ വേണമെന്ന ബോധ്യത്തില്‍ ഈ മാസം അവസാനത്തില്‍ വെറും ചടങ്ങുമാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെന്‍സണ്‍.

ഇതിനിടയൊണ് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ വെള്ളാരംകുന്നില്‍ ശ്രുതിക്കൊപ്പം വാനില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെന്‍സണ് സാരമായി പരിക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജെന്‍സണ്‍ മരിച്ചിരുന്നു. ഇത് യുവതിക്ക് വലിയ വേദന തീര്‍ക്കുന്ന സംഭവമായി മാറിയിരുന്നു.

Tags:    

Similar News