'ഒരാള്‍ ഉപദ്രവിച്ചാല്‍ 20 കൊല്ലം കാത്തിരിക്കണമെന്നില്ല, അപ്പോള്‍ അടിക്കണം കരണം നോക്കി; ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം': സിദ്ദിക്കിന് ബൂമറാംഗായി പഴയ വാക്കുകള്‍ വൈറല്‍

സിദ്ദിക്കിന് ബൂമറാംഗായി പഴയ വാക്കുകള്‍ വൈറല്‍

Update: 2024-09-25 09:46 GMT

കൊച്ചി:'ജീവിതം ബൂമറാംഗ് ആണെന്നും നിങ്ങള്‍ കൊടുത്തതാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുകയെന്നുമുളള' സിദ്ധിക്കിന് എതിരായ പരാതിക്കാരിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും, സിദ്ദിക്കിന് എതിരെ പ്രഥമദൃഷ്ട്യാ ബലാല്‍സംഗ കുറ്റം നിലനില്‍ക്കുമെന്നും വ്യക്തമാക്കിയതോടെ നടന്‍ ഒളിവിലാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് സിദ്ദിക് 2018 ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീസുരക്ഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.

സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാല്‍, പ്രതികരിക്കാന്‍ 20 വര്‍ഷം കാത്തിരിക്കാതെ അപ്പോള്‍ മുഖത്തടിക്കണമെന്നായിരുന്നു സിദ്ദിക്കിന്റെ പക്ഷം. അന്ന് സജീവമായിരുന്ന 'മി ടൂ' ക്യാംപെയ്‌നെ കുറിച്ചായിരുന്നു പ്രതികരണം.

'' മീ ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്‌നാണ്. അത് സിനിമാ നടിമാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും നല്ലതാണ്. ഒരാള്‍ ഉപദ്രവിച്ചാല്‍ അയാളുടെ പേരു വെളിപ്പെടുത്തണമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോള്‍ അടിക്കണം കരണം നോക്കി. ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോള്‍ ധൈര്യം ഉണ്ടായി എന്നു പറയാന്‍ നില്‍ക്കരുത്. എല്ലാ പെണ്‍കുട്ടികളോടൊപ്പവും കേരള ജനത മുഴുവന്‍ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ' 2018 ഒക്ടോബര്‍ 15ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിക്ക് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതി സ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ 'അമ്മ' ശ്രമിക്കില്ലെന്നും 2024 ഓഗസ്റ്റ് 23ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞിരുന്നു. '' മാധ്യമങ്ങള്‍ 'അമ്മ'യെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതും സിനിമ മേഖലയെ അടച്ചാക്ഷേപിക്കുന്നതും സങ്കടകരമാണ്. കേസെടുത്ത് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നിയമനടപടികള്‍ക്ക് സഹായം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കും. പരാതിക്കാരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. തുടര്‍ നടപടി സര്‍ക്കാര്‍ തീരുമാനിക്കണം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനിക്കും''സിദ്ദിക്ക് പറഞ്ഞു.


അതേസമയം, കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിക്ക് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിക്കിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിക്കിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ പരാതിക്കാരിയും തീരുമാനിച്ചു. ഇതോടെ വലിയ നിയമ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

സിദ്ദിക്കിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായാണ് വിവരം. ആലപ്പുഴയിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിക്കിനായി പൊലീസ് തിരച്ചില്‍ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ആണ് കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇത് പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള നീക്കമായും വിലയിരുത്തലുണ്ട്. ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കീഴടങ്ങാനുള്ള ആലോചനകളും സിദ്ദിക്ക് നടത്തുന്നുണ്ട്.

സിദ്ദിക്കിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് പരാതി നല്‍കിയത് അടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം. സിദ്ദിക്കിന്റെ മകന്‍ രാത്രി വൈകിയും കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സിദ്ദിക്കിനെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനും വെല്ലുവിളിയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിക്കിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലര്‍ത്തുന്നതെന്നാണ് ആരോപണം.

Tags:    

Similar News