'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനം
തുടരും സിമി നിരോധനം
ഒരു മതേതര രാജ്യമായ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം നടത്തിയ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സിമി യുടെ നിരോധനം തുടരുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. 2024 ജൂലൈ 24 -ലെ കേന്ദ്ര ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. സിമി മുന്‍ അംഗം ഹുമാം അഹമ്മദ് സിദ്ദിഖിയാണ് ഹര്‍ജിക്കാരന്‍.
2024 ജനുവരി 29-ന് സിമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പ്രകാരമാണ് നടപടി. 2001-ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് സിമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് ഈ നിരോധനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. യുഎസിലെ 9/11 ഭീകരാക്രമണത്തിന് പിന്നാലെ അല്‍ഖായ്ദയുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേരളത്തില്‍ വലിയ വേരുകള്‍
ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനായി അറിയപ്പെട്ടിരുന്ന സിമി, ഇന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായാണ് അറിയപ്പെടുന്നത്. എന്‍ഡിഎഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആദ്യകാല രൂപവും അതുതന്നെ്. 1977 ഏപ്രില്‍ 25 ന് അലിഗഡ് മുസ്ലീം സര്‍വകലാശാല കേന്ദ്രീകരിച്ചാണ് ഭീകരസംഘടന രൂപീകരിച്ചത്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക, ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവര്‍ത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അലീഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് സിമി രൂപവത്കരിച്ചത്. 1940-കളില്‍ തന്നെ ഇസ്ലാമിക വിദ്യാര്‍ത്ഥി കൂട്ടായ്മ രൂപവത്കരിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ അതിനായില്ല. വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തില്‍ നിലവില്‍ വന്നു. എസ്.ഐ.യു. എസ്.ഐ.എസ്, എം.എസ്.എ, എം.എസ്.വൈ.ഒ., ഐ.എസ്.എല്‍, ഹല്‍ഖയെ ത്വയ്യിബയെ ഇസ്ലാമി തുടങ്ങിയവ അവയില്‍ ചിലതാണ്. 1975- ലെ അടിയന്തരാവസ്ഥക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് വേറിട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമം നടന്നത്.
ഡോ. അഹ്‌മദുല്ലാഹ് സിദ്ദീഖിയായിരുന്നു സിമിയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്. എന്നാല്‍ സിമി രൂപവത്കരണ വേളയിലെ നയനിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍ണമായും തീവ്രവാദ നിലാപിടിലേക്കെത്തിചേര്‍ന്നെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. പി.എം.അബ്ദുസ്ലാമായിരുന്നു കേരളാ ഘടകത്തിന്റെ ആദ്യ നേതാവ്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് സംഘടന ഉണ്ടായതെങ്കിലും, ഒരുകാലത്ത് പോഷക സംഘടനയെപ്പോലെയാണ് അത് പ്രവര്‍ത്തിച്ചതെങ്കിലും. ഇന്ന് പല ജമാഅത്ത് നേതാക്കളും സിമി ബന്ധം നിഷേധിക്കുന്നുണ്ട്.
സിമിയും ജമാഅത്തെയും തെറ്റുന്നു
ഫലസ്തീന്‍ നേതാവായ അറാഫത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ എതിര്‍ത്ത സിമി ഡല്‍ഹിയില്‍ യാസര്‍ അറാഫത്തിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് ജമാ അത്തെ ഇസ്ലാമിയെ സിമിയില്‍ നിന്നകറ്റി. എന്നിരുന്നാലും 1987 വരെയുള്ള കാലഘട്ടത്തിലെ എല്ലാ സിമി ദേശീയ നേതാക്കന്മാരും ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയിലെ തല മുതിര്‍ന്ന നേതാക്കന്മാരാണ്‍. ഡോ. അഹ്‌മദുല്ലാഹ് സിദീഖി, ജാമിയ മില്ലീയ സര്‍വകലാശാലയിലെ ഡോ. മുഹമ്മദ് റഫത്ത്, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവും ജമാ അത്തെ ഇസ്ലാമി നേതാവുമായ ഡോ. എസ്.ക്യൂ.ആര്‍ ഇലിയാസ്. ഡോ. സലീം ഖാന്‍ തുടങ്ങിയ സിമി പ്രസിഡന്റുമാര്‍ ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സ്ഥാനം വഹിച്ചവരാണ്.
സിമി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും തീവ്ര നിലപാടിന്റേതായിരുന്നു. സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നും അതിനെതിരേ വിമര്‍ശനങ്ങള്‍ വന്നിട്ടുമുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, ദേശീയത തകര്‍ക്കുക, ഖിലാഫത്ത് സ്ഥാപിക്കുക, ഇന്ത്യയിലെ അമുസ്ലിങ്ങളെ ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ പരിവര്‍ത്തനം ചെയ്യുക തുടങ്ങിയവയായിരുന്നു സിമിയുടെ ആശയങ്ങള്‍.
30 വയസ് വരെയുള്ള യുവാക്കളും യുവതികളുമാണ് സിമിയിലെ അംഗങ്ങളായിരിക്കാന്‍ യോഗ്യതപെട്ടവര്‍. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരു നിശ്ചിത കാലയളവ് വരെ പരിശീലിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സിമി കയറ്റി വിടുന്നു എന്നാണ് അവരുടെ അവകാശവാദം. മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ള പ്രമുഖര്‍ ഒരുകാലത്ത് സിമിയായിരുന്നു. എന്നാല്‍ ആ നിലപാട് അദ്ദേഹം വളരെമുന്നേ തിരുത്തിയിട്ടുണ്ട്. ഐ.എന്‍.എല്‍ നേതാവ് എ. പി. അബ്ദുല്‍ വഹാബ്, ജമാ അത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരകുന്ന്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവും ഇപ്പോള്‍ റിമാന്‍ഡ് തടവുകാരനുമായ പ്രൊഫ. പി കോയ, മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ എന്നിവര്‍ എല്ലാം സിമി ബന്ധം ഉള്ളവരാണെന്ന് ആരോപണമുണ്ട്. പക്ഷേ തീവ്രവാദബന്ധമാകയാല്‍ പലരും ഇന്ന് സിമിയെ കൈയൊഴിയുകയാണ്.
ഭീകര ബന്ധം ശ്രദ്ധയില്‍പ്പെട്ടതോടെ 2001ല്‍ സര്‍ക്കാര്‍ സിമിയെ നിരോധിച്ചു.അന്തര്‍ദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖായ്ദയുടെ ഇടപെടല്‍ ഈ സംഘടനയിലുണ്ടെന്നതും നിരോധിക്കപ്പെടുന്നതിന് കാരണമായി. 2008 ജൂലൈ 25ന് നടന്ന ബംഗലുരു സ്‌ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹ്‌മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നും മറ്റ് പല സംഘടനകളിലും ചേക്കേറി സിമി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.