തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാ ചര്‍ച്ചയും കോണ്‍ഗ്രസ് എംഎല്‍എയുടെ പീഡന കേസിലേക്ക് തിരിഞ്ഞതോടെ അപകടം തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്; രണ്ടാമത്തെ പരാതി കൂടി എത്തിയതോടെ, കാത്തിരുന്നത് കോടതി വിധിക്കായി; കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് തുറന്നടിച്ച് സണ്ണി ജോസഫ്; രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത് ഇങ്ങനെ
രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത് ഇങ്ങനെ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ, യുവ നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തില്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എടുത്ത തീരുമാനം ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ നടപടി വന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയ വിവരം കെപിസിസി അധ്യക്ഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.
'ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ രാഹുലിനെ പുറത്താക്കി. കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് ഏറ്റവും ഉചിതം,' സണ്ണി ജോസഫ് തുറന്നടിച്ചു.
നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന രാഹുലിനെതിരെ, യുവതിയെ പീഡിപ്പിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനും പോലീസ് കേസെടുത്തതോടെ പാര്‍ട്ടിയില്‍ വലിയ സമ്മര്‍ദ്ദം ഉടലെടുത്തിരുന്നു.
മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം
കെ. മുരളീധരന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുവ നേതാവിന്റെ ഈ കേസ് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കി. ഇതോടെ, എത്രയും പെട്ടെന്ന് രാഹുലിനെ കൈയ്യൊഴിയണമെന്ന തീരുമാനത്തിലേക്ക് കെപിസിസി എത്തുകയായിരുന്നു.
ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. തുടര്‍ന്ന് പരാതി ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറി. ഒടുവില്‍, കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കാനുള്ള അവസാനത്തെ വാതില്‍ കോണ്‍ഗ്രസിനു മുന്നില്‍ തുറന്നു കിട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ രാഹുല്‍ വിവാദം കോണ്‍ ഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമല്ല. എല്‍ഡിഎഫിനെതിരെ സ്വര്‍ണ്ണക്കൊള്ള വിവാദം ആയുധമാക്കുന്ന ശ്രമിക്കുന്ന ഘട്ടത്തിലാന്‍ണ് കൈയില്‍ വെച്ചുകൊടുത്ത വടി പോലെ രാഹുല്‍ വിഷയം സിപിഎമ്മിന് മുന്‍പില്‍ വീണ് കിട്ടുന്നത്.വിഷയം സിപിഎം ആയുധമാക്കിയതോടെ കോണ്‍ ഗ്രസ് പ്രതിരോധത്തിലുമായി. അന്വേഷണം നടക്കട്ടെ എല്ലാം നിയമത്തിന്റെ വഴിയെ പോകട്ടെയെന്നായിരുന്നു നേതാക്കളുടെ നിലപാട്. എന്നാല്‍ വനിതാ നേതാക്കള്‍ ഉള്‍പ്പടെ പരസ്യമായി തന്നെ രം ഗത്തെത്തിയതോടെ കോണ്‍ ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. ഏറ്റവുമൊടുവില്‍ കോടതിയില്‍ നിന്നു തിരിച്ചടി നേരിട്ടതോടെ മുഖം രക്ഷിക്കാന്‍ നടപടിയെടുത്തേ മതിയാകു എന്ന ഘട്ടം വന്നപ്പോഴാണ് രാഹുലിനെ ഇപ്പോള്‍ കോണ്‍ ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് ശക്തമായ നടപടിയെടുത്തിരിക്കുന്നത്.
ജില്ലാ സെഷന്‍സ് കോടതി ജാമ്യം തള്ളി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയത് പ്രതിഭാഗത്തിന് കനത്ത തിരിച്ചടിയായി. അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ നിര്‍ണ്ണായകമായി.
രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം കോടതി തള്ളിക്കളഞ്ഞതോടെ പോലീസ് നടപടിക്ക് ഇനി തടസ്സമില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
