മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പോലീസ് നടപടി ഉണ്ടായതെന്ന് സ്വാമി സച്ചിദാനന്ദ; സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്; പൊലീസ് നടപടി അനിവാര്യമായിരുന്നുവെന്നും ശിവഗിരി മഠാധിപതി; എ.കെ ആന്റണി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്ന് സ്വാമി ശുഭാംഗാനന്ദ; ആന്റണിയുടെ പ്രസ്താവനയില്‍ മഠം ഭരണ സമിതി രണ്ട് തട്ടില്‍

ആന്റണിയുടെ പ്രസ്താവനയില്‍ മഠം ഭരണ സമിതി രണ്ട് തട്ടില്‍

Update: 2025-09-18 11:21 GMT

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ കാലത്തെ ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിലവിലുള്ള ശിവഗിരി മഠം ഭരണസമിതി രണ്ട് തട്ടില്‍. ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തിയപ്പോള്‍ മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എതിര്‍പ്പ് അറിയിച്ചു. ആന്റണി ഖേദം പ്രകടിപ്പിച്ചാലും ശിവഗിരിക്കോ ഗുരുദേവ വിശ്വാസികള്‍ക്കോ ഏറ്റ മുറിവ് ഉണങ്ങുന്നതല്ലെന്ന് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പ്രതികരിച്ചു.

ആന്റണി സര്‍ക്കാര്‍ ശിവഗിരി സഹായിക്കുകയാണ് ചെയ്തതെന്ന സ്വാമി സച്ചിദാനന്ദ പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടിയുണ്ടായത്. അത് അനിവാര്യമായിരുന്നു. ജയിച്ചുവന്നവര്‍ ഭരണമേറ്റെടുക്കാന്‍ എത്തിയിട്ടും നടന്നില്ല. അനുരജ്ഞന ചര്‍ച്ചകള്‍ നടത്തിയിട്ടും വിജയിച്ചില്ല. പല ദുഷ്പ്രചരണങ്ങള്‍ അന്ന് ഉണ്ടായിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ത്തു. ശിവഗിരിക്ക് ദോഷം വരുമെന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പൊലീസ് നടപടിയും ഉണ്ടായത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ് നടപടിയും ഉണ്ടായതെന്നും അന്ന് പ്രകാശാനന്ദ പക്ഷത്ത് ഉണ്ടായിരുന്ന സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ചില രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. ശിവഗിരിക്ക് ദോഷം വരും എന്ന് കള്ള പ്രചരണം നടത്തി. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ് നടപടിയുണ്ടായത്. സഭയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാന്‍ ഇല്ലെന്നും ശിവഗിരിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മഠാധിപതി ആവശ്യപ്പെട്ടു. പൊലീസ് നടപടിയില്‍ ഗുരുദേവ പ്രതിമ തകര്‍ന്നെ വാദം തെറ്റാണെന്നും ഫോട്ടോ എടുക്കാനായി ആരോ ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണതെന്നും അദ്ദേഹം പറഞ്ഞു.

മഠാധിപതിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചത്. എ.കെ ആന്റണി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ശ്രീനാരായണീയര്‍ക്ക് ഏറ്റ മനോവിഷമം എന്തു ചെയ്താലും മാറ്റാനാകില്ലെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

അന്ന് നടന്നത് നരനായാട്ടാണ്. ഇപ്പോഴത്തെ ഖേദപ്രകടനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും അതിനു പല വഴികള്‍ വേറെയുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും ശിവഗിരിക്ക് ഏറ്റ മുറിവുണക്കാന്‍ കഴിയില്ലെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.

ശിവഗിരിയില്‍ പൊലീസിനെ അയച്ചതിനു പിന്നാലെ നടന്ന സംഭവങ്ങളില്‍ പലതും നിര്‍ഭാഗ്യകരമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ എ.കെ. ആന്റണി പറഞ്ഞത്. ശിവഗിരിയില്‍ അധികാരം കൈമാറാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കും എന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിനെ അയച്ചത്. ശിവഗിരിയില്‍ ഉണ്ടായത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നമല്ല. ഇതിനെയാണ് ഞാന്‍ എന്തോ അതിക്രമം കാണിച്ചു എന്ന് 21 വര്‍ഷമായി പാടിക്കൊണ്ടിരിക്കുന്നതെന്നും ആന്റണി പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് എ.കെ. ആന്റണി വിശദീകരിച്ചത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചതോടെയാണ് ആന്റണി പ്രതികരിച്ചത്.

1995ലെ ശിവഗിരി തെരഞ്ഞെടുപ്പില്‍ ജയിച്ച സ്വാമി പ്രകാശാനന്ദക്ക്, മതേതര ആത്മീയ കേന്ദ്രത്തെ കാവിവത്കരിക്കുമെന്ന് പറഞ്ഞ് അധികാരം കൈമാറാന്‍ മറുവിഭാഗം തയാറായില്ല. ഇതോടെ പൊലീസിനെ ഉപയോഗിച്ച് അധികാര കൈമാറ്റമുണ്ടാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈകോടതി ഉത്തരവിട്ടു. തുടര്‍ചര്‍ച്ചയിലും പ്രശ്‌നപരിഹാരമില്ലാതായതോടെയാണ് പൊലീസിനെ അയച്ചത്. 2004ല്‍ കേരള രാഷ്ട്രീയം വിട്ട് താന്‍ ഡല്‍ഹിയിലേക്ക് പോയതോടെ ഇക്കാര്യങ്ങളില്‍ സത്യം പറയാന്‍ ആളില്ലാതായി. മരിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അപ്രിയ സത്യങ്ങളടക്കം തുറന്നു പറയുമെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News