പേര് സ്മാര്‍ട്ട്, പണി 'അണ്‍സ്മാര്‍ട്ട്'! ഉദ്യോഗസ്ഥര്‍ കാട്ടിയ ചതിക്ക് പട്ടിണിയിലായത് വ്യാപാരി; കെ.ആര്‍.എഫ്.ബിയുടെ അശാസ്ത്രീയ പണിയില്‍ ജീവിതം വഴിമുട്ടി സിജീസ് പിസ സ്ട്രീറ്റ് ഉടമ; മലിനജലം കെട്ടിനില്‍ക്കുന്നത് റോഡിലെ ബ്ലോക്ക് മൂലം; സ്വന്തം തെറ്റ് മറയ്ക്കാന്‍ നഗരസഭയുടെ അടച്ചുപൂട്ടല്‍ നോട്ടീസ്; തലസ്ഥാനത്തെ ഒരു സംരംഭകന്റെ ഗതികേട് ഇങ്ങനെ

തലസ്ഥാനത്തെ ഒരു സംരംഭകന്റെ ഗതികേട് ഇങ്ങനെ

Update: 2026-01-14 14:00 GMT

എം.എസ്.സനില്‍ കുമാര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ലോകനിലവാരത്തിലാക്കാന്‍ കോടികള്‍ ഒഴുക്കി നടപ്പിലാക്കിയ 'സ്മാര്‍ട്ട് സിറ്റി' പദ്ധതി ഒരു പാവം സംരംഭകന്റെ ജീവിതം വഴിയാധാരമാക്കുന്നു. തൈക്കാട് പോസ്റ്റ് ഓഫീസിന് സമീപം 'സിജീസ് പിസ സ്ട്രീറ്റ്' നടത്തുന്ന സെയ്ദ് സലീം എന്ന വ്യാപാരിയാണ് അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഇരയായി മാറിയിരിക്കുന്നത്. സ്മാര്‍ട്ട് റോഡിലെ ഡ്രെയിനേജ് തകരാര്‍ മൂലം സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലാണ് ഈ സംരംഭകന്‍.

സ്മാര്‍ട്ട് റോഡ് ഒളിപ്പിച്ച 'കെണി'

കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്മാര്‍ട്ട് റോഡിലെ ഡ്രെയിനേജ് സംവിധാനം താറുമാറായി. സലീമിന്റെ സ്ഥാപനത്തില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് പോകാതെ കെട്ടിക്കിടക്കാന്‍ തുടങ്ങി. സ്വന്തം ചെലവില്‍ പ്ലംബര്‍മാരെ വിളിച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ബ്ലോക്ക് ഇരിക്കുന്നത് സലീമിന്റെ പൈപ്പിലല്ല, മറിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് (KRFB) നിര്‍മ്മിച്ച പ്രധാന ഡ്രെയിനേജ് പൈപ്പിലാണ്.




പരാതികള്‍ ചവറ്റുകുട്ടയില്‍; ഒടുവില്‍ പൂട്ടാന്‍ നോട്ടീസ്!

തകരാര്‍ കണ്ടെത്തിയ ഉടന്‍ തന്നെ സലീം ഊരാളുങ്കല്‍ സൊസൈറ്റിക്കും കെആര്‍എഫ്ബിക്കും പരാതി നല്‍കി. റോഡ് നിര്‍മ്മാണത്തിലെ പിഴവായതിനാല്‍ ഇത് പരിഹരിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥന്‍ പോലും തിരിഞ്ഞുനോക്കിയില്ല. ഇതിനിടെയാണ് 'എരിതീയില്‍ എണ്ണയൊഴിക്കുന്ന' നടപടിയുമായി നഗരസഭ എത്തിയത്. ഡ്രെയിനേജിലെ തകരാര്‍ പരിഹരിക്കാന്‍ ഇടപെടുന്നതിന് പകരം, മലിനജലം പുറത്തേക്ക് ഒഴുകുന്നു എന്നാരോപിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നോട്ടീസ് നല്‍കി.



വീഴ്ച്ച ഉദ്യോഗസ്ഥരുടേത്; ശിക്ഷ വ്യാപാരിക്ക്!

റോഡ് കുത്തിപ്പൊളിക്കാതെ തന്നെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്ന 'സ്മാര്‍ട്ട്' സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചതെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു ചെറിയ ബ്ലോക്ക് മാറ്റാന്‍ പോലും കഴിയാത്ത രീതിയിലുള്ള അശാസ്ത്രീയ നിര്‍മ്മാണമാണ് ഇവിടെ നടന്നതെന്ന് വ്യക്തമാകുന്നു.




'ഉദ്യോഗസ്ഥരുടെ പിഴവിന് ഞാന്‍ എന്തിനാണ് പിഴയൊടുക്കുന്നത്? എന്റെ സ്ഥാപനം പൂട്ടിച്ചാല്‍ ഞാന്‍ എങ്ങോട്ട് പോകും?' - സെയ്ദ് സലീം ചോദിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും സ്മാര്‍ട്ട് റോഡ് പദ്ധതികള്‍ എത്രത്തോളം പൊള്ളയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തൈക്കാട് പോസ്റ്റ് ഓഫീസിന് സമീപമുള്ള ഈ കാഴ്ച. ഒരു സംരംഭകനെ സഹായിക്കുന്നതിന് പകരം വട്ടം കറക്കി പെരുവഴിയിലാക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികള്‍.

Tags:    

Similar News