നിയമ വിദ്യാര്‍ത്ഥിയായിരുന്ന ഏക മകന്‍ ഹൃദയാഘാതം മൂലം മരിച്ചത് ഒരു വര്‍ഷം മുമ്പ്; അച്ഛനും അമ്മയ്ക്കും ആ വേദന താങ്ങാനായില്ല; നെയ്യാറില്‍ മകന്റെ സ്‌കൂള്‍ ബെല്‍റ്റുമായി കൈകള്‍ പരസ്പരം കെട്ടി ചാടി മരിച്ചത് മുട്ടടയിലെ ദമ്പതികള്‍; സ്‌നേഹ ദേവും ശ്രീകലയും ഇനി നൊമ്പരപ്പിക്കുന്ന ഓര്‍മ്മ

Update: 2025-01-23 10:39 GMT

തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ നീക്കി പോലീസ്. ഏക മകന്റെ മരണത്തില്‍ മനംനൊന്താണ് നെയ്യാറില്‍ ചാടി ദമ്പതികള്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക സൂചന. തിരുവനന്തപുരം മുട്ടട സ്വദേശി സ്നേഹ ദേവ്, ഭാര്യ ശ്രീകല എന്നിവരാണ് മരിച്ചത്. മകന്റെ സ്‌കൂള്‍ ബെല്‍റ്റ് അരയില്‍ കെട്ടിയ നിലയിലായിരുന്നു സ്‌നേഹദേവിന്റെ മൃതദേഹം. മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല. ഇതിന് ശേഷം ജീവിതം ദുരിത പൂര്‍ണ്ണമാണ്. ഇനിയും ജീവിക്കാന്‍ കഴിയുന്നില്ല. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

ഇവര്‍ പുഴയില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്. ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നല്‍കിയ വേദനയില്‍ നിന്നും കരകയറാനാകാതെ ജീവിക്കുകയായിരുന്നു ദമ്പതികള്‍.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെയ്യാറില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്ത് നിന്ന് സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. കൈകള്‍ പരസ്പരം കെട്ടിയിട്ടുണ്ട്. കരയില്‍ നിന്ന് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും ജ്യൂസ് ബോട്ടിലുകളും കണ്ടെത്തി. അരുവിപ്പുറം ക്ഷേത്രത്തിന് സമീപമുള്ള നെയ്യാറിലായിരുന്നു സംഭവം.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച്, രാവിലെ എട്ടരയോടെ കാറിലാണ് ദമ്പതികള്‍ എത്തിയത്. തുടര്‍ന്ന് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇവരുടെ ഏകമകന്‍ ശ്രീദേവ് നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശ്രീദേവ് മരിച്ചത്. ഒരു വര്‍ഷം തികയാനിരിക്കെയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീദേവ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. മകന്റെ മരണം മൂലമുള്ള ആഘാതമാകാം ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നത്.

Similar News