കുറിച്ചിയിലെ 'ഹോം നേഴ്‌സിനെ' കുടുക്കിയത് മാധ്യമങ്ങളില്‍ വന്ന ഫോട്ടോ; വീട് വളഞ്ഞ് പോലീസ് പിടികൂടിയപ്പോള്‍ എലിവിഷം കഴിച്ചെന്ന വെളിപ്പെടുത്തല്‍; മെഡിക്കല്‍ കോളേജിലെത്തിച്ച് വയറു കഴുകി വിഷത്തെ പുറത്താക്കി; ജോണ്‍സണ്‍ ഔസേപ്പ് ചിങ്ങവനം പോലീസിന്റെ കസ്റ്റഡിയില്‍; കഠിനംകുളത്തെ വില്ലന് ആരോഗ്യ പ്രശ്‌നമൊന്നുമില്ല
കോട്ടയം: ആതിര കൊലക്കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉടന്‍ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കുറിച്ചിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് പിടിച്ചപ്പോള്‍ താന്‍ വിഷം കഴിച്ചുവെന്ന് പ്രതി പോലീസിനെ അറിയിച്ചു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കി. വയര്‍ കഴുകി വിഷാംശമെല്ലാം കളഞ്ഞു. ഇതോടെ പ്രതി പൂര്‍ണ്ണ ആരോഗ്യത്തിലാണെന്ന് ഉറപ്പിക്കുകയായിരുന്നു പോലീസ്. അതിന് ശേഷം ജോണ്‍സണിനെ ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നവും പ്രതിക്കില്ല. കുറിച്ചിയിലെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോട്ടോ മാധ്യമങ്ങളില്‍ എത്തിയതാണ് പ്രതിയെ തിരിച്ചറിയാന്‍ കാരണം. ഇവിടെ ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജോണ്‍സണ്‍.
കൊല്ലപ്പെട്ട ആതിരയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. അടുപ്പത്തിലായിരുന്ന ആതിരയോട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് തന്റെ കൂടെ വരാന്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ജോണ്‍സണ്‍ കൊലപാതകം നടത്തിയത്. ജനുവരി 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍സണിലേക്ക് അന്വേഷണം നീണ്ടത്. സംഭവ ദിവസം രാവിലെ 9 മണിയോടെ ജോണ്‍സണ്‍ കഠിനംകുളത്തെ ആതിരയുടെ വീട്ടില്‍ എത്തിയിരുന്നു. മയക്കി കിടത്തിയ ശേഷം ആതിരയുടെ കഴുത്തറുത്തു എന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് സംസ്ഥാന വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുറിച്ചിയില്‍ നിന്നും അറസ്റ്റു ചെയ്തത്.
ചിങ്ങവനത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു പ്രതി. പോലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ച ശേഷം ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആതിരാ കേസ് അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് പ്രതി സുഹൃത്തായ ജോണ്‍സണാണെന്ന സംശയമുയര്‍ന്നത്. ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് പോലീസ് അന്വേഷണം. ജോണ്‍സണ്‍ കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. 5 വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. വിവിധ ജോലികള്‍ ചെയ്യുമായിരുന്നു. അങ്ങനെയാണ് ഹോം നേഴ്‌സായതും. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നായിരുന്നു കരുതിയിരുന്നത്.
ഏഴ് മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജോണ്‍സണും ആതിരയും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും പലയിടത്തും ഒന്നിച്ചുപോയതായും വിവരമുണ്ട്. തുടര്‍ന്ന് ആതിരയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു ലക്ഷം രൂപ നല്‍കി. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപ നല്‍കി. തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. സംഭവദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ചായയില്‍ മയങ്ങാനുള്ള എന്തോ വസ്തു കലക്കിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. ഇതിനുശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു.