കുറിച്ചിയിലെ ഭാര്യയും മകനും മരിച്ച വയോധികന്‍; ഹോം നേഴ്‌സായി ദളവാപുരം സ്വദേശിയെ നിയോഗിച്ചത് മകള്‍; പരിചരണത്തിന് എത്തിയത് ഡിസംബര്‍ ഏഴിന്; ചാനലുകളില്‍ മിന്നിമറഞ്ഞ ഫോട്ടോ കണ്ട് ഞെട്ടിയത് ആ മകള്‍; മെമ്പര്‍ അറിയിച്ചതോടെ പാഞ്ഞെത്തി ചിങ്ങവനം പോലീസ്; കഠിനംകുളത്തെ സൈക്കോ കില്ലര്‍ കുടുങ്ങിയ കഥ
കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണ്‍ ഔസേപ്പ് കുറിച്ചിയില്‍ ഹോം നേഴ്‌സായി എത്തിയത് ഡിസംബര്‍ ഏഴിന്. അന്ന് മുതല്‍ ഇവിടെ ഒരു വീട്ടിലെ വയോധികന്റെ പരിചരണത്തിലായിരുന്നു ജോണ്‍സണ്‍. ഭാര്യയും മകനും മരിച്ച ഈ വ്യക്തിയുടെ മകളാണ് ജോണ്‍സണിനെ അച്ഛന്റെ പരിചരണത്തിന് നിയോഗിച്ചത്. ഈ വീട്ടില്‍ നിന്നാണ് ജോണ്‍സണ്‍ കഠിനംകുളത്ത് എത്തിയതും ആതിരയെ കൊന്നു തള്ളിയതും. വീട്ടിലെത്തി ആതിരയില്‍ നിന്നും ചായ വാങ്ങി കുടിച്ച ജോണ്‍സണ്‍ ക്ലോറഫോം ഉപയോഗിച്ച് ആതിരയെ മയക്കിയെന്നാണ് നിഗമനം. ഹോം നേഴ്‌സ് എന്ന തരത്തിലെ ജോലി സാധ്യത ഉപയോഗിച്ചാണ് ക്ലോറഫോം അടക്കം ഇയാള്‍ കൈക്കലാക്കിയത്. കൊല നടത്തിയ ശേഷവും കുറിച്ചിയില്‍ എത്തി. ഇന്നാണ് പ്രതിയെ പോലീസ് സ്ഥിരീകരിച്ചത്. ഇതോടെ മാധ്യമങ്ങളില്‍ ഫോട്ടെ എത്തി. കുറിച്ചിയിലെ വയോധികന്റെ മകള്‍ ജോണ്‍സണെ തിരിച്ചറിഞ്ഞു. ഉടന്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചു. മെമ്പറാണ് ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചത്. അങ്ങനെ പോലീസ് എത്തി. വീട് വളഞ്ഞ് ചിങ്ങവനം പോലീസ് പ്രതിയെ പിടിച്ചു. ഇതോടെ താന്‍ വിഷം കഴിച്ചുവെന്ന് ജോണ്‍സണ്‍ പറയുകയായിരുന്നു. ഉടന്‍ അടിയന്തര ചികില്‍സയും നല്‍കി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും മുമ്പ് തന്നെ ചികില്‍സ നല്‍കിയത് നിര്‍ണ്ണായകമായി. ഇതോടെ കഠിനംകുളത്തെ കൊലയിലെ ചുരുള്‍ എല്ലാം അഴിയുമെന്നും ഉറപ്പായി.
ആതിരയുമായി ജോണ്‍സന് ഒരു വര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. ഭര്‍ത്താവും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമുള്ള ആതിരയെ ഒപ്പം വരാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിച്ചിരുന്നു. എതിര്‍ത്തപ്പോള്‍, ഭീഷണിപ്പെടുത്തി ആതിരയില്‍നിന്നു പണം വാങ്ങി. ആതിരയില്‍നിന്ന് ഇയാള്‍ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിനു 3 ദിവസം മുന്‍പ് 2500 രൂപ ആതിര നല്‍കിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്തു ജോണ്‍സണ്‍ വന്നിരുന്നു. പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി കോട്ടയത്ത് എത്തി. ചിറയിന്‍കീഴില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് പോയത്. അതിന് ശേഷം കോട്ടയത്ത് എത്തുകയായിരുന്നു. പോലീസിനെ തെറ്റിധരിപ്പിക്കാനായിരുന്നു ഇതെല്ലാം. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സുള്ള ആളാണ് പ്രതി ജോണ്‍സണ്‍.
ഇയാള്‍ വിവാഹ മോചിതനാണ്. എറണാകുളം ചെല്ലാനത്ത് നിന്നാണ് വിവാഹം ചെയ്തത്. വിവാഹ മോചനത്തിന് ശേഷം മുന്‍ഭാര്യ വിദേശത്താണ്. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനകേസും ഉണ്ട്. ഇയാള്‍ സൈക്കോയെ പോലെ പെരുമാറുന്നത് കൊണ്ടായിരുന്നു വിവാഹ മോചനമെന്നാണ് മുന്‍ഭാര്യവീട്ടുകാര്‍ പറയുന്നത്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ആതിരയെ ജനുവരി 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയം ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിലേക്ക് നീണ്ടു. ഏറെനാളായി ആതിരയും ജോണ്‍സനും അടുപ്പത്തിലാണ്. റീലുകള്‍ അയച്ചു തുടങ്ങിയ പരിചയം വളര്‍ന്നു വലുതായി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഒടുവില്‍ കൂടെ ചെല്ലണം എന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചു. സംഭവ ദിവസം രാവിലെ 9 മണിയോടെ ജോണ്‍സണ്‍ കഠിനംകുളത്തെ ആതിരയുടെ വീട്ടില്‍ എത്തി. മയക്കി കിടത്തിയ ശേഷം ആതിരയുടെ കഴുത്തറുത്തു എന്നാണ് പൊലീസിന്റെ നിഗമനം. പ്രതി കൊണ്ടുവന്ന കത്തി ഉപയോഗിച്ച് ആയിരുന്നു കൊലപാതകം. ശേഷം ആതിരയുടെ സ്‌കൂട്ടര്‍ എടുത്ത് ചിറയിന്‍കീഴ് റെയില്‍വേസ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
വെഞ്ഞാറമൂട് ആലിയാട് സ്വദേശിനിയും കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയുമായ ആതിര(30)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പതിന്നൊരയോടെ ക്ഷേത്രത്തില്‍നിന്നു വീട്ടിലെത്തിയ രാജീവ്, ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നുവെന്നാണ് പോലീസിനോടു പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി. ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണു പൊലീസിന്റെ നിഗമനം.
സംഭവദിവസം രാവിലെ ഒന്‍പത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോണ്‍സണ്‍ ബോധം കെടുത്തിയതിനുശേഷമാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. പ്രതി കത്തിയുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.