'കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു ആ മനുഷ്യന്'; 'തന്റെ തൊഴിലാളിക്കും കുടുംബത്തിനും വേണ്ടി എഴുപത് രാവും പകലും കണ്ണീരുമായി അലയാന്‍ മനസ്സുള്ള ഒറ്റ മുതലാളിയും ഉണ്ടാകില്ല': മനാഫിനെ ഹൃദയത്തോട് ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയ

മനാഫിനെ ഹൃദയത്തോട് ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയ

Update: 2024-09-25 14:34 GMT

ഷിരൂര്‍: 'പലരും ഇട്ടേച്ച് പോയി. എനിക്കങ്ങനെ തോന്നിയില്ല. ഞാനാദ്യമേ പറഞ്ഞിരുന്നു, വണ്ടിക്കുള്ളില്‍ അവനുണ്ടെന്ന്. അതിപ്പോള്‍ എന്തായാലും ശരിയായില്ലേ. ജീവനോടെ കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചത്. അതിനെനിക്ക് കഴിഞ്ഞില്ല. അന്ത്യകര്‍മ്മം ചെയ്യാനെങ്കിലും അവനെ കിട്ടണമെന്നുണ്ടായിരുന്നു. വീട്ടുകാരെ വിളിച്ചിട്ടില്ല. അതിനുള്ള ശക്തിയില്ല. ടിവിയിലൂടെ കാണുന്നുണ്ടാവും. അച്ഛനോടാണ് എനിക്ക് പറയാനുള്ളത്. മകനെ വീട്ടിലെത്തിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചു, കരഞ്ഞു കൊണ്ട് ലോറി ഉടമ മനാഫ് പറയുമ്പോള്‍ ആരും ഒന്നുലഞ്ഞു പോകും. സാധാരണ മുതലാളി-തൊഴിലാളി ബന്ധത്തിലെ ഔപചാരികത ലവലേശം ഇല്ലാതെ മനാഫ് 70 ദിവസം കാത്തിരുന്നു ഷിരൂരിലെ മണ്ണിടിച്ചില്‍ ലൊറിക്കൊപ്പം ഒലിച്ചുപോയ അര്‍ജ്ജുന് വേണ്ടി. ആ മനാഫിനെ സല്യൂട്ട് ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. സെലിബിറ്റികള്‍ അടക്കം നിരവധി പേരാണ് കുറിപ്പുകള്‍ പങ്കുവച്ചത്.

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം, മനാഫ്-നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.





പി ടി മുഹമ്മദ് സാദിക്കിന്റെ കുറിപ്പ് പങ്കുവച്ചാണ് അഭിഭാഷകനും, അഭിനേതാവുമായ സി ഷുക്കൂര്‍ തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

മതം നോക്കാതെ മനുഷ്യനെ സ്‌നേഹിക്കുന്ന മനഷ്യര്‍ എത്രയെങ്കിലുമുണ്ട്. അതു കൊണ്ട് ഈ ബന്ധത്തില്‍ മതസൗഹാര്‍ദം പൊക്കിപ്പിടിച്ച് മനുഷ്യത്വത്തെ പരിഹസിക്കരുത്.

ഇല്ലാത്തത് തൊഴിലാളിയെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മുതലാളിയാണ്. തൊഴിലാളിയോട് മുതലാളിക്കുള്ള കടപ്പാടാണ്.

തന്റെ തൊഴിലാളിക്കും അയാളുടെ കുടുംബത്തിനും വേണ്ടി എഴുപത് രാവും പകലും ഇതുപോലെ കണ്ണീരുമായി അലയാന്‍ മനസ്സുള്ള ഒറ്റ മുതലാളിയും ഉണ്ടാകില്ല.

ചെയ്ത ജോലിക്കു കൂലി കൊടുക്കാന്‍ പോലും തയാറാകാത്ത മാധ്യമ മുതലാളിമാര്‍ വരെ ഈ സ്‌നേഹത്തെ പാടിപ്പുകഴ്ത്തിയേക്കാം. അപ്പോഴും കൂലി കിട്ടാന്‍ തൊഴിലാളി കോടതി കയറേണ്ടി വരും.

P.T. Muhamed സാദിഖ്





മനാഫ്...മനുഷ്യനുണ്ട് എന്ന് നീയിന്ന് കണ്ണുനനയിച്ച് കൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു, ലീന്‍ ജസ്മസ് കുറിച്ചു.




കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു ആ മനുഷ്യന്: ഡോ.മനോജ് വെള്ളനാട് എഴുതി.




'അങ്ങനെ ഗംഗാവലി പുഴയില്‍ ഇടാന്‍ ഉദ്ദേശിച്ചിട്ടില്ല ഓനെ.. ഓനെയും കൊണ്ടേ തിരിച്ചു വരൂന്ന് അമ്മക്ക് കൊടുത്ത വാക്കാണ്. ഓനെയും കൊണ്ടേ ഞങ്ങള്‍ പോവൂ..' അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് ഇവിടെ അവസാനിക്കുമ്പോള്‍ ലോറി ഉടമ മനാഫിന്റെ വാക്കുകള്‍ ആണ്. മറ്റൊന്ന് കൂടി ഗദ്ഗദത്തോടെ ആ മനുഷ്യന്‍ പറഞ്ഞു വെക്കുന്നുണ്ട്.

'ഒരു കാര്യത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ ഒരാള്‍ ഇറങ്ങി തിരിച്ചാല്‍, ആരും ഒപ്പം നിന്നില്ലെങ്കില്‍ കൂടി ആ കാര്യം സാധിച്ചെടുക്കാന്‍ പറ്റും. അത്രയും ധൈര്യത്തില്‍ നിന്നാല്‍, ആത്മ വിശ്വാസത്തോടെനിന്നാല്‍ അത് സാധിക്കും. ഒരു സാധാരണക്കാരനായ മനുഷ്യന് സാധ്യമായതെല്ലാം അര്‍ജ്ജുന് വേണ്ടി ചെയ്തു. കേബിനുള്ളില്‍ തന്നെ ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ. ഇപ്പൊ എന്തായി, കിട്ടിയില്ലേ 'അര്‍ജുനായുള്ള തിരച്ചില്‍ നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പഴി കേട്ട, അധിക്ഷേപിക്കപ്പെട്ട മനുഷ്യനാണ്. മനാഫിനെ പോലുള്ള സ്‌നേഹമുള്ള മനുഷ്യര്‍ നമുക്ക് ചുറ്റിലും ഉണ്ട്

അര്‍ജുന്‍, നിങ്ങളെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരുടെയെല്ലാം 71 ദിവസത്തെ കാത്തിരിപ്പ് ഇങ്ങനെ സങ്കടകരമായ വാര്‍ത്തയില്‍ അവസാനിച്ചു പോയല്ലോ എന്നൊരു വേദനയുണ്ട്. പ്രണാമം

ഷാഹിറ എടക്കാട് കുറിച്ചു.




71 ദിവസത്തെ തെരച്ചിലിനൊടുവിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നത്. ക്യാബിനില്‍ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും ലോറിയുടമയും ഈ സമയം ദൗത്യസ്ഥലത്ത് ഉണ്ടായിരുന്നു. കണ്ണീരോടെയാണ് ഇരുവരും ഈ നിമിഷത്തിന് സാക്ഷിയായത്. അര്‍ജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് താന്‍ പാലിച്ചെന്ന് മനാഫ് പറഞ്ഞു.

'അര്‍ജുനെയും കൊണ്ടേ ഞാന്‍ പോകുള്ളൂ. അത് ഞാന്‍ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഒരാള്‍ ഒരു കാര്യത്തിന് വേണ്ടി ഉറച്ച് നിന്നാല്‍ അത് സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്. അര്‍ജുനെ ഗംഗാവലി പുഴയില്‍ ഉപേക്ഷിച്ച് പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. അതിനാലാണ് ഇത്രയും നാള്‍ കഷ്ടപ്പെട്ടത്. അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് ഞാന്‍ പാലിച്ചു. ഇനി അവനെ അവിടെ എത്തിക്കും',- മനാഫ് പറഞ്ഞു.

അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാന്‍ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു. ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായത്.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ തെരച്ചില്‍ പലപ്പോഴും അനിശ്ചിതത്വത്തില്‍ തുടര്‍ന്നപ്പോഴും, ഡ്രഡ്ജര്‍ എത്തിച്ചുളള തെരച്ചിലില്‍ അര്‍ജുനെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോള്‍ ഏറെ ദുഖപൂര്‍ണമാണെങ്കില്‍ പോലും ഫലം കണ്ടത്.

ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായകമായ ലോറി കണ്ടെത്തിയത്.

Tags:    

Similar News